'തീവ്രവാദിയുടെ അച്ഛന്‍' നടത്തിയത് സമാനതകളില്ലാത്ത മനുഷ്യാവകാശ പോരാട്ടം

എം എം  സലാം
ആലപ്പുഴ: ''എന്റെ മോന്‍ ഒരിക്കലും തീവ്രവാദിയായിരുന്നില്ല. സ്‌നേഹിക്കാന്‍ മാത്രമറിയാവുന്ന അവന് തീവ്രവാദിയാവാന്‍ ഒരിക്കലും കഴിയുമായിരുന്നില്ല. നിരപരാധിയായ എന്റെ മകനെ പിടിച്ചുകൊണ്ടുപോയി വെടിവച്ചുകൊന്നവര്‍ മരണശേഷവും എന്നെയും അവന്റെ കുടുംബത്തെയും വേട്ടയാടുകയായിരുന്നു.'' നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഭരണകൂട ഭീകരതയ്‌ക്കെതിരേയുള്ള പോരാട്ടവീഥിയില്‍ ആരോഗ്യവും സമ്പത്തും അനുദിനം ക്ഷയിച്ചു കൊണ്ടിരിക്കുമ്പോഴും ചാരുംമൂട് മണലാടി തെക്കതില്‍ ഗോപിനാഥന്‍ പിള്ളയുടെ വാക്കുകള്‍ ഇപ്രകാരമായിരുന്നു. ഒരുനാള്‍ സത്യം പുറത്തുവന്ന് തീവ്രവാദിയുടെ അച്ഛനെന്ന വിളിപ്പേര് മാറിക്കിട്ടുന്നതും മോദിയുടെ അധികാരഗര്‍വിനെ സത്യം അതിജയിക്കുന്നതുമാണ് തന്റെ സ്വപ്‌നമെന്നായിരുന്നു 80ാം വയസ്സില്‍ വിടപറയുന്നതിനു മുമ്പും അദ്ദേഹം പങ്കുവച്ചത്.
2004 ജൂണ്‍ 15 ചൊവ്വാഴ്ചയായിരുന്നു താന്‍ പ്രാണനുതുല്യം സ്‌നേഹിച്ച മകന്‍ പ്രാണേഷ്‌കുമാറെന്ന ജാവീദ് ശെയ്ഖിന്റെയും മറ്റു മൂന്നുപേരുടെയും ജീവനെടുത്ത, ഒപ്പം ഗോപിനാഥന്‍പിള്ളയുടെ ജീവിതം മാറ്റിമറിച്ച വ്യാജ ഏറ്റുമുട്ടല്‍ സംഭവം പുറംലോകമറിയുന്നത്. അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയും ഇന്നത്തെ പ്രധാനമന്ത്രിയുമായ നരേന്ദ്രമോദിയുടെ അഹ്മദാബാദിലെ ഔദ്യോഗിക വസതിയില്‍ നിന്ന് ഏതാണ്ട് 40 കിലോമീറ്റര്‍ അകലെ മുംബൈ-അഹ്മദാബാദ് ദേശീയപാതയില്‍ വെടിയേറ്റ ഒരു പച്ച ടാറ്റ ഇന്‍ഡിക കാറിനു മുകളില്‍ നാലു മൃതദേഹങ്ങള്‍ അന്നത്തെ ക്രൈംബ്രാഞ്ച് മേധാവി ഡി ജി വന്‍സാര നിരത്തിക്കിടത്തി.വെടിയേറ്റ അവരുടെ നെഞ്ചിന്‍കൂടുകള്‍ക്കുമേല്‍ ഓരോ എകെ 47 തോക്കുകളും ചാരിവച്ചിട്ടുണ്ടായിരുന്നു. മലയാളിയായ ജാവീദ് എന്ന പ്രാണേഷ്‌കുമാര്‍, 18 വയസ്സുകാരിയായ ഇശ്‌റത് ജഹാന്‍ റാസ, അംജദലി അക്ബറലി റാണ, അബ്ദുല്‍ഗനി എന്നിവരുടേതായിരുന്നു മൃതദേഹങ്ങള്‍. ദേശീയ മാധ്യമങ്ങളടക്കം സംഭവസ്ഥലത്തു പാഞ്ഞെത്തി. മുഖ്യമന്ത്രി നരേന്ദ്രമോദിയെ വധിക്കാന്‍ പാകിസ്താനില്‍നിന്നെത്തിയ ചാവേറുകളെ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയെന്ന വന്‍സാരയുടെയും മറ്റു പോലിസ് ഉദ്യോഗസ്ഥരുടെയും വീമ്പുപറച്ചില്‍ തൊണ്ടതൊടാതെ മാധ്യമങ്ങള്‍ ഏറ്റുപിടിക്കുകയും ഒന്നാംപേജില്‍ തന്നെ അച്ചുനിരത്തുകയും ചെയ്തു.
