തുണിയുരിയുന്ന രാഷ്ട്രീയം

thuniucha
''ഒരു മലയാളിയാണെന്നു പറയാന്‍ നാണക്കേടു തോന്നുന്ന ചില നിമിഷങ്ങളുണ്ട്. ചെറിയാന്‍ ഫിലിപ്പിന്റെ പ്രസ്താവന അത്തരമൊരു നിമിഷമാണ് സൃഷ്ടിച്ചത്.'' -രാമചന്ദ്രന്‍ മറ്റയില്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ എഴുതി. തിരഞ്ഞെടുപ്പില്‍ ടിക്കറ്റ് നിധേഷിച്ചതിനെതിരേ ഷര്‍ട്ടൂരിക്കൊണ്ടു തൃശൂരില്‍ നടന്ന സമരത്തെക്കുറിച്ച് ചെറിയാന്‍ ഫിലിപ്പ് നടത്തിയ പരാമര്‍ശമാണ് രാമചന്ദ്രന്‍ എന്ന മറുനാടന്‍ മലയാളിയെ ദേഷ്യം പിടിപ്പിച്ചത്. തൃശൂരില്‍ യുവാക്കള്‍ ഷര്‍ട്ടൂരിയതിനു സമാനമായി രഹസ്യമായി വസ്ത്രമുരിഞ്ഞ സ്ത്രീകള്‍ക്കാണ് കോണ്‍ഗ്രസില്‍ സീറ്റ് കിട്ടിയതെന്നായിരുന്നു ചെറിയാന്റെ പരാമര്‍ശം.

cherianഇതിനെതിരേ മനോജ് കെ പുതിയവിള ശക്തമായി പ്രതികരിച്ചു: ''ചെറിയാന്‍ ഫിലിപ് ഏതു പാര്‍ട്ടിയുടെ ബാനറില്‍ ഏതു കാലത്ത് എവിടെ മല്‍സരിച്ചാലും തോല്‍പിക്കുമെന്ന് കക്ഷിരാഷ്ട്രീയഭേദമെന്യേ മുഴുവന്‍ സ്ത്രീകളും പ്രഖ്യാപിക്കണം.'' സെബിന്‍ എ ജേക്കബിന്റെ പ്രതികരണവും അതേ മട്ടിലായിരുന്നു: ''നഴ്‌സുമാരെല്ലാം പെഴയാണെന്നോ ബംഗളൂരുവില്‍ പഠിക്കാന്‍ പോകുന്ന മലയാളി പെണ്‍കുട്ടികളെല്ലാം വേറെ പണിക്കാണു പോകുന്നത് എന്നോ ഉള്ളതുപോലെ ഒരു പറച്ചിലാണ് കോണ്‍ഗ്രസ്സില്‍ സീറ്റു കിട്ടാന്‍ തുണിയുരിഞ്ഞാല്‍ മതി എന്നുള്ളതും... ചിലരെക്കുറിച്ചു മാത്രമേ താന്‍ പറഞ്ഞുള്ളൂ എന്ന ന്യായീകരണം കൊണ്ട് ഇനി അഥവാ അത്തരം സംഭവങ്ങള്‍ അപൂര്‍വമായെങ്കിലും