തീരുമാനം അധികം വൈകില്ലെന്ന് കെ എം മാണി

കോട്ടയം: കേരളാ കോണ്‍ഗ്രസ് എമ്മിന്റെ മുന്നണി പ്രവേശനം സംബന്ധിച്ച തീരുമാനത്തിന് അധികം വൈകില്ലെന്ന് പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണി. പ്രവേശന തീരുമാനം എല്ലാവര്‍ക്കും ഒരു 'സര്‍പ്രൈസ്' ആയിരിക്കും. ഉചിതമായ സമയത്തു തീരുമാനമുണ്ടാവും. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിനു മുമ്പായി പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പു നയം പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്നലെ കോട്ടയത്ത് ചേര്‍ന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കെ എം മാണി ഇക്കാര്യം അറിയിച്ചത്. മുന്നണി പ്രവേശനം സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കാത്ത സാഹചര്യത്തില്‍ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ നിന്നു പാര്‍ട്ടി വിട്ടുനില്‍ക്കും. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്  സംബന്ധിച്ച് വിശദമായ ചര്‍ച്ചകള്‍ ഇനിയും നടക്കേണ്ടതായിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം ആര്‍ക്ക് വേട്ട് ചെയ്യണം എന്ന കാര്യത്തില്‍ വ്യക്തമായ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ കാര്‍ഷിക പ്രശ്‌നങ്ങളില്‍ വിശദമായ ചര്‍ച്ചകളാണ് നടന്നത്.
കര്‍ഷകര്‍ നേരിടുന്ന വിവിധങ്ങളായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തര നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. ഇതിനുള്ള പരിഹാരം കണ്ടെത്താന്‍ വിവിധ കര്‍ഷക സംഘടനകളെ പങ്കെടുപ്പിച്ച് ഏപ്രില്‍ 27 ന് വിപുലമായ കര്‍ഷക സംഗമം കോട്ടയത്ത് നടത്തുമെന്ന് കെ എം മാണി അറിയിച്ചു. സര്‍ക്കാര്‍ തുടര്‍ന്നുവരുന്ന മദ്യനയം തെറ്റാണ്. ഇതിനെതിരേ വിവിധ സംഘടനകള്‍ നടത്തിവരുന്ന സമരപരിപാടികളോട് യോജിപ്പാണുള്ളതെന്ന് മാണി മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
പാലായില്‍ ബിജെപി നേതാക്കള്‍ തന്നെ വന്ന് കണ്ടത് സൗഹൃദ സന്ദര്‍ശനം മാത്രമായിരുന്നു. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സന്ദര്‍ശനത്തെ കൂട്ടിവായിക്കേണ്ടെന്ന് കെ എം മാണി പറഞ്ഞു. റബറിന്റെ വിലസ്ഥിരതാ പദ്ധതി തുടര്‍ന്ന് കൊണ്ടു പോവുന്നതിലും നെല്ല് സംഭരിക്കുന്ന കാര്യത്തിലും സംസ്ഥാന സര്‍ക്കാര്‍ ഗുരുതര വീഴ്ചയാണ് വരുത്തിയിരിക്കുന്നത്. ഇതിന് ഉടന്‍ പരിഹാരമുണ്ടാവണമെന്നും മാണി പറഞ്ഞു.

RELATED STORIES

Share it
Top