മരിച്ചവരില്‍ ഒരാള്‍ പ്രാണേഷ്‌കുമാറാണെന്നു തെളിഞ്ഞതോടെ തീവ്രവാദിയുടെ അച്ഛനെന്ന ആട്ടും തുപ്പുമായിരുന്നു ഗോപിനാഥന്‍പിള്ളയ്ക്കു നേരിടേണ്ടിവന്നത്. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റും എന്‍എസ്എസ് കരയോഗം പ്രസിഡന്റുമൊക്കെയായി നാട്ടിലെ പൊതുരംഗത്ത് സജീവ സാന്നിധ്യമായിരുന്നു ഗോപിനാഥന്‍പിള്ള. ജീവിതകാലം മുഴുവന്‍ താന്‍ പ്രവര്‍ത്തിച്ച എന്‍എസ്എസ് കൊട്ടക്കാട്ടുശ്ശേരി 124ാം നമ്പര്‍ കരയോഗത്തിന്റെ ഖജാഞ്ചിസ്ഥാനത്തുനിന്നു നീക്കിയായിരുന്നു ഊരുവിലക്ക് ആരംഭിച്ചത്. ബന്ധുക്കളും നാട്ടുകാരും ഏര്‍പ്പെടുത്തിയ അപ്രഖ്യാപിത വിലക്കിനു പുറമേ മകന്റെ മരണകാരണമറിയാനുള്ള നിയമപോരാട്ടവുമായി മുന്നോട്ടുപോയതോടെ പോലിസിന്റെയും രഹസ്യാന്വേഷണവിഭാഗത്തിന്റെയും നിരന്തര സമ്മര്‍ദങ്ങളുമുണ്ടായി. ഏതൊരാളും തകര്‍ന്നുപോവുന്ന ഈ ജീവിതസാഹചര്യത്തിലാണ് അദ്ദേഹത്തിന് കൈത്താങ്ങായി മനുഷ്യാവകാശപ്രവര്‍ത്തകന്‍ മുകുന്ദന്‍ സി മേനോനും പിന്നീട് എന്‍സിഎച്ച്ആര്‍ഒ ആയ അന്നത്തെ സിഎച്ച്ആര്‍ഒയും രംഗത്തുവന്നത്.