ഉണ്ടെങ്കില്‍ തന്നെ  അതിലെ മനുഷ്യവിരുദ്ധത ഇല്ലാതാവുന്നില്ല. അതിനെ സ്ത്രീവിരുദ്ധതയായി ചുരുക്കിക്കാണേണ്ടതുമില്ല.'' ചെറിയാന്റേത് ഒരു ലൈംഗികസൂചനയുള്ള പരാമര്‍ശമാണെന്ന വൃന്ദാ കാരാട്ടിന്റെ അഭിപ്രായത്തിന് സോഷ്യല്‍ മീഡിയയില്‍ വമ്പിച്ച പ്രതികരണമാണ് സൃഷ്ടിച്ചത്. ചെറിയാനും പ്രതികരിച്ചു. ''സ. ടി എന്‍ സീമ നിരാഹാരം കിടന്നാല്‍ സമൂഹത്തില്‍ ബാലാല്‍സംഗം ഉള്‍പ്പെടെ ഉള്ള ക്രൂരകൃത്യങ്ങള്‍ കുറയും'' എന്ന് അദ്ദേഹം എഴുതി. ഇതിനെതിരേ ഇടതുപക്ഷത്തുനിന്നു തന്നെ പ്രതിഷേധം ശക്തമായപ്പോള്‍ ചെറിയാന്‍ പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചു. അടുത്ത ദിവസം ചെറിയാന്‍ ഖേദം പ്രകടിപ്പിച്ചു. ഇക്കൂട്ടത്തില്‍ അവസാനം പുറത്തുവന്നത് പ്രമുഖ മാധ്യമപ്രവര്‍ത്തന്‍ ഒ കെ ജോണിയുടെ പരാമര്‍ശമാണ്. ''അഴിമതിക്കാരനല്ലെന്നതിനാല്‍ തെല്ല് സല്‍പ്പേരുണ്ടായിരുന്ന ചെറിയാനെപ്പോലുള്ള ഒരു മുതിര്‍ന്ന രാഷ്ട്രീയപ്രവര്‍ത്തകന് ഇത്രത്തോളം അസഹിഷ്ണുതയും സാംസ്‌കാരികനിരക്ഷരതയും സാമൂഹികവിരുദ്ധ മനോഭാവവും പാടില്ലാത്തതാണ്. ചെറിയാന് അടിയന്തരമായി വേണ്ടത് സാമൂഹിക സാക്ഷരതയാണെങ്കിലും അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിന് ഒരു എഡിറ്ററാണ് അതിനേക്കാള്‍ അത്യാവശ്യം. ആ ജോലി അറിയാവുന്ന ആരെങ്കിലും ചെറിയാനെ സഹായിച്ചില്ലെങ്കില്‍ അദ്ദേഹം സരിതാ നായരെപ്പോലെ കേരളത്തെ ഞെട്ടിക്കുകയോ അതുമല്ലെങ്കില്‍ ഇക്കിളിപ്പെടുത്തുകയോ ചെയ്‌തേക്കുമോ എന്നാണ് എന്റെ പേടി.''

