തുരുമ്പിച്ച വാഹനങ്ങളുടെ ശവപ്പറമ്പായി പോലിസ് മൈതാനം

പയ്യന്നൂര്‍: കേസുകളില്‍പ്പെട്ട് വര്‍ഷങ്ങളായി പയ്യന്നൂര്‍ പോലിസ് മൈതാനിയില്‍ പിടിച്ചിട്ട വാഹനങ്ങള്‍ പരിസരവാസികള്‍ക്ക് ദുരിതമായി. മഴ ശക്തമായതോടെ കാട് കയറിക്കിടക്കുന്ന സ്ഥലത്തെ തുരുമ്പെടുത്ത വാഹനങ്ങളില്‍ നിറഞ്ഞ മലിനജലം സമീപത്തെ കിണറുകളിലേക്ക് എത്താന്‍ തുടങ്ങി.
സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് ജവഹര്‍ലാല്‍ നെഹ്‌റു പങ്കെടുത്ത നാലാം അഖില കേരള കോണ്‍ഗ്രസ് സമ്മേളനം നടന്ന പഴയ മൈതാനം ഇന്ന് പഴകിയ വാഹനങ്ങളുടെ ശവപ്പറമ്പാണ്. കോടതി നിര്‍ദേശം വന്നിട്ടും പോലിസ് പിടിച്ചെടുത്ത വാഹനങ്ങളുടെ ലേലം നടന്നില്ല. ഇതോടെ പോലിസ് മൈതാനിയില്‍ വാഹനങ്ങള്‍ തുരുമ്പെടുത്ത് പരിസരങ്ങളിലെ കിണറുകള്‍ക്കും ഭീഷണിയായി. കിണറുകളിലേക്ക് തുരുമ്പ് ഒഴുകിയെത്തി വെള്ളം ഉപയോഗശൂന്യമായതായി പരിസരവാസികള്‍ പറയുന്നു.
2010 മുതല്‍ പിടികൂടിയ മണല്‍ ലോറികളാണ് മൈതാനിയില്‍ കുന്നുകൂടിക്കിടക്കുന്നത്. അനധികൃതമായി മണല്‍കടത്തവെ പിടിച്ചെടുത്ത വാഹനങ്ങള്‍ ഇരുനൂറോളം വരും. കൂടാതെ ആവശ്യമായ രേഖകളില്ലാതെ പിടികൂടിയ 32 ഇരുചക്രവാഹനങ്ങളും തുരുമ്പെടുത്ത് നശിക്കുകയാണ്.
വാഹനങ്ങള്‍ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റാനാവശ്യമായ നടപടികള്‍ സ്വീകരിച്ചപ്പോള്‍ ലേലംചെയ്തു വില്‍ക്കാനുള്ള നിര്‍ദേശം തലശ്ശേരി എസ്ഡിഎം കോടതി തളിപ്പറമ്പ് താലൂക്ക് അതോറ്റിറ്റിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. ഇതുപ്രകാരം  നടപടി പൂര്‍ത്തിയാക്കിയെങ്കിലും വാഹനങ്ങള്‍ വാങ്ങാന്‍ ആരുമെത്തിയില്ല. ഇതുമൂലം ലേലനടപടി മാറ്റിവച്ചു. മണല്‍വാഹനങ്ങള്‍ ലേലം ചെയ്യുന്നതിന് താലൂക്ക് അതോറിറ്റി വാഹനങ്ങളുടെ വില നിശ്ചയിച്ചിരുന്നെങ്കിലും തുടര്‍നടപടിയുണ്ടായില്ല.
വാഹനങ്ങള്‍ തുരുമ്പെടുത്ത് പലഭാഗങ്ങളും പൊടിഞ്ഞുവീഴുന്നുണ്ട്. ഇവയെല്ലാം കനത്ത മഴയില്‍ സമീപത്തെ കിണറുകളിലേക്ക് ഒഴുകിയെത്തുന്നുവെന്നാണ് സമീപവാസികളുടെ പരാതി. വാഹനങ്ങളില്‍ നിന്നുള്ള ഓയിലും പരന്നൊഴുകുകയാണ്.

RELATED STORIES

Share it
Top