തൂത്തുക്കുടി: വീഡിയോ ദൃശ്യങ്ങള്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശം

മധുര: തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് ചെമ്പുരുക്കുശാലയ്‌ക്കെതിരായ നാട്ടുകാരുടെ പ്രതിഷേധവുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങളും രേഖകളും റിപോര്‍ട്ടുകളും ഹാജരാക്കാന്‍ മദ്രാസ് ഹൈക്കോടതി തമിഴ്‌നാട് സര്‍ക്കാരിനു നിര്‍ദേശം നല്‍കി. പ്രക്ഷോഭത്തിന്റെ 100ാം ദിവസം നടന്ന പോലിസ് വെടിവയ്പില്‍ 12 പേര്‍ മരിച്ചിരുന്നു. തൊട്ടടുത്ത ദിവസം മറ്റൊരാളും മരിച്ചു. കടുത്ത മലിനീകരണം സൃഷ്ടിക്കുന്ന സ്റ്റെര്‍ലൈറ്റ് പ്ലാന്റ് അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രക്ഷോഭം.
പ്രക്ഷോഭം സംബന്ധിച്ച രഹസ്യാന്വേഷണ റിപോര്‍ട്ടുകളും ജസ്റ്റിസുമാരായ സി ടി സെല്‍വം, എ എം ബഷീര്‍ അഹമ്മദ് എന്നിവരുടെ ബെഞ്ച് ആവശപ്പെട്ടിട്ടുണ്ട്. ഈ മാസം 18ന് എല്ലാ രേഖകളും സമര്‍പ്പിക്കാനാണ് കോടതി ഉത്തരവിട്ടത്. പ്രക്ഷോഭത്തിനിടെ തൂത്തുക്കുടിയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ച ഉത്തരവിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് അഭിഭാഷകന്‍ എ ഡബ്ല്യു ഡി തിലക് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയില്‍ വാദംകേള്‍ക്കുകയായിരുന്നു കോടതി.

RELATED STORIES

Share it
Top