ഗോഹത്യയും നരഹത്യയും

മനുഷ്യന്റെ ആഹാരശൃംഖലയില്‍ പശു, പോത്ത്, കാള, കോഴി, പന്നി, തവള തുടങ്ങിയ ജീവികള്‍ക്കുള്ള സ്ഥാനം അനിഷേധ്യമാണ്. നൂറ്റാണ്ടുകളായി ഇവയുടെയെല്ലാം ഇറച്ചി വളരെ രുചിയോടെ ഭക്ഷിച്ചുവരുന്നവരാണ് ഭൂരിപക്ഷം ഇന്ത്യക്കാരും. സംസ്‌കാരങ്ങളുടെയും ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും അടിസ്ഥാനത്തില്‍ വ്യക്തികള്‍ക്ക് മാംസം കഴിക്കാം; കഴിക്കാതിരിക്കാം. കഴിഞ്ഞവാരം, ലോകത്തെ ഞെട്ടിച്ച ചില വാര്‍ത്തകളിലൂടെയാണ് രാജ്യം കടന്നുപോയത്. മാട്ടിറച്ചി തിന്നു എന്നാരോപിച്ച് യുപിയില്‍ ഒരു മുസ്‌ലിം വയോധികനെ അക്രമിസംഘം തല്ലിക്കൊന്നു എന്ന വാര്‍ത്ത ഞെട്ടിക്കുന്നതായിരുന്നു. ''മനുഷ്യനെ കൂട്ടക്കുരുതി ചെയ്തും കലാപങ്ങള്‍ സൃഷ്ടിച്ചും അധികാരം ഉറപ്പിച്ചവര്‍ ഭരിക്കുമ്പോള്‍ പശുഹത്യ വധശിക്ഷയ്ക്ക് അര്‍ഹമായ മഹാപാതകമാവുന്നത് സ്വാഭാവിക''മെന്നാണ് ശ്രീജിത്ത് കൊണ്ടോട്ടി തന്റെ ഫേസ്ബുക്കില്‍ കുറിക്കുന്നത്. ''ഗോവധത്തിനും ഗോമാംസം കഴിക്കുന്നതിനുമെതിരേ സംഘപരിവാരം നടത്തുന്ന മനോരോഗസമാനമായ കാംപയിന്‍ സൃഷ്ടിച്ച വിദ്വേഷസംസ്‌കാരമാണ് യുപിയിലെ ബിസാറ ഗ്രാമത്തില്‍ നരഹത്യസൃഷ്ടിച്ചത്... ശുദ്ധാശുദ്ധങ്ങളുടേതായ ബ്രാഹ്മണ്യ ധര്‍മസംരക്ഷണത്തിനാണ് പോലും ഈ നരഹത്യ..! ഗോമാംസം കഴിക്കുന്ന 'മ്ലേച്ഛ'ന്മാര്‍ക്കെതിരേ സംസ്‌കാരത്തിന്റെ ശുദ്ധി കാക്കാനാണുപോലും ഈ നരഹത്യ''എന്ന് പരിഹസിക്കുകയാണ് രാഷ്ട്രീയപ്രവര്‍ത്തകനായ കെ ടി കുഞ്ഞിക്കണ്ണന്‍. അതേസമയം, സംസ്‌കാരശുദ്ധി കാക്കാനുള്ള കൊലയായിരുന്നില്ല അത്. മാധ്യമപ്രവര്‍ത്തകനായ റെന്വര്‍ തന്റെ വാളിലിട്ട പോസ്റ്റ് വായിച്ചാല്‍ കാര്യങ്ങള്‍ അല്‍പ്പം കൂടെ വ്യക്തമാവും. ''പാക് തീവ്രവാദി എന്നാരോപിച്ചും 'ആള്‍കൂട്ടം' ഒരാളെ കൊലപ്പെടുത്തിയിരുന്നു, ബീഫ് കഴിച്ചെന്നാരോപിച്ച് മുഹമ്മദ് അഖ്‌ലാഖിനെ കൊലപ്പെടുത്തുന്നതിനു മണിക്കൂറുകള്‍ മുമ്പ്. പാക് തീവ്രവാദികള്‍ കൊല്ലപ്പെടേണ്ടവരാണെന്ന പൊതുബോധം നിര്‍മിക്കപ്പെട്ട പോലെ ഇനി ബീഫ് കഴിക്കുന്ന മുസ്‌ലിംകളും കൊല്ലപ്പെടേണ്ടവരാണെന്ന ബോധവും സൃഷ്ടിക്കപ്പെട്ടേക്കാം. ഇന്ത്യന്‍ മോബ് കൊലപ്പെടുത്തുന്നത് മുസ്‌ലിമിനെയാണ്. ബീഫ് കഴിച്ചു എന്നത് പാക് തീവ്രവാദി എന്നതിലും എളുപ്പമായ ന്യായവാദം മാത്രം.''

