തുടരുന്ന പോലിസ് രാജ്: നിയമങ്ങള്‍ പോലിസിന് ലംഘിക്കാനുള്ളത്‌

കൊച്ചി: നിയമം നടപ്പിലാക്കാന്‍ ബാധ്യസ്തരായ ഉദ്യോഗസ്ഥര്‍ തന്നെ അതു പരസ്യമായി ലംഘിക്കുന്നതാണു പലപ്പോഴും കേരള പോലിസിലെ കീഴ്‌വഴക്കം. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന റെയ്ഡുകളില0ും കരുതല്‍ തടങ്കലിലുമെല്ലാം ഈ നിയമലംഘനം പകല്‍ പോലെ വ്യക്തമാണ്. ഒരാളെ സ്‌റ്റേഷനിലേക്ക് വിളിപ്പിക്കുമ്പോഴും അറസ്റ്റ് ചെയ്യുമ്പോഴും നിയമം അനുശാസിക്കുന്നതും സുപ്രിംകോടതി നിര്‍ദേശിച്ചിട്ടുള്ളതുമായ നടപടിക്രമങ്ങള്‍ മിക്കവാറും പോലിസ് പാലിക്കുന്നില്ല.
പ്രതികളെന്നു സംശയിക്കുന്നവരെ കിട്ടിയില്ലെങ്കില്‍ അവരുടെ വേണ്ടപ്പെട്ടവരെ പിടികൂടി സ്റ്റേഷനില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയാണു പോലിസ്. സാക്ഷി മൊഴിയെടുക്കാന്‍ ക്രിമിനല്‍ പ്രൊസീജിയര്‍ കോഡ് (സിആര്‍പിസി) സെക്ഷന്‍ 160 പ്രകാരം നോട്ടീസ് നല്‍കേണ്ടതുണ്ട്. മാത്രമല്ല സ്ത്രീകളെയോ, 15 വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികളെയോ സ്‌റ്റേഷനിലേക്ക് ഇതിനായി വിളിപ്പിക്കാനും പാടില്ല. ഈ നിയമം പോലിസ് നിര്‍ബാധം ലംഘിക്കുകയാണ്. സ്ത്രീകളെ പോലിസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി മണിക്കൂറുകളോളം അവിടെ ഇരുത്തി. അടുത്ത കുടുംബങ്ങളെ മാത്രമല്ല, വളരെ അകന്ന കുടുംബങ്ങളിലുള്ളവരെയും പോലിസ് നേരിട്ടെത്തി സ്റ്റേഷനില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടു. പലരെയും 12 മണിക്കൂറിനു ശേഷമാണ് വിട്ടയച്ചത്. ജില്ലയ്ക്കു പുറത്തു നിന്നും വിദ്യാര്‍ഥിനികളടക്കമുള്ളവരെ പോലിസ് വിളിച്ചുവരുത്തുന്നു. എറണാകുളത്തെത്തി ഒന്നോ രണ്ടോ മണിക്കൂര്‍ സ്‌റ്റേഷനിലിരുത്തിയ ശേഷം പറഞ്ഞുവിടും.
സിആര്‍പിസി 151ന്റെ മറപിടിച്ചാണു പോലിസ് ആളുകളെ കൂട്ടത്തോടെ പിടികൂടി 24 മണിക്കൂറോളം തടങ്കലില്‍ വയ്ക്കുന്നത്. ഈ വകുപ്പു പ്രകാരം പിടികൂടുന്നവര്‍ക്കെതിരേ കേസെടുക്കേണ്ടതിനു പകരം അവരെ ഒരു വെള്ളക്കടലാസില്‍ ബന്ധുവിനെ കൊണ്ട് ഒപ്പിടുവിച്ചു വിടുകയാണ് പോലിസ്. നിരപരാധികളെ കൂട്ടത്തോടെ അറസ്റ്റ് രേഖപ്പെടുത്തിയാലുണ്ടാവുന്ന ഭവിഷ്യത്തോര്‍ത്താണു പോലിസ്  ഒപ്പു ചാര്‍ത്തി വിട്ടയക്കുന്നത്. സ്ത്രീകളെയും വിദ്യാര്‍ഥിനികളെയും ഇത്തരത്തില്‍ വിളിച്ചുവരുത്തുന്ന പോലിസ് പക്ഷേ, ഹൈക്കോടതിയില്‍ ഞങ്ങള്‍ക്കൊന്നുമറിയില്ലെന്ന നിലപാടാണു സ്വീകരിക്കാറുള്ളത്.
