തുടര്‍ച്ചയായി സിറ്റിങ് നടത്താന്‍ വിഴിഞ്ഞം കമ്മീഷന്‍ തീരുമാനം

കൊച്ചി: തുടര്‍ച്ചയായി മൂന്നു ദിവസം സിറ്റിങ് നടത്താന്‍ വിഴിഞ്ഞം തുറമുഖ നിര്‍മാണ കരാര്‍ ക്രമക്കേടുകളന്വേഷിക്കുന്ന ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ കമ്മീഷന്‍ തീരുമാനം. ഇന്നലെ പനമ്പിള്ളി നഗര്‍ ഭവന നിര്‍മാണ ബോര്‍ഡ് കെട്ടിടത്തിലെ ഓഫിസില്‍ നടന്ന സിറ്റിങിലാണ് മാര്‍ച്ച് 12, 13, 14 തിയ്യതികളില്‍ തുടര്‍ച്ചയായി വാദംകേള്‍ക്കാന്‍ കമ്മീഷന്‍ തീരുമാനിച്ചത്.
കമ്മീഷന്റെ പരിഗണനാ വിഷയങ്ങളില്‍ കൂടുതല്‍ വ്യക്തത കൈവരുത്തണമെന്നു ചൂണ്ടിക്കാട്ടി കമ്മീഷന്‍ സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ 27നകം തീരുമാനമുണ്ടാവണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, സര്‍ക്കാരില്‍ നിന്നു മറുപടിയൊന്നുമുണ്ടായില്ല. സത്യവാങ്മൂലം നല്‍കിയതു കൊണ്ടു മാത്രം കേസില്‍ കക്ഷി ചേര്‍ന്നവരുടെ ഉത്തരവാദിത്തം തീരുന്നില്ലെന്നു ചെയര്‍മാന്‍ സി എന്‍ രാമചന്ദ്രന്‍ നായര്‍ വിശദമാക്കി. എജി കണ്ടെത്തിയ ക്രമക്കേടുകളെ ബലപ്പെടുത്തുന്ന വസ്തുതകളും അതില്‍ ഉപരിയായി സ്വന്തംനിലയില്‍ കണ്ടെത്തുന്ന ആക്ഷേപങ്ങളും വാദഗതികളും കമ്മീഷന് മുന്നില്‍ അവതരിപ്പിക്കണമെന്നു കമ്മീഷന്‍ നിര്‍ദേശിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ രേഖാമൂലമുള്ള ആവശ്യമൊന്നും കമ്മീഷനില്‍ നിന്നുമുണ്ടാവില്ലെന്നും വ്യക്തമാക്കി. അതേസമയം വിഴിഞ്ഞം തുറമുഖ കരാര്‍ ഏറ്റെടുത്ത അദാനി ഗ്രൂപ്പ് ഉദ്യോഗസ്ഥരും സര്‍ക്കാരിനു വേണ്ടി വിഴിഞ്ഞം കരാര്‍ ഒപ്പിട്ട മുന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി ജെയിംസ് വര്‍ഗീസും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ തുറമുഖ മന്ത്രി കെ ബാബു തുടങ്ങിയവര്‍ക്കായുള്ള അഭിഭാഷകരും കമ്മീഷന് മുന്നില്‍ വാദഗതികള്‍ നിരത്താന്‍ തയ്യാറായി എത്തിയിരുന്നു.
കമ്മീഷനെ സഹായിക്കുന്നതിനായി സര്‍ക്കാര്‍ നിയോഗിച്ചിട്ടുള്ള ഗവ. പ്ലീഡര്‍ക്കും കേസി ല്‍ സ്വീകരിക്കേണ്ട നിലപാടുകളെ സംബന്ധിച്ച് സര്‍ക്കാര്‍ പ്രത്യേക നിര്‍ദേശമൊന്നും നല്‍കിയിട്ടില്ല.
കരാര്‍ നല്‍കുന്നതില്‍ സംസ്ഥാന താല്‍പര്യത്തിനു വിരുദ്ധമായതും ഖജനാവിന് നഷ്ടംവരുന്നതുമായ തീരുമാനമെടുത്തവരും അതിന് ഉത്തരവാദികളും ആരൊക്കെയെന്നു കണ്ടെത്തുകയാണു കമ്മീഷന്റെ ലക്ഷ്യം. കെ മോഹന്‍ദാസിനെ കമ്മീഷനില്‍ ഉള്‍പ്പെടുത്തിയതിനെതിരേ വിഴിഞ്ഞം സ്വദേശി ഫെലിക്‌സ് കെ പാപ്പോലി അഭിഭാഷകന്‍ മുഖേന പ്രഥമ സിറ്റിങില്‍ത്തന്നെ ആക്ഷേപം ഉന്നയിച്ചിരുന്നു. എന്നാല്‍ കമ്മീഷന്‍ പരാതി പരിഗണിച്ചില്ല.
അതേസമയം കമ്മീഷനില്‍ വിശ്വാസം ഇല്ലെന്നു കരാറിനെതിരേ ഹൈക്കോടതിയെ സമീപിച്ച എം കെ സലീം വ്യക്തമാക്കി. ഇദ്ദേഹം മാത്രമാണ് ഇന്നലെ കമ്മീഷന് മുന്നില്‍ എജിയുടെ കണ്ടെത്തലുകളെ ന്യായീകരിച്ച് വാദിക്കാനെത്തിയത്.

RELATED STORIES

Share it
Top