മാധ്യമങ്ങളറിയാത്ത കൂട്ടക്കുരുതി

കൊല്ലപ്പെടുന്നവന്‍ ദലിതനോ മുസ്‌ലിമോ ആവുമ്പോള്‍ പ്രതികള്‍ ആള്‍കൂട്ടമാവുന്ന രാജ്യമെന്നാണ് അപര്‍ണ റെബലിന്റെ നിരീക്ഷണം. ''പശുഹത്യ ആരോപിച്ച് ഹിന്ദുത്വ തീവ്രവാദികള്‍ മനുഷ്യരെ കൊന്നുകളയുന്ന ആദ്യത്തെ സംഭവമൊന്നുമല്ല ഇത്. വിശാലഹിന്ദു ഐക്യത്തെ കുറിച്ച് പ്രസംഗിക്കുന്നവര്‍ ഹരിയാനയില്‍ പശുവിനെ കൊന്നുതിന്നെന്ന കുറ്റം ചുമത്തി അഞ്ച് ദലിത് യുവാക്കളെയാണ് തൊലിയുരിച്ച് കൊലപ്പെടുത്തിയത്. പശു ചത്ത വാര്‍ത്തയ്ക്കു ലഭിക്കുന്ന പ്രാധാന്യം പോലും നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ ആ വാര്‍ത്തയ്ക്കു നല്‍കാത്തതുകൊണ്ട് പുറംലോകം ആ സംഭവം കാര്യമായി ചര്‍ച്ച ചെയ്യുക പോലും ഉണ്ടായില്ല.''''വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആര്‍എസ്എസ് കായികപരിശീലനം നല്‍കി ഒരുക്കിനിര്‍ത്തിയ പശുപരിപാലന സംഘങ്ങള്‍ വ്യാപകമായി പ്രവര്‍ത്തിക്കുന്നുണ്ട്. തോക്കും വാളും മറ്റു മാരാകായുധങ്ങളുമായി സമാന്തര ചെക്ക്‌പോസ്റ്റുകള്‍ തീര്‍ത്ത് ഇവര്‍ വാഹന പരിശോധന നടത്തുന്നതും മൃഗങ്ങളെ കൊണ്ടുപോകുന്നവരെയും മാംസം സൂക്ഷിക്കുന്നവരെയും ക്രൂരമായി തല്ലിച്ചതയ്ക്കുന്നതും നിത്യസംഭവങ്ങളാണ്. ഒരു കവറില്‍ മാംസം കൊണ്ടുപോവുകയായിരുന്ന വൃദ്ധനെ ക്രൂരമായി മര്‍ദ്ദിക്കുന്ന ചിത്രങ്ങള്‍ മധ്യപ്രദേശിലെ ബിജെപി നേതാവ് തന്നെ ഈ അടുത്ത സമയത്ത് ഫേസ്ബുക്കില്‍ അഭിമാനത്തോടെ പോസ്റ്റ് ചെയ്തിരുന്നു.'' ഇതൊന്നും ഒറ്റപ്പെട്ട സംഭവം അല്ലെന്നു പറയുകയാണ് ശ്രീജിത്ത് കൊണ്ടോട്ടി. ബീഫ് നിരോധനത്തിനായി അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കുന്ന ബഡായി മാമന്‍, അമിട്ട് ഷാ, വിഷകല പ്രഭൃതികളോട് ഒരു ചോദ്യം: ബീഫ് കയറ്റുമതിയില്‍ ലോകത്ത് ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന ഇന്ത്യയില്‍ നിന്നുള്ള ബീഫ് കയറ്റുമതി നിരോധിക്കാന്‍ ധൈര്യമുണ്ടോ? ഇത്തിരി പുളിക്കും. കാരണം, ഇന്ത്യയില്‍ത്തന്നെ ബീഫ് കയറ്റുമതിയില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന സംസ്ഥാനം സംഘികളുടെ മധുര മനോജ്ഞ ഗുജറാത്താണ്. കയറ്റുമതി നിരോധിച്ചാല്‍ ഗുജറാത്തിന്റെ നട്ടെല്ലൊടിയും. മാത്രമല്ല, ഇന്ത്യയിലെ വന്‍കിട ബീഫ് കയറ്റുമതിക്കാരൊന്നും മുസ്‌ലിംകളോ ക്രിസ്ത്യാനികളോ അല്ല. മൂന്നു പേര്‍ ഹിന്ദുക്കളും ഒരാള്‍ സിഖുകാരനുമാണ്. അവരൊക്കെ ബിജെപി അനുഭാവികളുമാണ്. ഈ വന്‍കിടക്കാര്‍ക്ക് കയറ്റുമതിക്കുള്ള ബീഫിന് ക്ഷാമം നേരിട്ടപ്പോള്‍ അവരെ സഹായിക്കാനായി ഗോമാതാവിന്റെ പേരു പറഞ്ഞ് ബീഫ് നിരോധനം ഏര്‍പെടുത്തുകയാണ് മോദിയും കൂട്ടരും ചെയ്തത്. ഗോമാതാ എന്നു കേട്ടപ്പോഴേക്കും ചാടിയിറങ്ങി കൊല്ലാന്‍ നടക്കുന്ന വിവരംകെട്ട സംഘികളുണ്ടോ പിന്നാമ്പുറത്തെ കളികള്‍ അറിയുന്നു? -കൃഷ്ണകുമാറിന്റെ ചോദ്യം ഏറെ പ്രസക്തമാണെങ്കിലും വെട്ടാന്‍ വരുന്ന സംഘിയുടെ സോറി, പോത്തിന്റെ ചെവിയില്‍ വേദമോതീട്ട് കാര്യമില്ലെന്നാണ് പഴമക്കാര്‍ പറയുന്നത്.

ആരാണ് രാജ്യം ഭരിക്കുന്നത്?

