തുടര്‍ വിദ്യാഭ്യാസ കലോല്‍സവത്തിന് തിരശ്ശീല ഉയര്‍ന്നു

കോഴിക്കോട്: സര്‍ഗാത്മക പ്രവര്‍ത്തനങ്ങള്‍ നിരുല്‍സാഹപ്പെടുത്തുന്ന വിധത്തില്‍ സമൂഹത്തില്‍ ഇരുട്ടു പടര്‍ത്തുന്ന ശക്തികള്‍ക്കെതിരേ മാനവികതയുടെ പക്ഷത്തു നിന്ന് എതിര്‍ക്കാന്‍ സാംസ്‌കാരിക മനസ്സുകള്‍ ഉണരണമെന്ന് സാഹിത്യകാരന്‍ യു എ ഖാദര്‍. പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും സംസ്ഥാന സാക്ഷരതാ മിഷന്റെയും നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന എട്ടാമത് തുടര്‍ വിദ്യാഭ്യാസ കലോല്‍സവം കോഴിക്കോട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കലാ പ്രവര്‍ത്തനങ്ങളെ നിരുല്‍സാഹപ്പെടുത്തുന്നു. സര്‍ഗാത്മക പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുന്നില്ല. അംഗീകരിക്കുകയോ അഭിനന്ദിക്കുകയോ ചെയ്യുന്നവരെ ഒറ്റപ്പെടുത്തുന്നു. എങ്ങനെ എഴുതണമെന്നും എങ്ങനെ സിനിമയെടുക്കണമെന്നും ചിലര്‍ തീരുമാനിക്കുന്നു. മനുഷ്യരെ വ്യത്യസ്ത കളങ്ങളിലായി വേര്‍തിരിക്കുകയാണ് ഇക്കൂട്ടരുടെ ലക്ഷ്യം. ഇക്കാലത്താണ് എം ടിയുടെ നിര്‍മ്മാല്യം സിനിമ നിര്‍മിക്കുന്നതെങ്കില്‍ വെളിച്ചം കാണില്ലായിരുന്നുവെന്നും യു എ ഖാദര്‍ അഭിപ്രായപ്പെട്ടു. ഗവ. മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അധ്യക്ഷത വഹിച്ചു.
സാക്ഷരതാ മിഷന്‍ അതോറിറ്റി ഡയറക്ടര്‍ ഡോ.പി എസ് ശ്രീകല ആമുഖപ്രഭാഷണം നടത്തി. നടന്‍ മാമുക്കോയ, നടി നിലമ്പൂര്‍ ആയിഷ എന്നിവര്‍ കലോല്‍സവ ദീപം തെളിയിച്ചു. സാക്ഷരതാ മിഷന്‍ നൂതന പദ്ധതികളുടെ ഗുണഭോക്താക്കളായ സിസിലി ജോര്‍ജ്, കൃഷ്ണന്‍ ബേപ്പൂര്‍, ബിവി തിക്കോടി, സ്വയാബ്, സരോജിനി കൊല്ലംകണ്ടി  പങ്കാളികളായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട്, കോര്‍പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം സി അനില്‍ കുമാര്‍, കെ വി ബാബുരാജ്,  ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഹമ്മദ് പുന്നക്കല്‍, മുക്കം മുഹമ്മദ്, സാക്ഷരതാ മിഷന്‍ അസി. ഡയറക്ടര്‍  കെ അയ്യപ്പന്‍ നായര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി ഡി ഫിലിപ്പ്, കലോല്‍സവം കോ-ഓര്‍ഡിനേറ്റര്‍ ഷാജു ജോണ്‍ സംസാരിച്ചു. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കലോല്‍സവത്തില്‍ സാക്ഷരത, നാലാംതരം, ഏഴാംതരം, പത്താം തരം, ഹയര്‍സെക്കന്‍ഡറി തുല്യതാ വിഭാഗം,പ്രേരക്മാര്‍, ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് എന്നീ വിഭാഗങ്ങളില്‍ 73 ഇനങ്ങളിലായി 1400പേര്‍ മല്‍സരിക്കും. ഇതര സംസ്ഥാന തൊഴിലാളികളുടെ കലാപരിപാടികളും നടക്കും.

RELATED STORIES

Share it
Top