തീവ്രപരിചരണ വിഭാഗത്തില്‍ സിസിടിവി സ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍കൊച്ചി: സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ ആശുപത്രികളുടെ തീവ്രപരിചരണ വിഭാഗത്തിലും ഓപറേഷന്‍ തിയേറ്ററിലും സിസിടിവി കാമറകള്‍ നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. തിയേറ്ററുകളിലും തീവ്രപരിചരണ വിഭാഗത്തിലും ഒരു രോഗിക്ക് നല്‍കുന്ന ചികില്‍സയുടെ വിശദാംശങ്ങള്‍ മുറിക്ക് പുറത്ത് കാത്തിരിക്കുന്ന ബന്ധുക്കള്‍ക്ക് തല്‍സമയം ദൃശ്യരൂപത്തില്‍ കാണാന്‍ കഴിയണമെന്ന് കമ്മീഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി മോഹനദാസ് നിര്‍ദേശിച്ചു. ഒമാനില്‍ ഡോക്ടറായ സജീവ് ഭാസ്‌കര്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. ചീഫ് സെക്രട്ടറിക്കും ആരോഗ്യ, റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിമാര്‍ക്കുമാണ് ഉത്തരവ് നല്‍കിയിരിക്കുന്നത്. ചെയ്യാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ ഒരു മാസത്തിനുള്ളില്‍ സര്‍ക്കാര്‍ സമര്‍പ്പിക്കണം. സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളുടെ തീവ്രപരിചരണ വിഭാഗങ്ങള്‍, ഓപറേഷന്‍ തിയേറ്റര്‍ എന്നിവിടങ്ങളില്‍ അടച്ചിട്ട മുറിക്കുള്ളില്‍ നടക്കുന്ന ചികില്‍സ രോഗികളുടെ ബന്ധുക്കളില്‍ ആശങ്കയുണ്ടാക്കുന്ന പശ്ചാത്തലത്തിലാണ് കമ്മീഷന്റെ ഇടപെടല്‍. മരിച്ച രോഗികള്‍ക്ക് വരെ ചില സ്വകാര്യ ആശുപത്രികള്‍ വെന്റിലേറ്ററിന് വാടക വാങ്ങുന്നതായി ആക്ഷേപമുണ്ട്. പണത്തിനുവേണ്ടി മരിച്ചവരെ തീവ്രപരിചരണ വിഭാഗത്തില്‍ രഹസ്യമായി ചികില്‍സിക്കാറുണ്ടെന്നും ആക്ഷേപമുണ്ട്.  ബില്ലിനു വേണ്ടി അനാവശ്യ ശസ്ത്രക്രിയകളും പതിവാണ്. ഇത്തരം ആക്ഷേപങ്ങള്‍ സിസിടിവി സ്ഥാപിച്ചാല്‍ ഒഴിവാക്കാനാവും. ചികില്‍സാ ചെലവുകള്‍ ഏകീകരിക്കാന്‍ പുതിയ നിയമത്തിന് കഴിയുമെന്ന് ഉത്തരവില്‍ പറയുന്നു.

RELATED STORIES

Share it
Top