തുമ്പിക്കൈക്കരുത്ത്‌

വിശ്വവിഖ്യാതമായ മൂക്കിനെപ്പറ്റി എഴുതിയത് വൈക്കം മുഹമ്മദ് ബഷീറാണ്. എന്നാല്‍, ഏറ്റവും കേമനായ മൂക്കന്‍ ആര് എന്ന ചോദ്യത്തിന് ഉത്തരം നല്‍കുന്നത് ദക്ഷിണാഫ്രിക്കയിലെ ക്വാസുലു സര്‍വകലാശാലയിലെ മെലീസാ ഷ്മിറ്റും സംഘവുമാണ്.
അവര്‍ പറയുന്നത് സസ്തനികളില്‍ ഏറ്റവും ഗംഭീരമായ മൂക്കിനുടമ ആനകളാണെന്നാണ്. മണത്തറിയുന്നതില്‍ കേമന്‍മാര്‍ നായ്ക്കളാണെന്നാണു പറഞ്ഞുവരുന്നതെങ്കിലും ഘ്രാണശക്തിയില്‍ നായ്ക്കളെ വെല്ലും ആനകള്‍ എന്നാണ് ഗവേഷകര്‍ പറയുന്നത്. തുമ്പിക്കൈയുടെ മാഹാത്മ്യം കണ്ടെത്താന്‍ അവര്‍ നടത്തിയ പരീക്ഷണങ്ങള്‍ ഈയിടെ ഒരു ഗവേഷണ പ്രബന്ധമായി പ്രസിദ്ധീകരിക്കുകയുണ്ടായി. ആനകള്‍ക്ക് ചെടികളും ഇലകളും എത്ര ദൂരെ നിന്നും മണത്തറിയാന്‍ കഴിയും. കാറ്റില്‍ മണം പിടിച്ച് ഇഷ്ടഭോജ്യം കണ്ടെത്താന്‍ അവയ്ക്കു പ്രയാസമില്ല. ഭക്ഷണം കൈയെത്താ ദൂരത്താണെങ്കില്‍ മരം വലിച്ച് താഴെയിട്ട് ഭക്ഷണം കൈക്കലാക്കാനും അവയ്ക്കു മടിയൊന്നുമില്ല. അതിനും സഹായിക്കുന്നത് തുമ്പിക്കൈ തന്നെ.
എന്നാല്‍, ഗവേഷകര്‍ കണ്ടെത്തിയത് ഭക്ഷണം മാത്രമല്ല, സ്‌ഫോടകവസ്തുക്കള്‍ തിരിച്ചറിയാനും അവയ്ക്കു കഴിയുമെന്നാണ്. യുദ്ധഭൂമിയായി മാറിയ ആഫ്രിക്കന്‍ പ്രദേശങ്ങളില്‍ മൈനുകള്‍ ഒഴിവാക്കി യാത്ര ചെയ്യാന്‍ അവയ്ക്ക് പ്രത്യേകം വിരുതുണ്ട്. എന്തിന്, തങ്ങളെ വേട്ടയാടി ഭക്ഷണമാക്കുന്ന മസായ് ഗോത്രക്കാരെ ദൂരെ നിന്ന് മണം പിടിച്ച് ഒഴിഞ്ഞുമാറിപ്പോവാന്‍ പോലും അവയ്ക്കു കഴിയുന്നുണ്ടെന്നാണ് ആഫ്രിക്കന്‍ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.

RELATED STORIES

Share it
Top