തൂത്തുക്കുടി ഒരു ദുരന്തത്തിന് കൂടി വേദിയാവും: വേദാന്ത

തൂത്തുക്കുടി: തൂത്തുക്കുടിയില്‍ സര്‍ക്കാര്‍ മുദ്ര വച്ച കോപ്പര്‍ സ്‌റ്റെര്‍ലൈറ്റ് കമ്പനിയില്‍ കുറഞ്ഞത് എട്ട് ടാങ്ക് സള്‍ഫ്യൂരിക് ആസിഡ് എങ്കിലും കെട്ടിക്കിടക്കുന്നതായും ഇതു വലിയ ദുരന്തത്തിന് വഴിവയ്ക്കുമെന്നുമുള്ള മുന്നറിയിപ്പുമായി കമ്പനി ഉടമ വേദാന്ത രംഗത്ത്. കഴിഞ്ഞ ശനിയാഴ്ച തൂത്തുക്കുടി ജില്ലാ കലക്ടര്‍ സന്ദീപ് നന്ദുരി പ്ലാന്റ് സന്ദര്‍ശിച്ചപ്പോള്‍ കണ്ടെത്തിയ സള്‍ഫ്യൂരിക് ആസിഡിന്റെ ചോര്‍ച്ച ആസൂത്രിതമാവാമെന്നും പ്ലാന്റിന് നല്‍കി വരുന്ന സുരക്ഷ കുറവാണെന്നും കമ്പനി ആരോപിക്കുന്നു.
അതേസമയം തന്നെ വൈദ്യുതി പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് വേദാന്ത മദ്രാസ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്. എത്രയും പെട്ടന്ന് വൈദ്യുതി പുനസ്ഥാപിച്ചാല്‍ മാത്രമെ അഗ്‌നിബാധയ്ക്കു സാധ്യതയുള്ള മറ്റ് അസംസ്‌കൃത വസ്തുക്കളും ഇവിടെ നിന്നു മാറ്റാന്‍ സാധിക്കുകയുള്ളൂ എന്നാണ് കമ്പനി പറയുന്നത്. പ്ലാന്റിലെ ആസിഡ് ടാങ്കുകളുടെ തുടര്‍ച്ചയായ നരീക്ഷണം അത്യാവശ്യമാണെന്നും ഇതു വെള്ളവുമായി ഏതെങ്കിലും തരത്തില്‍ കലരാന്‍ ഇടയായാല്‍ മാരകമായ രാസപ്രവര്‍ത്തനങ്ങള്‍ക്കും പൊട്ടിത്തെറിക്കും വഴിവയ്ക്കുമെന്നും സ്റ്റെര്‍ലൈറ്റ് ജനറല്‍ മാനേജര്‍  സത്യപ്രിയ നല്‍കിയ ഹരജിയില്‍ വ്യക്തമാക്കുന്നുണ്ട്.
തികച്ചും അശാസ്ത്രീയമായ സര്‍ക്കാര്‍ ഇടപെടല്‍ വേദാന്തയ്ക്കു വീണ്ടും തുറന്നു പ്രവര്‍ത്തിക്കാനുള്ള വഴിയൊരുക്കുമെന്നു സാമൂഹിക പ്രവര്‍ത്തകര്‍ നേരത്തെ ആരോപിച്ചിരുന്നു. നിലവിലെ സാഹചര്യങ്ങള്‍ വിരല്‍ചൂണ്ടുന്നതും അതിലേക്കു തന്നെയാണ്. അടിയന്തര അടച്ചുപൂട്ടല്‍ തൊഴിലാളികള്‍ക്കും പരിസ്ഥിതിക്കും ഭീഷണി സൃഷ്ടിക്കുന്നുവെന്നും അപകട സാധ്യതയുള്ള രാസവസ്തുക്കള്‍ ഉള്‍പ്പെടെയുള്ള അസംസ്‌കൃത വസ്തുക്കള്‍ പ്ലാന്റ് കോംപ്ലക്‌സില്‍ സൂക്ഷിച്ചിട്ടുണ്ടെന്നുമാണ് ഇപ്പോള്‍ വേദാന്ത അവകാശപ്പെടുന്നത്.

RELATED STORIES

Share it
Top