തീരുമാനത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്സില്‍ കൂട്ടരാജി

ചെര്‍പ്പുളശ്ശേരി: കുലുക്കല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റായി 15ാം വാര്‍ഡ് അംഗം കോണ്‍ഗ്രസിലെ എന്‍ ഗോപകുമാറിനെ തിരഞ്ഞെടുത്തു. ഇന്നലെ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ആറിനെതിരെ ഒമ്പത് വോട്ടുകള്‍ക്കാണ് ഗോപകുമാര്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. സിപിഎം സ്ഥാനാര്‍ഥിയായി എസ് രാജേന്ദ്രനുണ്ണിയാണ് മല്‍സരിച്ചത്. പഞ്ചായത്തിലെ ഏക ബിജെപി അംഗം യോഗത്തില്‍ പങ്കെടുത്തെങ്കിലും വോട്ട് ബഹിഷ്‌കരിച്ചു. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തില്‍ കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടെ പ്രസിഡന്റാകുന്ന മൂന്നാമത്തെ വ്യക്തിയാണ് എന്‍ ഗോപകുമാര്‍. മുന്‍ പ്രസിഡന്റായിരുന്ന കോണ്‍ഗ്രസിലെ സുലൈഖ ജമീല ഉമ്മര്‍ സര്‍ക്കാര്‍ ജോലി ലഭിച്ചതിനെതുടര്‍ന്ന് പ്രസിഡന്റ് സ്ഥാനവും പഞ്ചായത്ത് അംഗത്വവും രാജിവെച്ചതിനെതുടര്‍ന്നാണ് വീണ്ടും പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നത്. 17 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ പത്ത് സീറ്റുകള്‍ നേടിയാണ് യുഡിഫ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയത്. ഇതില്‍ ഒഴിവുവന്ന ഒരു സീറ്റൊഴികെ ഒമ്പതു പേരുടെ പിന്തുണയും എന്‍ ഗോപകുമാറിന് ലഭിച്ചു. തിരഞ്ഞെടുപ്പു ശേഷം പ്രസിഡന്റായി അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തു. പട്ടിത്തറ കൃഷി ഓഫിസര്‍ പി എച്ച് ജാസ്മിനായിരുന്നു വരണാധികാരി. പഞ്ചായത്തിലെ മുതിര്‍ന്ന കേ ാണ്‍ഗ്രസ് അംഗം കൂടിയാണ് എന്‍ ഗോപകുമാര്‍. മുമ്പ് രണ്ട് തവണയും അദ്ദേഹത്തിന്റെ പേര് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നെങ്കിലും പാര്‍ട്ടിയിലെ പടലപ്പിണക്കങ്ങള്‍ മൂലം തഴയപ്പെടുകയായിരുന്നു. പഞ്ചായത്തില്‍ മുന്‍ പ്രസിഡന്റുമാര്‍ തുടങ്ങി വെച്ച വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുമെന്നും അഭിപ്രായ ഭിന്നതകള്‍ പരിഹരിച്ച് മുന്നോട്ടു പോകുമെന്നും പ്രസിഡന്റ് സ്ഥാനമേറ്റ ശേഷം എന്‍ ഗോപകുമാര്‍ പറഞ്ഞു. അതേസമയം എന്‍ ഗോപകുമാറിനെ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസില്‍ കൂട്ടരാജി. മണ്ഡലം പ്രസിഡന്റ് രാജന്‍ പൂതനായിലും മണ്ഡലം എക്‌സിക്യൂട്ടീവ് അംഗങ്ങളും ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറിമാരും ബൂത്ത് പ്രസിഡന്റുമാരും ഉള്‍പ്പടെ 30 ലധികം പേരാണ് പാര്‍ട്ടിസ്ഥാനങ്ങള്‍ രാജിവെച്ചത്. കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട് ഡിസിസി വൈസ് പ്രസിഡന്റ് കെഎസ്ബിഎ തങ്ങള്‍, ജില്ലാ സെക്രട്ടറി കമ്മുക്കുട്ടി എടത്തോള്‍, മുന്‍ എംഎല്‍എ സി പി മുഹമ്മദ് എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് എന്‍ ഗോപകുമാര്‍ പ്രസിഡന്റാകുന്നതിനെ എതിര്‍ത്ത് പാര്‍ട്ടിയിലെ ഒരു വിഭാഗം രംഗത്തുവന്നത്. ഇവരുടെ എതിര്‍പ്പ് തള്ളിയാണ് നേതൃത്വം പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ എന്‍ ഗോപകുമാറിനെ പാര്‍ലിമെന്ററി പാര്‍ട്ടി ലീഡറായി നിശ്ചയിച്ചത്. ഗോപകുമാര്‍ മുമ്പ് പാര്‍ട്ടി വിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചയാളാണ് എന്ന് എതിര്‍വിഭാഗം ചൂണ്ടിക്കാട്ടുന്നു. ജനവികാരം മനസിലാക്കാതെയാണ് എന്‍ ഗോപകുമാറിനെ പ്രസിഡന്റായി നിശ്ചയിച്ചതെന്നും കോണ്‍ഗ്രസിലെ മുന്‍ പ്രസിഡന്റിനെതിരെപ്പോലും അഴിമതി ആരോപണം ഉന്നയിച്ച വ്യക്തിയാണ് അദ്ദേഹമെന്നും മണ്ഡലം പ്രസിഡന്റ് സ്ഥാനം രാജിവച്ച രാജന്‍ പൂതനായില്‍ പറഞ്ഞു. അടുത്ത ദിവസങ്ങളിലായി കൂടുതല്‍ ഭാരവാഹികള്‍ സ്ഥാനങ്ങള്‍ രാജിവെക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.അതേസമയം പാര്‍ട്ടി തീരുമാനമനുസരിച്ചാണ് താന്‍ പ്രസിഡന്റായതെന്നും പാര്‍ട്ടിക്കെതിരായി താന്‍ ഒരു കാലത്തും പ്രവര്‍ത്തിച്ചിട്ടില്ലെന്നും എന്‍ ഗോപകുമാര്‍ പറഞ്ഞു. അതേസമയം മുന്നണി ധാരണയനുസരിച്ച് വരുന്ന നവംബര്‍ മാസം വരെ മാത്രമേ എന്‍ ഗോപകുമാറിന് പ്രസിഡന്റായി തുടരാനാവൂ. തുടര്‍ന്നുള്ള കാലയളവില്‍ മുസ്‌ലിം ലീഗിനാണ് പ്രസിഡന്റ് സ്ഥാനം നിശ്ചയിച്ചിട്ടുള്ളത്.

RELATED STORIES

Share it
Top