തുറവൂര്‍-പമ്പ പാതനിര്‍മാണം പ്രതിസന്ധിയില്‍

പൂച്ചാക്കല്‍: പൊതുമരാമത്ത് മന്ത്രി ഇടപെട്ടിട്ടും തുറവൂര്‍പമ്പ പാത നിര്‍മാണം പ്രതിസന്ധിയില്‍. ഈ പാതയിലെ രണ്ടാം ഘട്ട പാലമായ മാക്കേകടവ് നേരെകടവ് പാലത്തിനായുള്ള സ്ഥലമെടുപ്പ് നടപടികളില്‍ ഉണ്ടായ അവ്യക്തതയാണ് നിര്‍മാണ പ്രതിസന്ധിക്കു കാരണം. ഇതുമൂലം  കോടിക്കണക്കിന് രൂപയുടെ നിര്‍മാണ ഉപകരങ്ങള്‍ ഉപയോഗിക്കാനാവാതെ തുരുമ്പെടുത്ത് നശിക്കുകയാണ്.
നിര്‍മാണ സ്ഥലത്ത് കരാറുകാര്‍ വാടകയ്ക്ക് എടുത്ത സ്ഥലത്താണ് ഉപകരണങ്ങള്‍ കിടക്കുന്നത്. പാലത്തിന്റെ തൂണുകളുടെ നിര്‍മാണം പൂര്‍ത്തിയായിട്ട് നാളുകളായി. തൂണുകള്‍ തമ്മില്‍ ബന്ധിപ്പിച്ചുള്ള സ്പാനുകളാണ് ഇനി നിര്‍മിക്കേണ്ടത്. എന്നാല്‍ സ്പാനുകള്‍ നിര്‍മിക്കാനുള്ള സ്ഥലം അനുവദിച്ച് കിട്ടാത്തതാണ് നിര്‍മാണം വൈകിപ്പിക്കുന്നത്. അപ്രോച്ച് റോഡിനുള്ള സ്ഥലം ഏറ്റെടുത്തു കഴിഞ്ഞാല്‍ ആ സ്ഥലത്ത് സ്പാനുകളുടെ നിര്‍മാണ പ്രവൃത്തി നടത്താനാകും.
സ്ഥലമേറ്റെടുപ്പ് വൈകുന്നതാണ് നിര്‍മാണത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. 80 കോടിയാണ് പാലം നിര്‍മാണത്തിനായി അനുവദിച്ചിട്ടുള്ളത്. സ്ഥലം അനുവദിച്ചു കിട്ടിയാല്‍ 14 മാസം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാനാകും എന്നാണ് കരാറുകാര്‍ പറയുന്നത്. അപ്രോച്ച് റോഡിന് സ്ഥലം വിട്ടു നല്‍കുന്ന ഉടമകളുമായി വിലയുടെ കാര്യത്തില്‍ ധാരണയാകാത്തതാണ് നിലവിലെ പ്രശ്‌നം. പൊന്നുംവിലക്കെടുക്കല്‍ നടപടിയുടെ ഭാഗമായി നിര്‍മാണത്തിന്റെ തുടക്കത്തില്‍ സെന്റിന് 5,17,000 രൂപ പ്രകാരം ചിലരുമായി വില ധാരണയായതാണ്. ഇതില്‍ ചില വ്യക്തികള്‍ കൂടിയ വില നല്‍കണമെന്ന ആവശ്യം ഉന്നയിച്ച് കോടതിയെ സമീപിച്ചു.
ഹൈക്കോടതി നിര്‍ദേശ പ്രകാരം  ജില്ലാ കലക്ടര്‍ പലതവണ സ്ഥലം സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ പരാതിക്കാര്‍ സ്ഥലത്തു നിന്നും മാറി നില്‍ക്കുകയായിരുന്നു. കളക്ടറേറ്റിലേക്ക് പല തവണ ചര്‍ച്ചക്ക് ക്ഷണിച്ചെങ്കിലും ഇവര്‍ ക്ഷണം തിരസ്‌കരിക്കുകയായിരുന്നു. പിന്നീട് ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ നടന്ന നടപടിയുടെ ഭാഗമായി 5,17,000 രൂപ നിജപ്പെടുത്തിയെങ്കിലും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ജില്ലാ കലക്ടര്‍ ഈ തുക സമ്മതിച്ച് ഒപ്പുവെക്കണമായിരുന്നു. ഇതുമായി ബന്ധപ്പെട്ട ഫയല്‍ മേശപ്പുറത്ത് ഇരിക്കേയാണ് അന്നത്തെ കലക്ടര്‍ ടി വി അനുപമക്ക് സ്ഥാനചലനം ഉണ്ടാകുന്നത്.
ട്രാന്‍സ്ഫര്‍ പ്രകാരം തൃശൂരേക്ക് പോകുന്നതിന്റെ തലേ ദിവസം കളക്ടര്‍ ഈ ഫയലില്‍ എഴുതിയ റിപ്പോര്‍ട്ടാണ് നിലവില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നത്. ധാരണയായ 5,17,000 രൂപ ഭൂമി വില കൂടിയ വിലയാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഇത് അംഗീകരിക്കാത്തതിനാല്‍ ഒപ്പുവെക്കാതെ ഫയല്‍ മടക്കിയാണ് ഇവിടെ നിന്നും സ്ഥലം മാറിപ്പോയത്.  തുടര്‍ന്ന് വന്ന ജില്ലാ കലക്ടര്‍ ഈ ഫയല്‍ റീ ഓപ്പണ്‍ ചെയ്യാന്‍ തയാറാകുന്നില്ല. ഇനി കാര്യങ്ങള്‍ മുന്നോട്ട് നീങ്ങണമെങ്കില്‍ സര്‍ക്കാരിന്റെ പ്രത്യേക ഉത്തരവ് ഇറങ്ങേണ്ടി വരും.

RELATED STORIES

Share it
Top