തുടര്‍ച്ചയായ ഏഴാം ദിവസവും പാര്‍ലമെന്റ് പ്രക്ഷുബ്ധം

ന്യൂഡല്‍ഹി: പഞ്ചാബ് നാഷനല്‍ ബാങ്ക് തട്ടിപ്പ് വിഷയം ഉയര്‍ത്തി പ്രതിപക്ഷവും ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഭരണകക്ഷിയും നടത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് ഏഴാം ദിവസവും നടപടികളിലേക്ക് കടക്കാതെ പാര്‍ലമെന്റിന്റെ ഇരുസഭകളും പിരിഞ്ഞു.
ബാങ്ക് തട്ടിപ്പ്, ആന്ധ്രപ്രദേശിന് പ്രത്യേക പദവി തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ച് ടിഡിപി, കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ നടുത്തളത്തില്‍ ഇറങ്ങിയതോടെ ലോക്‌സഭ സ്തംഭിച്ചു.
സഖ്യകക്ഷി ധര്‍മം പാലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പിടിച്ച് ഭരണകക്ഷിയായ ടിഡിപിയിലെ എംപിമാര്‍ നടുത്തളത്തില്‍ ഇറങ്ങി ബഹളംവച്ചു. വൈഎസ്ആര്‍ കോണ്‍ഗ്രസും ഇതേ ആവശ്യം ഉന്നയിച്ചു പ്രതിഷേധിച്ചു.
അതേസമയം,  കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും പഞ്ചാബ് നാഷനല്‍ ബാങ്ക് തട്ടിപ്പ് വിഷയം ഉയര്‍ത്തിക്കാട്ടിയാണ് പ്രതിഷേധിച്ചത്. കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് സ്ഥാപിക്കണമെന്ന ആവശ്യമുയര്‍ത്തി തമിഴ്‌നാട്ടില്‍ നിന്നുള്ള എഐഎഡിഎംകെ അംഗങ്ങളും പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങിയതോടെ ബജറ്റ് സമ്മേളനത്തിന്റ രണ്ടാംഘട്ടവും നടപടികള്‍ പൂര്‍ത്തിയാക്കാനാവാതെ അവസാനിക്കുമെന്ന് ഉറപ്പായി.
രാജ്യസഭ ഇന്നലെ ചേര്‍ന്ന ഉടന്‍ തന്നെ പ്രതിഷേധവുമായി അംഗങ്ങള്‍ എഴുന്നേറ്റതോടെ അധ്യക്ഷന്‍ വെങ്കയ്യ നായിഡു സഭ രണ്ടുമണി വരെ നിര്‍ത്തിവച്ചതായി അറിയിച്ച് സ്ഥലം വിട്ടു.
ഉച്ചയ്ക്കു ശേഷം ചേര്‍ന്നപ്പോഴും പ്രതിഷേധം തുടര്‍ന്നു. ബഹളം രൂക്ഷമായതോടെ സഭ ഇന്നലത്തേക്കു പിരിഞ്ഞു.
അതേസമയം, ധനകാര്യ ബില്ലുകളിന്‍മേല്‍ ചര്‍ച്ചകള്‍ നടത്താതെ പാസാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരേ പ്രതിപക്ഷ എംപിമാര്‍ ഇന്നലെ ലോക്‌സഭാ സ്പീക്കര്‍ക്ക് കത്ത്്് നല്‍കി. സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിടുന്നതിനെതിരേയുള്ള ഇക്കണോമിക് ഒഫന്‍ഡേര്‍സ് ബില്ല്, ചിറ്റ് ഫണ്ട് (ഭേദഗതി) ബില്ല്, ഫിനാന്‍സ് ബില്ല് എന്നിവ ഈ സഭാ സമ്മേളനത്തില്‍ തന്നെ എങ്ങനെയെങ്കിലും പാസാക്കിയെടുക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഇന്നും നാളെയും പാര്‍ട്ടിയുടെ എല്ലാ ബിജെപി എംപിമാരും ലോക്‌സഭയില്‍ ഹാജരാവണമെന്ന് പാര്‍ട്ടി വിപ്പ് നല്‍കിയിട്ടുണ്ട്.

RELATED STORIES

Share it
Top