തുടിയുരുളിപ്പാറ ക്വാറിക്ക് സമീപം മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം

പത്തനംതിട്ട: വി-കോട്ടയം തുടിയുരുളിപ്പാറ അമ്പാടിയില്‍ ഗ്രൈനൈറ്റ്‌സിന്റെ ക്വാറിക്ക് സമീപമുള്ള ക്ഷേത്രത്തില്‍ ആരാധന സ്വാതന്ത്രം തടഞ്ഞതായുള്ള സംഭവം റിപോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരേ ആക്രമം. ക്വാറിക്ക് അനുകൂലമായി ആക്രോശിച്ച് കൊണ്ടെത്തിയ ഗുണ്ടാസംഘമാണ് അക്രമം നടത്തിയത്. നാല് മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ക്യാമറ അടക്കമുള്ള ഉപകരണങ്ങളും നിലത്ത് എറിഞ്ഞുടച്ചു. ഇന്നലെ രാവിലെ 11ഓടെയാണ് സംഭവം.കൂടുതല്‍ മാധ്യമപ്രവര്‍ത്തകര്‍ സ്ഥലത്ത് എത്തിയതോടെ പിന്‍മാറിയ അക്രമികള്‍ മാറി നിന്ന് അസഭ്യവര്‍ഷം നടത്തി. മാധ്യമപ്രവര്‍ത്തകരായ വിഷ്ണു,  ഉമേഷ്, ഹരി എന്നിവര്‍ക്ക് നേരെയാണ് അക്രമം ഉണ്ടായത്. വിഷയത്തില്‍ ഇടപെട്ട ജില്ലാ കലക്ടര്‍ അടൂര്‍ ഡിവൈഎസ്പിയോട് സംഭവത്തെക്കുറിച്ച് റിപോര്‍ട്ട് തേടി.തുടിയുരുളിപ്പാറ ദേവസ്വം ക്ഷേത്രത്തില്‍ ശൂലപ്രതിഷ്ഠയാണുള്ളത്. ഇവിടെ ആരാധാനക്ക് നേരത്തെ പോലീസ് റിപോര്‍ട്ട് പ്രകാരം വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ സ്ഥലത്ത് പ്രശ്‌നമില്ലന്ന് കണ്ട് പത്തനംതിട്ട എഡിഎം കഴിഞ്ഞ ദിവസം ശിവരാത്രി ആരാധനക്ക് അനുമതി കൊടുത്തു. ഈ വിഷയം റിപോര്‍ട്ട് ചെയ്യാനാണ് മാധ്യമസംഘം സ്ഥലത്ത് എത്തിയത്. ക്വാറിക്ക് വെളിയിലുള്ള സ്ഥലത്ത് എത്തിയ മാധ്യമപ്രവര്‍ത്തകരോട് ഇപ്പോള്‍ സ്ഥലം വിടണമെന്ന് ക്വാറിയെ അനുകൂലിക്കുന്ന ഗുണ്ടാ സംഘം ആവശ്യപ്പെട്ടു. ക്വാറിയുടെയോ പരിസരപ്രദേശങ്ങളുടെയോ ദൃശ്യങ്ങള്‍ പകര്‍ത്തരുതെന്നും കാമറ ഉടന്‍ ഓഫാക്കണമെന്നുമായി ആവശ്യം. കല്‍പ്പന അനുസരിച്ചില്ലങ്കില്‍ ജീവനോടെ പോകില്ലന്ന ഭീക്ഷണിയും ഉയര്‍ത്തി. ഇതിനിടെ പാഞ്ഞെത്തിയ സംഘം  ജനം ടിവി യൂനിറ്റുകള്‍ക്ക് നേരെ അക്രമം നടത്തി. ചിത്രീകരണം നടത്തിയാല്‍ മാധ്യമപ്രവര്‍ത്തകരെ കൊക്കയിലേക്ക് തള്ളിയിടുമെന്നും ഭീഷണി മുഴക്കി. പിന്നാലെ വന്ന മാതൃഭൂമി ന്യൂസ്, മീഡിയാ വണ്‍ ചാനല്‍ പ്രവര്‍ത്തകരെയും ആക്രമിക്കാന്‍ ശ്രമിച്ചു. ഇതിനിടയില്‍ കോന്നിയില്‍ നിന്നും പോലിസ് സ്ഥലത്തെത്തി മാധ്യമ പ്രവര്‍ത്തകരുടെ പരാതി കേട്ടു. ഈ സമയവും ക്വാറിയുടെ ചിത്രീകരണം നടത്താന്‍ അനുവദിക്കില്ലന്ന് അക്രമി സംഘം ഭീഷണി തുടര്‍ന്നു. ക്വാറിയോട് ചേര്‍ന്നുള്ള ക്ഷേത്രത്തിന്റെ ചിത്രമെടുക്കുന്നത് എന്തിനാണ് തടസപ്പെടുത്തുന്നത് എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനും മറുപടി ഇല്ലായിരുന്നു. സംഭവം അറിഞ്ഞ് പത്തനംതിട്ടയില്‍ നിന്ന് കേരളാ പത്ര പ്രവര്‍ത്തക യൂനിയന്‍ ജില്ലാ പ്രസിഡന്റ് ബോബി ഏബ്രഹാമിന്റെ നേതൃത്വത്തില്‍ കൂടുതല്‍ മാധ്യമ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയതോടെയാണ് ആക്രമികള്‍ പിന്‍മാറിയത്. ക്വാറിക്ക് വേണ്ടി ഗുണ്ടാ പ്രവര്‍ത്തനം ചെയ്യുന്നവരാണ് അക്രമം നടത്തിയതെന്ന് ബോബി ഏബ്രഹാം പറഞ്ഞു. മാധ്യമങ്ങള്‍ക്ക് നേരെയുള്ള അക്രമത്തിലൂടെ ക്വാറിയിലെ നിയമലംഘനം മൂടിവെക്കാന്‍ ശ്രമിച്ചാല്‍ അനുവദിക്കില്ല. ഇതിനെ നിയമപരമായി നേരിടും. ഉപകരണങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ കര്‍ശന നടപടി ഉണ്ടാവുമെന്ന് ജില്ലാ പോലിസ് മേധാവി ജേക്കബ് ജോബ് പറഞ്ഞു. തുടിയുരുളിപ്പാറയില്‍ മാധ്യമങ്ങളെ ആക്രമിച്ചത് ആരാണെന്ന് അറിയില്ലെന്ന് അമ്പാടി ഗ്രൈനാറ്റ്‌സ് ഉടമ അമ്പാടിയില്‍ സദാനന്ദന്‍ പറഞ്ഞു. താന്‍ സ്ഥലത്തില്ലെന്നും മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ച സംഭവുമായി തങ്ങളുടെ പേര് വലിച്ചിഴക്കരുതെന്നും അദ്ദേഹം പറഞ്ഞു. ശിവരാത്രി ആരാധന തടസപ്പെടുത്താന്‍ നടത്തിയ ബോധപൂര്‍വ്വമായ ശ്രമമാണെന്നും മാധ്യമങ്ങളെ തടസപ്പെടുത്താനും ക്വാറിയില്‍ നടക്കുന്നത് എന്താണെന്ന് അറിയിക്കാതിരിക്കാനുമാണ് ക്വാറി ഉടമശ്രമിച്ചതെന്ന് ക്വാറിക്കെതിരേ സമരം നടത്തി വരുന്ന ഗ്രാമരക്ഷാ സമിതി നേതാക്കള്‍ പറഞ്ഞു.

RELATED STORIES

Share it
Top