പോലിസ് നടപടി ചോദ്യം ചെയ്തു ഹൈക്കോടതിയെ സമീപിച്ചവരുടെ ഹരജിയില്‍, തങ്ങള്‍ ആരെയും സ്റ്റേഷനില്‍ കൊണ്ടുപോയിട്ടില്ലെന്നും എല്ലാവരും സ്വമേധയാ സ്‌റ്റേഷനില്‍ വന്നതാണെന്നുമുള്ള പച്ചക്കള്ളമാണ് പോലിസ് അറിയിച്ചത്. നോട്ടിസ് നല്‍കാതെ വിളിപ്പിക്കരുതെന്നു ഹൈക്കോടതി നിര്‍ദേശം നല്‍കിയെങ്കിലും പോലിസ് ഇതു പാലിക്കുന്നില്ല. സംശയിക്കുന്നവരെ കിട്ടിയില്ലെങ്കില്‍ ബന്ധുക്കളെ പിടിച്ചു വില പേശുന്ന ഗുണ്ടാ സംഘങ്ങളുടെ പണിയാണു നിയമപാലകര്‍ ചെയ്തുകൊണ്ടിരിക്കുന്നത്.
ഉദ്ദേശിക്കുന്നവരെ കിട്ടിയില്ലെങ്കില്‍ വീട്ടില്‍ കിടത്തിയുറക്കില്ലെന്ന് ഭീഷണി സ്വരത്തിലും സമാധാനപരമായും പോലിസ് പറഞ്ഞു കൊണ്ടിരിക്കുന്നു. റെയ്ഡിനെത്തുന്ന ഉദ്യോഗസ്ഥര്‍ പേരും സ്ഥാനവും യൂനിഫോമില്‍ രേഖപ്പെടുത്തിയിരിക്കണമെന്ന് സുപ്രിംകോടതി 1996ലെ ഡി കെ ബസു കേസില്‍ വിധി പുറപ്പെടുവിച്ചിട്ടുള്ളതാണ്. എന്നാല്‍ വനിതാ പോലിസ് അടക്കം പലരും സിവില്‍ ഡ്രസ്സിലാണ് റെയ്ഡിന് വീടുകളിലെത്തുന്നത്.
അറസ്റ്റ് ചെയ്യുന്നവരെ 24 മണിക്കൂറിനുള്ളില്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കണമെന്ന നിയമം ലംഘിക്കുന്ന പോലിസ് പലപ്പോഴും പിടിച്ചു കൊണ്ടു പോയി ദിവസങ്ങള്‍ക്കു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തുന്നതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. അറസ്റ്റ് ചെയ്യുന്ന സ്ഥലവും സമയവും ഉള്‍പ്പെടുന്ന മെമ്മോ തയ്യാറാക്കി അതില്‍ അറസ്റ്റിലായ ആളെക്കൊണ്ടും ബന്ധുവിന്റേയോ പ്രദേശത്തെ അറിയപ്പെടുന്ന മറ്റേതെങ്കിലും വ്യക്തിയുടേയോ ഒപ്പുവയ്പിക്കുകയും ചെയ്യണമെന്ന ഡി കെ ബസു കേസ് വിധിന്യായത്തിലെ നിര്‍ദേശവും ലംഘിക്കുന്നു. പോലിസ് പിടിച്ചുകൊണ്ടുപോയ പല യുവാക്കളെക്കുറിച്ചും ദിവസങ്ങളായിട്ടും വിവരമൊന്നുമില്ലെന്നു ബന്ധുക്കള്‍ പറയുന്നു.

RELATED STORIES

Share it
Top