തുറന്ന സ്ഥലത്ത് നമസ്‌കാരം: വഖ്ഫ് ഭൂമി കൈയേറി, പള്ളി നിര്‍മാണം തടഞ്ഞു നിര്‍ബന്ധിതരാക്കിയത് അധികൃതരുടെ നിലപാട്‌

ന്യൂഡല്‍ഹി: ഹരിയാനയിലെ ഗുരുഗാവില്‍ തുറന്ന സ്ഥലങ്ങളില്‍ നമസ്‌കാരം നിര്‍വഹിക്കുന്നതിന് മുസ്‌ലിംകള്‍ നിര്‍ബന്ധിതരാവുകയായിരുന്നുവെന്നു വ്യക്തമാവുന്നു. ഗുരുഗാവിലും പരിസരത്തുമായി കൈയേറ്റമോ പ്രാദേശിക എതിര്‍പ്പുകളോ കാരണം ഉപയോഗിക്കാനാവാത്ത 19 പള്ളികളുടെയും വഖ്ഫ് സ്വത്തുക്കളുടെയും പട്ടിക ഹരിയാന വഖ്ഫ് ബോര്‍ഡ് സര്‍ക്കാരിനു കൈമാറി.
നഗരത്തിലെ തുറന്ന പ്രദേശങ്ങളില്‍ നമസ്‌കാരം നിര്‍വഹിക്കുന്നതിനെതിരേ ഹിന്ദുത്വസംഘടനകളുടെ പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണിത്. തങ്ങളുടെ സ്വത്തുക്കളിലെ കൈയേറ്റം ഒഴിവാക്കിയാല്‍ ഈ സ്ഥലങ്ങളില്‍ വെള്ളിയാഴ്ച സമൂഹപ്രാര്‍ഥന നിര്‍വഹിക്കാനാവുമെന്നും തുറന്നസ്ഥലത്ത് പ്രാര്‍ഥന നടത്തേണ്ടിവരില്ലെന്നും ബോര്‍ഡ് വ്യക്തമാക്കി.
19 സ്ഥലങ്ങളിലെ കൈയേറ്റം ഒഴിവാക്കുന്നതിന് പ്രാദേശിക ഭരണകൂടം നടപടിയെടുക്കുകയും നമസ്‌കാരം നിര്‍വഹിക്കുന്നതിന് പോലിസ് സംരക്ഷണം നല്‍കുകയും വേണമെന്ന് വഖ്ഫ് ബോര്‍ഡ് എസ്‌റ്റേറ്റ് ഓഫിസര്‍ ജമാലുദ്ദീന്‍ ആവശ്യപ്പെട്ടു. ഈ പള്ളികള്‍ പുനരുദ്ധരിക്കുകയോ നിര്‍മിക്കുകയോ ചെയ്യുന്നതിനും സ്വന്തം ചെലവില്‍ ഇമാമിനെ നിശ്ചയിക്കുന്നതിനും വഖ്ഫ് ബോര്‍ഡ് സന്നദ്ധമാണ്. അതോടെ തുറന്ന സ്ഥലങ്ങളിലെ നമസ്‌കാരപ്രശ്‌നം രമ്യമായി പരിഹരിക്കാനാവുമെന്ന് അദ്ദേഹത്തെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
പാലം വിഹാറില്‍ ചൗമഗ്രാമത്തില്‍ ഹുദ (ഹരിയാന വികസന അതോറിറ്റി) ഏറ്റെടുത്ത രണ്ട് ഏക്കറിലേറെ വരുന്ന ഭൂമിയെക്കുറിച്ചും കത്തില്‍ പരാമര്‍ശിക്കുന്നു. ഈ സ്ഥലത്തിനു പകരം വഖ്ഫ് ബോര്‍ഡിന് ഭൂമി നല്‍കാന്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതി നിര്‍ദേശിച്ചതായി കത്ത് ചൂണ്ടിക്കാട്ടുന്നു.
