തുടര്‍ച്ചയായി പരീക്ഷ; വിദ്യാര്‍ഥികള്‍ക്ക് പ്രതിഷേധം

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല പരീക്ഷാഭവന്‍ ഇടവേളയില്ലാതെ തുടര്‍ച്ചയായി പരീക്ഷ പ്രഖ്യാപിച്ചതിനെതിരേ വിദ്യാര്‍ഥികളില്‍ പ്രതിഷേധം. ഫെബ്രുവരി ഒന്നിനുള്ള വിജ്ഞാപനം പ്രകാരം ഈ മാസം 19 മുതല്‍ 23 വരെ നാലാം സെമസ്റ്റര്‍ ത്രിവല്‍സര എല്‍എല്‍ബി അടക്കമുള്ള പരീക്ഷകള്‍ നടത്താനാണു പരീക്ഷാഭവന്‍ തീരുമാനം. ബിബിഎ എല്‍എല്‍ ബി പരീക്ഷകളും 19 മുതല്‍ തുടര്‍ച്ചയായി നടത്താനും സര്‍വകലാശാല തീരുമാനിച്ചിട്ടുണ്ട്.ത്രിവല്‍സര എല്‍എല്‍ബി രണ്ടാം സെമസ്റ്റര്‍ പരീക്ഷകള്‍ ഈ മാസം 26 മുതലാണു നിശ്ചയിച്ചിരിക്കുന്നത്. ഈ പരീക്ഷകള്‍ക്കൊന്നും ഒരൊറ്റ ദിവസത്തെ ഇടവേള പോലുമില്ലെന്നാണ് പരാതി. എന്നാല്‍, മാസ്റ്റര്‍ ഓഫ് ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍, എംഎസ്‌സി ഹെല്‍ത്ത് ആന്റ് യോഗ, ഒന്ന്, രണ്ട് സെമസ്റ്റര്‍ ബി.ടെക്, എംബിഎ പരീക്ഷകളെല്ലാം ഒന്നിടവിട്ട ദിവസങ്ങളിലാണ് നിശ്ചയിച്ചിട്ടുള്ളത്. ഈ രണ്ടുതരത്തിലുള്ള തീരുമാനത്തിനെതിരേയാണ് പ്രതിഷേധമുയര്‍ന്നിരിക്കുന്നത്. ദൂരെ നിന്നു യാത്ര ചെയ്തു പരീക്ഷ എഴുതാനെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് അടുത്ത പരീക്ഷയ്ക്ക് സാവകാശം നല്‍കാത്ത നടപടിയാണ് പരീക്ഷാഭവന്‍ അധികൃതര്‍ കൈക്കൊണ്ടിരിക്കുന്നതെന്നും പരാതിയുണ്ട്. ഈ സാഹചര്യത്തില്‍ ഗവ. ലോ കോളജുകളിലെ വിദ്യാര്‍ഥി പ്രശ്‌നം ഉന്നയിച്ച് എസ്എഫ്‌ഐ സര്‍വകലാശാലാ അധികൃതരെ സമീപിച്ചിട്ടുണ്ട്. സര്‍വകലാശാലാ കലോല്‍സവ നടത്തിപ്പുമായി ബന്ധപ്പെട്ടാണ് തുടര്‍ച്ചയായ ദിവസങ്ങളില്‍ പരീക്ഷ നടത്താന്‍ തീരുമാനിച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം.

RELATED STORIES

Share it
Top