തുറമുഖത്തിന്റെ നിര്‍മാണം അവസാനഘട്ടത്തില്‍കടലില്‍പ്പെട്ട കല്ലുകള്‍ നീക്കാന്‍ പെരുമാതുറ മുതലപ്പൊഴി ഹാര്‍ബറില്‍ കൂറ്റന്‍ ബാര്‍ജെത്തി

എം എം അന്‍സാര്‍

കഴക്കൂട്ടം: പെരുമാതുറ മുതലപ്പൊഴി ഹാര്‍ബറില്‍ കൂറ്റന്‍ ബാര്‍ജെത്തി. മല്‍സ്യബന്ധന തുറമുഖ നിര്‍മാണത്തിനിടെ കടലില്‍പ്പെട്ട കൂറ്റന്‍ കല്ലുകള്‍ നാളെ മുതല്‍ മാറ്റി തുടങ്ങും. 800 ടണ്‍ ഭാരമുള്ള ബാര്‍ജ് രണ്ടുദിവസം മുമ്പാണ് കൊച്ചിയില്‍ നിന്നും പെരുമാതുറയില്‍ കടല്‍ മാര്‍ഗമെത്തിയത്. ദിവസം ഒരു ലക്ഷം രൂപ വാടക കൊടുക്കേണ്ട ബാര്‍ജ് രണ്ടുമാസത്തിനകം തുറമുഖ കവാടത്തില്‍പ്പെട്ടിരിക്കുന്ന മുഴുവന്‍ കല്ലുകളും നീക്കം ചെയ്യുമെന്നാണ് പ്രതീക്ഷ. ഇതിനായുള്ള പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. തുറമുഖത്തിന്റെ ഏതൊക്കെ ഭാഗത്താണ് കല്ലുകള്‍ ഉള്ളതെന്ന് കണ്ടെത്താന്‍ പ്രദേശവാസികളായ നീന്തല്‍ വിദഗ്ധരെ കൊണ്ടുള്ള പരിശോധന കഴിഞ്ഞദിവസത്തോടെ അവസാനിച്ചു. തുറമുഖത്തിന്റെ നിര്‍മാണ പ്രവര്‍ത്തനം അവസാനഘട്ടത്തിലാണിപ്പോള്‍. 2016 മാര്‍ച്ച് അവസാനവാരത്തോടെ ഹാര്‍ബറിന്റെ ഉദ്ഘാടനം നടത്താനുള്ള തീവ്രശ്രമത്തിലാണ് ഹാര്‍ബര്‍ അതോറിറ്റി. 2000 മെയില്‍ അന്നത്തെ മുഖ്യമന്ത്രി ഇ കെ നായനാരാണ് ഹാര്‍ബര്‍ നിര്‍മാണത്തിന് തറക്കല്ലിട്ടത്. എന്നാല്‍ 2002ലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ചെന്നൈ ഐടിയുടെ പഠനത്തിന്റെ അടിസ്ഥാനത്തില്‍ തുടങ്ങിയ നിര്‍മാണം 2005ല്‍ അശാസ്ത്രീയമാണെന്ന് കണ്ടെത്തി നിര്‍ത്തിവച്ചു. തുടര്‍ന്ന് പ്രതിഷേധം ആളിക്കത്തിയതോടെ പൂനെ വാട്ടര്‍ റിസര്‍ച്ച് സ്റ്റേഷന്റെ രണ്ടുവര്‍ഷത്തെ പഠനത്തിന് ശേഷം 2013ല്‍ വീണ്ടും പുനര്‍നിര്‍മാണം ആരംഭിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തറക്കല്ലിട്ട പുനര്‍നിര്‍മാണത്തിന്റെ ചെലവിനായി കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതിയില്‍ നിന്നും 31 കോടിയാണ് വീണ്ടും അനുവദിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ പെരുമാതുറ ഭാഗത്തെ പുലിമുട്ടിന്റെ നീളം 660 മീറ്ററായും താഴംപള്ളി ഭാഗത്തെ പുലിമുട്ടിന്റെ നീളം 440 ഉം ആക്കി വര്‍ധിപ്പിക്കാനുമായിരുന്നു പുതിയ പഠനത്തില്‍ റിസര്‍ച്ച് സംഘം പറഞ്ഞിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പുലിമുട്ടിന്റെ നിര്‍മാണ പ്രവര്‍ത്തനം പുരോഗമിച്ചതും. എന്നാല്‍ കഴിഞ്ഞയാഴ്ച പൂനെ വാട്ടര്‍ റിസര്‍ച്ച് സ്റ്റേഷന്റെ പ്രത്യേക സംഘം പെരുമാതുറ മുതലപ്പൊഴിയില്‍ എത്തി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷം പെുമാതുറ ഭാഗത്തെ പുലിമുട്ടിന്റെ നീളം 660 ല്‍ നിന്നും 480 മീറ്ററും താഴംപള്ളി ഭാഗത്തെ പുലിമുട്ടിന്റെ നീളം 440ല്‍ നിന്നും 420 മീറ്റര്‍ മതിയാവുമെന്നും ഹാര്‍ബര്‍ അതോറിറ്റിയെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പുലിമുട്ട് നിര്‍മാണം നിലവില്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. ബ്രേക്ക് വാട്ടര്‍ പൂര്‍ത്തീകരണവും, ഇലക്ട്രിസിറ്റി, വെള്ളം എന്നിവ എത്തിക്കുന്നതിന്റെ പ്രവര്‍ത്തനങ്ങള്‍ വരുന്ന രണ്ടുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് ഹാര്‍ബര്‍ പ്രതിനിധികള്‍ അറിയിച്ചു. താഴെപള്ളി ഭാഗത്തെ ഇലക്ട്രിക് വര്‍ക്കുകള്‍ ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. ശേഷിക്കുന്നത് പെരുമാതുറ ഭാഗത്താണ്. അതുപോലെ വാട്ടര്‍ അതോറിറ്റിയുടെ ആറ്റിങ്ങലിലുള്ള വാട്ടര്‍ ടാങ്കില്‍ നിന്നും ഹാര്‍ബറിലേക്ക് വെള്ളമെത്തിക്കാനുള്ള പൈപ്പ് ഇടല്‍ മാസങ്ങള്‍ക്ക് മുമ്പേ പൂര്‍ത്തീകരിച്ചെങ്കിലും റെയില്‍പാളത്തെ മറികടക്കുന്നത് മാത്രമാണ് തടസമായി നില്‍ക്കുന്നത്. ഇതു വരുംദിവസങ്ങളില്‍ തന്നെ നടപ്പാക്കുമെന്നാണ് അറിയുന്നത്. അതുപോലെ കോസ്റ്റല്‍ പോലിസ് സ്‌റ്റേഷന്റെയും നിര്‍മാണം രണ്ടാഴ്ച മുമ്പ് തുടക്കം കുറിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top