തീവ്രവാദി പ്രയോഗംവിജയരാഘവനെതിരേ പ്രതിഷേധം

മലപ്പുറം: ദേശീയപാത സ്വകാര്യവല്‍ക്കരിച്ച് ചുങ്കപ്പാതയാക്കി വികസിപ്പിക്കാന്‍ ആയിരങ്ങളെ കുടിയിറക്കിവിടുന്നതിനെതിരേ സമരരംഗത്തുള്ളവരെ തീവ്രവാദികള്‍ എന്ന് വിളിച്ചാക്ഷേപിച്ച സിപിഎം നേതാവ് എ വിജയരാഘവന്‍ സംഘപരിവാറിനെ സുഖിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും മലപ്പുറം ജനതയെ അവഹേളിച്ച അദ്ദേഹം മാപ്പ് പറയണമെന്നും എന്‍എച്ച് ആക്്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.
സമരരംഗത്തുള്ളവരെല്ലാം തീവ്രവാദികളാണെങ്കില്‍ അരീതോട് സര്‍വേക്കെതിരായ സമരത്തെത്തുടര്‍ന്ന് അറസ്റ്റ് ചെയ്യപ്പെട്ട സമരസമിതി കണ്‍വീനറും എ ആര്‍ നഗര്‍ പഞ്ചായത്ത്, സിപിഎം മെംബറുമായ കെ പി റിയാസും തീവ്രവാദിയാണോയെന്ന് വിജയരാഘവന്‍ വ്യക്തമാക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ദേശീയപാത 66 ല്‍ വലിയപറമ്പ് മുതല്‍ അരീതോട് വരെ ജനവാസ കേന്ദ്രങ്ങളിലൂടെ പുതുക്കി നിശ്ചയിച്ച അലൈന്‍മെന്റിനെതിരേ പ്രതിഷേധിച്ച പ്രദേശവാസികളെ ക്രൂരമായി തല്ലിച്ചതച്ച പോലിസ് നടപടി കിരാതമാണ്. ജനങ്ങളുടെ മുറിവില്‍ മുളക് തേച്ച് അവരെ തീവ്രവാദികളെന്ന് ആക്ഷേപിച്ച എ വിജയരാഘവന്‍ ജനാധിപത്യ കേരളത്തിന്റെ ദുരന്തമാണെന്നും പരാമര്‍ശം പിന്‍വലിച്ച് മലപ്പുറത്തെ ജനതയോട് മാപ്പ് പറയണമെന്നും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അഭിപ്രായപ്പെട്ടു. ഡിസിസി പ്രസിഡന്റ് അഡ്വ. വി വി പ്രകാശ് അധ്യക്ഷത വഹിച്ചു. മുന്‍ ഡിസിസി പ്രസിഡന്റ് യു അബൂബക്കര്‍, ഡിസിസി വൈസ് പ്രസിഡന്റ് വീക്ഷണം മുഹമ്മദ്, ഖജാഞ്ചി വല്ലാഞ്ചിറ ഷൗക്കത്തലി, ഡിസിസി ജനറല്‍ സെക്രട്ടറിമാരായ പി സി വേലായുധന്‍കുട്ടി, സി സുകുമാരന്‍, കെ പി നൗഷാദ് അലി സംസാരിച്ചു.

RELATED STORIES

Share it
Top