തീവ്രവാദിയെന്ന് വിളിച്ചു;എംടിക്കെതിരെ ആരോപണവുമായി മുസ്‌ലിം വിദ്യാര്‍ഥി

തിരുവനന്തപുരം: സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായര്‍ക്കെതിരെ ആരോപണവുമായി വിദ്യാര്‍ഥി രംഗത്ത്. തൃശൂര്‍ ചാമക്കാല നഹ്ജുര്‍ റശാദ് ഇസ്‌ലാമിക്ക് കോളജിലെ വിദ്യാര്‍ഥി സലീം മണ്ണാര്‍ക്കാട് ആണ് ആരോപണവുമായി രംഗത്തെത്തിയത്.ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് സലീമിന്റെ വെളിപ്പെടുത്തല്‍. മലയാള സാഹിത്യ പ്രഭാഷണ മേഖലയെ പരിചയപ്പെടുത്തുന്നതിന് വേണ്ടി നടത്തിയ അക്ഷരമാല '17 എന്ന ദ്വിദിന ശില്‍പ്പശാലയുടെ മുഖ്യ കാര്യദര്‍ശിയായി തെരഞ്ഞെടുത്ത  എം.ടിയുടെ അടുത്ത് എത്തിയപ്പോള്‍ അദ്ദേഹം മുസ് ലിം വിരുദ്ധ പരാമര്‍ശനം നടത്തിയതായാണ് സലീമിന്റെ ആരോപണം. ശില്‍പശാലയുടെ കാര്യദര്‍ശിയെന്ന നിലയില്‍ സാക്ഷിപത്രത്തില്‍ ഒപ്പിട്ടു തരുമോ എന്ന് ആവശ്യപ്പെട്ടപ്പോള്‍  'ഈ കുട്ടികള്‍ എങ്ങാനും ഭാവിയില്‍ തീവ്രവാദികളായി വന്നാല്‍ ഞാന്‍ എന്തുചെയ്യും?ഇനി സ്വര്‍ഗത്തില്‍ വച്ച് കാണാം എന്ന് പറഞ്ഞല്ലേ വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ത്തത് എന്നായിരുന്നു എംടിയുടെ പ്രതികരണമെന്ന് സലീം പറയുന്നു.
ഭാരതത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ ഗൗരി ലങ്കേഷ്‌കര്‍മാരും, കല്‍ബുര്‍ഗിമാരും ഭാരതത്തിന്റെ പൈതൃക പെരുമയും പാരമ്പര്യ ഗരിമയും നിലനിര്‍ത്താന്‍ സ്വന്തം ജീവന്‍ അടിയറ വയ്ക്കുമ്പോള്‍ ഇത്തരമൊരു തുറന്നു പറച്ചില്‍ നടത്തേണ്ടി വന്നതില്‍ താന്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്ന ആമുഖത്തോടെയാണ് സലീം പോസ്റ്റ് തുടങ്ങുന്നത്. ശില്‍പശാലയിലേക്ക് ക്ഷണിക്കുന്നതിനുവേണ്ടി എംടിയെ സമീപിച്ചപ്പോള്‍ അദ്ദേഹത്തിന്റെ പ്രതികരണം സലീം വിവരിക്കുന്നതിങ്ങനെ:

അക്ഷരമാല '17 എന്ന മലയാള സാഹിത്യ പ്രഭാഷണ മേഖലയെ പരിചയപ്പെടുത്തുന്നതിന് വേണ്ടി നടത്തിയ ദ്വിദിന ശില്‍പ്പശാലയുടെ മുഖ്യ കാര്യദര്‍ശിയായി ഞങ്ങള്‍ തെരഞ്ഞെടുത്തത് താങ്കളെയായിരുന്നു താങ്കള്‍ അത് അംഗീകരിക്കുകയും ചെയ്തു. ഏറെ പ്രതീക്ഷകളോടെ എം.ടി എന്ന ആ പേമാരിയെ നേരില്‍ കാണാന്‍ നിരവധി തവണ ഫോണിലൂടെ ബന്ധപ്പെട്ടതിന് ശേഷമാണ് ഞങ്ങള്‍ അങ്ങയുടെ അടുത്തെത്തിയത്.
നല്ല ഒരു ദിനത്തില്‍ (നബിദിനത്തിന്) പ്രതീക്ഷകളുടെ മനപ്പായസമുണ്ടു കൊണ്ടാണ് ഞങ്ങള്‍ ആ പടിവാതില്‍ കാല്‍കുത്തിയത്.  പല കാരണങ്ങളും പറഞ്ഞ് അങ്ങ് ഒഴിഞ്ഞുമാറി.... എന്നാല്‍ കാര്യദര്‍ശി യെന്ന നിലയില്‍ സാക്ഷിപത്രത്തില്‍ ഒപ്പിട്ടു തരുമോ എന്ന് താഴ്മയുടെ ഭാഷയില്‍ ആവശ്യപ്പെട്ടപ്പോഴാണല്ലോ താങ്കള്‍ കലി തുള്ളിയത്. 'ഈ കുട്ടികള്‍ എങ്ങാനും ഭാവിയില്‍ തീവ്രവാദികളായി വന്നാല്‍ ഞാന്‍ എന്തുചെയ്യും? ഇനി സ്വര്‍ഗത്തില്‍ വച്ച് കാണാം എന്ന് പറഞ്ഞല്ലേ വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ത്തത് ' അവസാനം അരക്ക് കീപ്പോട്ട് തളര്‍ന്നു കിടക്കുന്നവന്‍ ഒരു ചവിട്ട് വച്ച് തരും എന്ന് പറയുന്നതു പോലെ 'ദാറ്റ് ഈസ് ഓള്‍ ' എന്ന് ഇംഗ്ലീഷില്‍ ഒരു കസര്‍ത്തും.

RELATED STORIES

Share it
Top