തുടര്‍ ഭരണത്തിന് വികസന നാടകം ഉദ്ഘാടനം ചെയ്യാനുള്ള പദ്ധതികളുടെ പട്ടിക തേടി പ്രധാനമന്ത്രിയുടെ ഓഫിസ്‌

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരുവര്‍ഷം പോലും ഇല്ലെന്നിരിക്കെ ഉദ്ഘാടനം ചെയ്യാനും തറക്കല്ലിടാനുമുള്ള രാജ്യത്തെ സുപ്രധാനമായ പദ്ധതികളുടെ പട്ടിക തേടി പ്രധാനമന്ത്രിയുടെ ഓഫിസ്. ഇതിന്റെ ഭാഗമായി ഡിസംബര്‍ 31നുള്ളില്‍ ഉദ്ഘാടനം നിര്‍വഹിക്കാനും തറക്കല്ലിടാനും കഴിയുന്ന പദ്ധതികളുടെ വിശദവിവരങ്ങള്‍ നിര്‍ദേശിക്കാനാണ് എല്ലാ മന്ത്രാലയങ്ങളോടും ആവശ്യപ്പെട്ടിരിക്കുന്നത്.
ഓരോ സംസ്ഥാനത്തുമുള്ള കേന്ദ്രപദ്ധതികളുടെ വിവരങ്ങളാണ് അറിയിക്കേണ്ടത്. പദ്ധതികളുടെ പേര്, പദ്ധതിയുടെ കേന്ദ്ര-സംസ്ഥാന ഫണ്ടിന്റെ കണക്ക്, പദ്ധതിക്കുള്ള അനുമതി വിവരങ്ങള്‍ തുടങ്ങിയ പദ്ധതിയെ സംബന്ധിച്ച വിശദ വിവരങ്ങള്‍ മന്ത്രാലയങ്ങള്‍ നല്‍കണം. പദ്ധതി വിവരങ്ങള്‍ കൈമാറേണ്ട മാതൃക എല്ലാ മന്ത്രാലയങ്ങള്‍ക്കും വിതരണം ചെയ്തുകഴിഞ്ഞു.
2018 അവസാനത്തോടെ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളെ മുന്‍നിര്‍ത്തി ബിജെപി ഭരിക്കുന്ന രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്ഗഡ് എന്നിവിടങ്ങളിലായിരിക്കും ആദ്യഘട്ടത്തില്‍ ഉദ്ഘാടന നാടകങ്ങള്‍ അരങ്ങേറുക. കേന്ദ്രവിഹിത പദ്ധതികളുടെ ക്രെഡിറ്റ് ഒരു കാരണവശാലും എന്‍ഡിഎ സഖ്യത്തിന് പുറത്തുപോവരുതെന്ന കര്‍ശന നിര്‍ദേശവും പ്രധാനമന്ത്രിയുടെ ഓഫിസ് നല്‍കിയിട്ടുണ്ട്.

RELATED STORIES

Share it
Top