തീവ്രപരിചണ യൂനിറ്റുകളുടെ പ്രവര്‍ത്തനം നിലച്ചു

തിരുവനന്തപുരം: അറ്റകുറ്റപ്പണികള്‍ വൈകിയതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ന്യൂറോ, ഗ്യാസ്‌ട്രോ, നെഫ്രോളജി വിഭാഗങ്ങളിലെ തീവ്രപരിചണ യൂനിറ്റുകളുടെ പ്രവര്‍ത്തനം നിലച്ചു. പ്രത്യേക ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന ഈ മൂന്നു വിഭാഗങ്ങളിലുമായി 20 കിടക്കകളാണുള്ളത്. ശീതീകരണ സംവിധാനം പ്രവര്‍ത്തിക്കാത്തതിനാല്‍ വെന്റിലേറ്ററുകളും രക്തം ശുദ്ധീകരിച്ചു മാറ്റിവയ്ക്കുന്ന പ്ലക്‌സ് മെഷീനും വാര്‍ഡില്‍ അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുകയാണ്. താഴ്ന്ന അന്തരീക്ഷ ഊഷ്മാവില്‍ സൂക്ഷിക്കേണ്ട, ലക്ഷങ്ങള്‍ വിലവരുന്ന പല ഉപകരണങ്ങളും തകരാറിലായി. പത്തു വെന്റിലേറ്ററുകളില്‍ ആറെണ്ണം തകരാറിലായി. അവശേഷിക്കുന്ന നാലെണ്ണം ട്രാന്‍സ്പ്ലാന്റ് ഐസിയുവിലേക്കു മാറ്റി.
അതേസമയം, തീവ്രപരിചരണ യൂനിറ്റുകളിലെ രോഗികള്‍ക്ക് വിദഗ്ധ ചികില്‍സ നല്‍കുന്നതില്‍ തടസ്സമുണ്ടായിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ശീതീകരണ സംവിധാനം മെയിന്റന്‍സ് ചെയ്യുന്നതിനാല്‍ ഇവിടെ കിടത്തിയിരുന്ന 20 രോഗികളെ ലിവര്‍ ട്രാന്‍സ്പ്ലാന്റ് ഐസിയു, റീനന്‍ ട്രാന്‍സ്പ്ലാന്റ് ഐസിയു, ഹൈകെയര്‍ ഐസിയു എന്നിവയിലേക്ക് മാറ്റി ചികില്‍സ തുടരുകയാണ്.
എസ്എസ്ബിഎം ഐസിയുവില്‍ അഞ്ച് വെന്റിലേറ്ററുകള്‍ പ്രവര്‍ത്തനക്ഷമമാണ്. ഇവിടെ നിലവില്‍ മൂന്ന് രോഗികള്‍ വെന്റിലേറ്ററില്‍ ചികില്‍സയില്‍ തുടരുന്നുണ്ട്. പ്രവര്‍ത്തനരഹിതമായ രണ്ട് വെന്റിലേറ്ററുകള്‍ ബയോമെഡിക്കല്‍ വിഭാഗം നന്നാക്കിവരുന്നു. ഇവിടത്തെ പ്ലാസ്മ ഫെറസിസ് മെഷീന്‍ പ്രവര്‍ത്തന ക്ഷമമാണ്. തുടര്‍ച്ചയായി ഒന്നിടവിട്ട ദിവസങ്ങളില്‍ ഇവിടെ പതിവുപോലെ തന്നെ രോഗികള്‍ക്ക് പ്ലാസ്മ ഫെറസീസ് ചെയ്യുന്നുമുണ്ട്. എച്ച്എല്‍എല്‍ ലിമിറ്റഡിനായിരുന്നു എസ്എസ്ബിയുടെ പരിപാലന ചുമതല ഉണ്ടായിരുന്നത്.
എന്നാല്‍ എച്ച്എല്‍എല്ലിന്റെ കരാര്‍ കാലാവധി അവസാനിച്ചശേഷം സര്‍ക്കാര്‍ ഏറ്റെടുത്ത് പിഡബ്ല്യുഡി വിഭാഗമാണ് എസ്എസ്ബി ഇപ്പോള്‍ പരിപാലിക്കുന്നത്. മെഡിക്കല്‍ കോളജില്‍ നെഫ്രോ, ഗാസ്‌ട്രോ, ന്യൂറോ വിഭാഗങ്ങളിലെ ഒരു രോഗിക്ക് പോലും ഇതുവരെ ചികില്‍സ നിഷേധിക്കുകായോ, ഐസിയു, സേവനം തടസ്സപ്പെടുകയോ ചെയ്തിട്ടില്ല. മറിച്ചുള്ള പ്രചാരണം തെറ്റാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
കേന്ദ്രസര്‍ക്കാരിന്റെ ധനസഹായത്തോടെയാണു പൂര്‍ണമായി ശീതീകരണ സംവിധാനങ്ങളുള്ള ന്യൂറോ ബ്ലോക്ക് നിര്‍മിച്ചത്. എച്ച്എല്‍എല്‍ ലിമിറ്റഡിന്റെ പരിപാലനത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഏറ്റവും ആധുനികമായ ന്യൂറോ ബ്ലോക്കിലാണു കാംപസിലെ ഏറ്റവും വലിയ തീവ്രപരിചണ യൂനിറ്റും പ്രവര്‍ത്തിച്ചിരുന്നത്. കെട്ടിടം ഉദ്ഘാടനം ചെയ്തു അഞ്ചുവര്‍ഷത്തോളം മികച്ച സൗകര്യങ്ങളാണ് ഉണ്ടായിരുന്നത്.
പിന്നീട് എച്ച്എല്‍എല്ലിനെ പരിപാലനചുമതലയില്‍നിന്നു മാറ്റിയതോടെ ബ്ലോക്കിന്റെ ആധുനികരൂപം തന്നെ നഷ്ടപ്പെട്ടു. അറ്റകുറ്റപ്പണികള്‍ നടക്കാതെവന്നു.
ഫെബ്രുവരി 24ന് അറ്റകുറ്റപ്പണികള്‍ക്കായി ന്യൂറോ വിഭാഗത്തിലെ തീവ്രപരിചരണവിഭാഗം അടച്ചു. മാര്‍ച്ച് മൂന്നിനു വീണ്ടും തുറന്നെങ്കിലും മൂന്നുദിവസങ്ങള്‍ക്കുശേഷം വീണ്ടും പൂട്ടി. ശീതീകരണവിഭാഗം പ്രവര്‍ത്തിക്കാതെ വന്നതോടെ വീണ്ടും അടച്ചു. ഉപകരണങ്ങള്‍ ലഭിക്കാത്തതിനാലാണ് അറ്റകുറ്റപ്പണി വൈകുന്നതെന്നാണ് കരാറെടുത്തവര്‍ ആശുപത്രി അധികൃതരെ അറിയിച്ചിരിക്കുന്നത്.

RELATED STORIES

Share it
Top