ഇശ്‌റത് ജഹാന്റെ മാതാവ് ശമീമ കൗസറും ഗോപിനാഥന്‍പിള്ളയും സമര്‍പ്പിച്ച ഹരജിയെ തുടര്‍ന്ന് സംഭവം അന്വേഷിക്കാന്‍ ഹൈക്കോടതി പ്രത്യേക സംഘത്തെ നിയോഗിച്ചു. നാലുപേരും കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലാണെന്നു പ്രത്യേക അന്വേഷണസംഘം കണ്ടെത്തി. തുടര്‍ന്ന് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ഗുജറാത്ത് ക്രൈം റിക്കാര്‍ഡ് ബ്യൂറോ എസ്പി ജി എല്‍ സിംഗാള്‍ അടക്കം അഞ്ചു പോലിസ് ഉദ്യോഗസ്ഥരെ സിബിഐ സംഘം അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
ജാവീദിനെ കസേരയില്‍ ഇരുത്തി പിസ്റ്റള്‍കൊണ്ട് 45 ഡിഗ്രിയില്‍ തലയ്ക്കു വെടിവച്ചതിന്റെ തെളിവുകളും നിയമപോരാട്ടത്തിന്റെ ഭാഗമായി ഗോപിനാഥന്‍പിള്ളയ്ക്ക് ലഭിച്ചിരുന്നു. ഏറ്റുമുട്ടല്‍ നടക്കുന്നതിന് എട്ടുമണിക്കൂര്‍ മുമ്പു മരിച്ചിരുന്നു എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്. എവിടെയോ വച്ച് കൊന്നശേഷം വ്യാജ ഏറ്റുമുട്ടല്‍ ഒരുക്കുകയായിരുന്നു. അവര്‍ സഞ്ചരിച്ച കാറിനു വെടിയേറ്റ തോക്കില്‍നിന്നല്ല തലയ്ക്കു വെടിയേറ്റത്. നാലുദിവസം പോലിസ് കസ്റ്റഡിയില്‍ വച്ചശേഷമായിരുന്നു അവരെ കൊന്നതെന്നും സിബിഐ കണ്ടെത്തിയിരുന്നു.
പൂനെയില്‍ താന്‍ ജോലി ചെയ്തിരുന്ന സമയത്ത് സ്ഥലത്തുണ്ടായിരുന്ന മുസ്‌ലിം കുടുംബത്തിലെ പെണ്‍കുട്ടിയുമായി മകന്‍ പ്രണയത്തിലായതും അവന്‍ ഇസ്‌ലാം സ്വീകരിച്ച് അവളെ വിവാഹം കഴിച്ചതുമായ കഥ വ്യക്തമായറിയാവുന്ന ഗോപിനാഥന്‍പിള്ള മകന്റെ മതംമാറ്റത്തെയും അന്യമതത്തില്‍പ്പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിനെയും ആദ്യകാലത്തു മാത്രമാണ് എതിര്‍ത്തത്. മതം മാറിയാലും നാട്ടിലെ തന്റെയും ഭാര്യയുടെയും കാര്യങ്ങളില്‍ ജാവീദ് ശ്രദ്ധപുലര്‍ത്തുന്നുണ്ടെന്നു മനസ്സിലായതോടെ ഇവര്‍ തമ്മിലുള്ള ബന്ധം പിന്നീട് ദൃഢമാവുകയായിരുന്നു. തന്റെ നാട്ടിലുണ്ടായിരുന്ന സമ്പാദ്യം വിറ്റു ഭാര്യയുടെയും പേരക്കുട്ടികളുടെയും പേരില്‍ താമസസ്ഥലമായ പൂനെയില്‍ ഫഌറ്റ് വാങ്ങുകയും ചെയ്തിരുന്നു. മകനും ഭാര്യക്കും പേരക്കുട്ടികള്‍ക്കും ഗോപിനാഥന്‍പിള്ളയുടെ മണലാടി തെക്കതില്‍ വീട്ടില്‍ എന്നും സ്ഥാനവുമുണ്ടായിരുന്നു. അന്യമതക്കാരനായ പൗത്രന്‍ അബൂബക്കര്‍സിദ്ദീഖിനെ ഒരുകൊല്ലം നാട്ടില്‍ തന്നോടൊപ്പം നിര്‍ത്തി മദ്‌റസയിലും സ്‌കൂളിലുമയക്കാനും ഗോപിനാഥന്‍പിള്ള തയ്യാറായിരുന്നു.
അതിരുകളില്ലാത്ത സ്‌നേഹത്തിന്റെയും പരസ്പരവിശ്വാസത്തിന്റെയും കൈയൊപ്പുകള്‍ ചാര്‍ത്തിയതിനൊപ്പം മനുഷ്യാവകാശ പോരാട്ടത്തില്‍ സമാനതകളില്ലാത്ത ചരിത്രംകൂടി സൃഷ്ടിച്ചാണ് 80ാം വയസ്സില്‍ ഗോപിനാഥന്‍പിള്ള വിടപറയുന്നത്.

RELATED STORIES

Share it
Top