തുഗ്ലക്കിന്റെ കാലത്തെ ശവകുടീരം ഹിന്ദുത്വര്‍ കൈയേറി ക്ഷേത്രമാക്കിയ സംഭവം, അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവ്‌

ന്യൂഡല്‍ഹി: തുഗ്ലക്കിന്റെ ഭരണകാലത്ത്്  ഡല്‍ഹിയില്‍ നിര്‍മിച്ച ചരിത്രപ്രസിദ്ധമായ ശവകുടീരം ബിജെപി പ്രവര്‍ത്തകര്‍ വെള്ളയും കാവിയും പെയിന്റടിച്ച് ക്ഷേത്രമാക്കി മാറ്റി. ഡല്‍ഹി സഫ്ദര്‍ജംഗ് എന്‍ക്ലേവിലെ ഹുമയൂണ്‍പൂരിലുള്ള 15ാം നൂറ്റാണ്ടില്‍ നിര്‍മിച്ച ശവകൂടീരമാണ് രണ്ടു മാസം മുമ്പ് പെയിന്റടിച്ച് ക്ഷേത്രമാക്കി മാറ്റിയത്. സംഭവത്തില്‍ അടിയന്തര അന്വേഷണത്തിന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉത്തരവിട്ടു.
തുഗ്ലക്ക് കാലഘട്ടത്തില്‍  നിര്‍മിച്ചതെന്ന് കരുതപ്പെടുന്ന ഈ പുരാണ സ്മാരകം ശവകൂടീരമാണെന്നാണ് ഇന്ത്യന്‍ നാഷനല്‍ ട്രസ്റ്റ് ഫോര്‍ കള്‍ച്ചറല്‍ ഹെറിറ്റേജിന്റെ രേഖകളില്‍ പറയുന്നത്. എന്നാല്‍, കഴിഞ്ഞ മാര്‍ച്ചില്‍ ഇവിടെ പ്രദേശവാസികളായ ചിലര്‍ കാവിയും വെള്ളയും പൂശി ഹൈന്ദവ ദേവീദേവന്‍മാരുടെ വിഗ്രഹങ്ങള്‍ സ്ഥാപിച്ച് ആരാധന തുടങ്ങുകയായിരുന്നു. പൗരാണിക സ്മാ—രകം കൈയേറിയത് നിയമവിരുദ്ധമാണെന്നും നടപടിയെടുക്കണമെന്നുമാണ് മനീഷ് സിസോദിയ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരിക്കുന്നത്.
പുരാതന സ്—മാരകം കൈയേറിയതിനു പുറമേ പ്രദേശത്തെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമം കൂടി ഇതിനു പിന്നിലുണ്ടെന്നും എത്രയും പെട്ടെന്നു റിപോര്‍ട്ടു നല്‍കണമെന്നുമാണ് ഉപമുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരിക്കുന്നത്.     സ്മാരകം കൈയേറിയത് ശ്രദ്ധയില്‍ പെട്ടിരുന്നെന്നും വിഷയത്തില്‍ പോലിസില്‍ പരാതി നല്‍കിയിരുന്നെന്നുമാണ് സംസ്ഥാന ആര്‍ക്കിയോളജി വിഭാഗം തലവന്‍ വികാസ് മാലു പ്രതികരിച്ചത്. കഴിഞ്ഞ മാര്‍ച്ചിലാണ് ഇതുസംബന്ധിച്ച് പോലിസില്‍ പരാതി നല്‍കിയത്. ഡിസിപിക്കാണു പരാതി നല്‍കിയത്. എന്നാല്‍ മതിയായ ഉദ്യോഗസ്ഥരില്ലെന്ന് പറഞ്ഞ് പോലിസ് നടപടിയെടുത്തില്ല.
അടുത്ത ദിവസങ്ങളില്‍ തന്നെ പോലിസ് സുരക്ഷയോടെ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും വികാസ് പറഞ്ഞു. എന്നാല്‍, പെയിന്റിങ് നടന്നതും പുതിയ വിഗ്രഹങ്ങള്‍ സ്ഥാപിച്ചതും കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണെങ്കിലും ഇത് പുരാതനകാലം മുതല്‍ ക്ഷേത്രമാണെന്നാണു പ്രദേശത്തെ സംഘപരിവാര പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. ഇവിടെ സ്ഥാപിച്ചിരിക്കുന്ന ഒരു മാര്‍ബിള്‍ ഫലകത്തില്‍ 1971ല്‍ സ്ഥാപിച്ച ഭോല ശിവ മന്ദിര്‍ എന്നാണ് എഴുതിയിരിക്കുന്നതെന്നാണ് ഇവരുടെ അവകാശവാദം.

RELATED STORIES

Share it
Top