തുണയില്ലാതെ ഹജ്ജ് നിര്‍വഹിക്കാന്‍ സ്ത്രീകള്‍ക്ക് അനുമതി: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഹജ്ജ് തീര്‍ത്ഥാടനത്തിന് തനിയെ പോവുന്നതിനായി (മെഹ്‌റമില്ലാതെ) അപേക്ഷ നല്‍കുന്ന എല്ലാ സ്ത്രീകള്‍ക്കും അനുവാദം നല്‍കണമെന്ന് നിര്‍ദേശം നല്‍കിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇക്കാര്യം ഉറപ്പാക്കാന്‍ ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന് നിര്‍ദേശം കൊടുത്തിട്ടുണ്ടെന്ന കാര്യം പ്രധാനമന്ത്രി തന്റെ മാസാന്ത റേഡിയോ പ്രഭാഷണമായ മന്‍കിബാത്തിലാണ് പറഞ്ഞത്.


ഒറ്റയ്ക്കു പോവാന്‍ അപേക്ഷ നല്‍കുന്ന സ്ത്രീകളെ ഹജ്ജിനുള്ള നറുക്കെടുപ്പില്‍ നിന്ന് ഒഴിവാക്കണമെന്നും അവരെ പ്രത്യേക വിഭാഗമായി പരിഗണിച്ച് അവസരം നല്‍കണമെന്നുമാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇപ്രാവശ്യം 1300 സ്ത്രീകളാണ് മെഹ്‌റമില്ലാതെ ഹജ്ജിനു പോവാന്‍ അപേക്ഷ നല്‍കിയിട്ടുള്ളത്. നിലവില്‍ 45 വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ക്ക് ചുരുങ്ങിയത് നാലു പേരെങ്കിലും അടങ്ങുന്ന ഗ്രൂപ്പിന്റെ കൂടെ മെഹ്‌റമില്ലാതെ പോകാവുന്നതാണ്.
ഹജ്ജ് ചെയ്യാന്‍ ആഗ്രഹിക്കുന്ന സ്ത്രീക്ക് പുരുഷസംരക്ഷണയില്ലാതെ പോവാന്‍ സാധിക്കില്ലെന്ന നിയമം ആരുണ്ടാക്കിയതാണെന്ന് മോദി ചോദിച്ചു. സ്വാതന്ത്ര്യം കിട്ടി 70 വര്‍ഷത്തിനുശേഷവും മുസ്‌ലിം സ്ത്രീകളോടുള്ള ഈ അനീതി നമ്മുടെ രാജ്യത്തു മാത്രം തുടരുന്നുവെന്നത് ആശ്ചര്യകരമാണ്. പല ഇസ്‌ലാമിക രാജ്യങ്ങളിലും ഇങ്ങനെയുള്ള നിയമമില്ലെന്നും അദ്ദേഹം തുടര്‍ന്നു.
ന്യൂനപക്ഷകാര്യ മന്ത്രാലയം വേണ്ട നടപടികളെടുത്ത് 70 വര്‍ഷമായി തുടര്‍ന്നുവരുന്ന നിയന്ത്രണം അവസാനിപ്പിച്ചതിനെ തുടര്‍ന്ന് നിരവധി സ്ത്രീകള്‍ തനിയെ ഹജ്ജിന് പോവാന്‍ തയ്യാറായി മുന്നോട്ടുവന്നിട്ടുണ്ടെന്നും പ്രധാനമന്ത്രി പ്രസംഗത്തില്‍ പറഞ്ഞു. കേരളം മുതല്‍ വടക്കേയറ്റം വരെയുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ ഹജ്ജ് യാത്രയ്ക്ക് ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. നമ്മുടെ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും തുല്യമായ അവകാശങ്ങളും അവസരങ്ങളും ലഭിക്കണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top