വസീറാബാദ്, ദൗലത്താപൂ ര്‍-നാസിറാബാദ്, ധാന്‍കോട്ട്, നൗര്‍ഗാന്‍പൂര്‍, ഝാര്‍സ, ബാദ്ഷാപൂര്‍, ഫാറൂഖ്‌നഗര്‍ ഗ്രാമങ്ങളിലെ ഏഴു പള്ളികള്‍ കൈയേറിയിട്ടുണ്ട്. ബോണ്ട്‌സ്, ഖു ര്‍റംപൂര്‍, ധാന്‍കോട്ട്, മിയോക, ഗഡി ഹര്‍സരു ഗ്രാമങ്ങളില്‍ ആറു പള്ളികളില്‍ പ്രദേശവാസികളുടെ എതിര്‍പ്പു കാരണം ഇപ്പോള്‍ നമസ്‌കാരം നടക്കുന്നില്ല. ഝാര്‍സ, ഝാര്‍-ഫാസി ല്‍പൂര്‍, നൗരംഗ്പൂര്‍, മിയോക എന്നിവിടങ്ങളിലെ വഖ്ഫ് ഭൂമിയില്‍ പള്ളി പണിയാനുള്ള ശ്രമം പ്രദേശവാസികള്‍ തടയുകയായിരുന്നു. നഗരത്തിലെ പള്ളികള്‍ക്കും ഈദ്ഗാഹുകള്‍ക്കും പുറമേ ഏതാണ്ട് 200ഓളം തുറന്ന സ്ഥലങ്ങളില്‍ നമസ്‌കാരം നടക്കുന്നതായി വഖ്ഫ് ബോര്‍ഡ് എസ്‌റ്റേറ്റ് ഓഫിസര്‍ പറഞ്ഞു.
15 വര്‍ഷമായി ഗുര്‍ഗാവ് ഭരണകൂടം പള്ളി പണിയുന്നതിന് അനുമതി നിഷേധിച്ച് മുസ്‌ലിംകളെ പാര്‍ക്കില്‍ നമസ്‌കരിക്കാ ന്‍ നിര്‍ബന്ധിതരാക്കുകയായിരുന്നുവെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അമരേഷ് മിശ്ര ചൂണ്ടിക്കാട്ടുന്നു.
ഗുരുഗാവില്‍ പള്ളി പണിയുന്നതിനുള്ള നിരവധി നിര്‍ദേശങ്ങളാണ് ഇപ്പോള്‍ ബിജെപി നേതാവായ റാവു ഇന്ദര്‍ജിത് സിങ് നേരത്തേ കോണ്‍ഗ്രസ് നേതാവായിരിക്കെ തള്ളിക്കളഞ്ഞത്. ഗുരുഗാവ് ഭരണകൂടത്തിന് വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയാല്‍ ഇക്കാര്യം ബോധ്യപ്പെടുമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
ഗുരുഗാവിലെ തുറന്ന സ്ഥലത്ത് വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിനെത്തിയ മുസ്‌ലിംകളെ ഒരുസംഘം ഹിന്ദുത്വ ര്‍ അപമാനിക്കുകയും നമസ്‌കാരം തടസ്സപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് ബിജെപി നേതാവായ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ മുസ്‌ലിംകള്‍ തെരുവില്‍ നമസ്‌കരിക്കുന്നത് വലിയ പ്രശ്‌നമായി ഉയര്‍ത്തിയിരുന്നു. നമസ്‌കാരം പള്ളികളിലോ ഈദ്ഗാഹുകളിലോ സ്വകാര്യ സ്ഥലങ്ങളിലോ ആയിരിക്കണമെന്ന പ്രസ്താവന വിവാദമായതോടെ ആരെങ്കിലും നമസ്‌കരിക്കുന്നതു തടയാനല്ല താന്‍ പറഞ്ഞതെന്ന വിശദീകരണവുമായി മുഖ്യമന്ത്രി രംഗത്തുവന്നിരുന്നു.
അതിനകം ഈ വിവാദം രൂക്ഷമായ സാമുദായിക ധ്രുവീകരണത്തിനു വഴിയൊരുക്കി. മുഖ്യമന്ത്രിയുടെ പ്രസ്താവന ശരിവച്ച് ഒരു വിഭാഗം രംഗത്തുവന്നപ്പോള്‍ തെരുവുകളിലെ ഘോഷയാത്രകളുള്‍പ്പെടെ നിരോധിക്കണമെന്ന ആവശ്യവും ഉയര്‍ന്നു.

RELATED STORIES

Share it
Top