സത്യത്തില്‍ രാജ്യം എമ്പാടും ജാതിവൈര്യം പെരുകുകയാണ്. അസഹിഷ്ണുതയാണ് ഇന്ന് ചുറ്റിലും മനുഷ്യനെ പെട്രോളൊഴിച്ച് കത്തിച്ചുകൊല്ലാന്‍ പോലും ധൈര്യപ്പെടുന്ന അസഹിഷ്ണുത. ഫാഷിസത്തിനെതിരേ~ഒന്നും ചെയ്യാനാവാതെ എല്ലാവരും മിണ്ടാതെയിരിക്കുമ്പോള്‍ മുതിര്‍ന്ന ചരിത്രകാരി റോമില ഥാപര്‍ പ്രതികരിക്കുന്നു: കലാപമുണ്ടാക്കുന്നവര്‍ ഭീകരരാണ്. അവരെ നാം ആ പേരില്‍ തന്നെ വിളിക്കണം. ഫാഷിസത്തിനെതിരേ പോരാടണം എന്നാണ് റോമില പറയുന്നത്. എന്നാല്‍, ലോകത്തിലെ ഏറ്റവും തരംതാണ തീവ്രവാദി സംഘം തന്നെ രാജ്യം ഭരിക്കുമ്പോള്‍ അവരെ വെറുതെ തീവ്രവാദികള്‍ എന്നു വിളിച്ചതുകൊണ്ട് കാര്യമില്ലെന്നാണ് മാധ്യമപ്രവര്‍ത്തകനായ ജിനോയ് ജോസ് പാലത്തില്‍ പറയുന്നത്. എങ്കിലും ചെറിയതാണെങ്കിലും നമുക്കു ചെയ്യാനാവുന്നത് ചെയ്യാം. റോമില ഥാപറിന്റെ പ്രതികരണം ഒരു ആശ്വാസമായി കാണുകയാണ് ഷായും കെ എ ഷാജിയും.ഈ ആഴ്ചയിലെ നല്ലൊരു നിരീക്ഷണമായ പോസ്റ്റ് താഴെ നല്‍കുന്നു. നിസാര്‍ കാലയത്താണ് എഴുതിയിരിക്കുന്നത്: ''ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യം എന്നാല്‍, ഇന്ന് ജനാധിപത്യം ഇല്ല... ഏറ്റവും വലിയ മതേതരരാഷ്ട്രം എന്നാല്‍, ഇന്ന് അതുമില്ല... ഏറ്റവും വലിയ എഴുതപ്പെട്ട നിയമനിര്‍മാണങ്ങള്‍... എന്നാല്‍, സാധാരണപൗരന്‍ എല്ലാ നിയമങ്ങളും നൂലാമാലകളും... രാജ്യത്ത് ഒരു മുതലാളിക്ക് വല്ല വിഷമം വന്നാല്‍ കോടതിയും നിയമപാലകരും ചാടി ഉണരും... ബീഫ് കഴിച്ചതിന്റെ പേരില്‍ കൊല്ലപ്പെട്ടാലോ ദലിതരെ പച്ചയ്ക്കു ചുട്ടുകൊന്നാലോ ദലിതര്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചതിന്റെ പേരിലോ കൊല്ലപ്പെട്ടാല്‍ ഇവര്‍ കാണുകയില്ല... കാരണം ഇന്ത്യ ഭരിക്കുന്നത് പശുവും പശുക്കിടാങ്ങളുമാണ്. ജനങ്ങളെ ഭരിക്കാന്‍ വേണ്ടി വോട്ട് ചെയ്ത ജനം വീണ്ടും കഴുതകളായി. മരക്കഴുതകള്‍...ഇല്ലാത്ത മതവികാരങ്ങളെ മാധ്യമങ്ങള്‍ ഇങ്ങനെ വ്രണപ്പെടുത്താന്‍ തുടങ്ങിയാല്‍ കാര്യങ്ങള്‍ എവിടെ എത്തും എന്നറിയില്ല. ഒരു തിരഞ്ഞെടുപ്പിലെ താത്കാലിക രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കു വേണ്ടി ഈ ചെയ്യുന്നതിന് ഒരു സമൂഹം എന്ന നിലയില്‍ നമ്മള്‍ വലിയ വില കൊടുക്കേണ്ടിവരും. ഇവിടെ കാണുന്ന ചാണ്ടി-സരിത ഇമേജിന് തറ നിലവാരമേ ഉള്ളു. അതുണ്ടാക്കിയവന്റെ രാഷ്ട്രീയബോധത്തിലും സംശയം ഉണ്ട്. എന്നാലും ചവറ്റുകുട്ടയില്‍ പോകേണ്ട വാര്‍ത്തകള്‍ ഇങ്ങനെ ഉമ്മറത്ത് പ്രതിഷ്ഠിച്ചു നടത്തുന്ന കോപ്രായങ്ങള്‍ ദോഷം ചെയ്യും. വിവേചനബോധവും വിവേകവും കൂടിയാണ് മാധ്യമപ്രവര്‍ത്തനം.

RELATED STORIES

Share it
Top