തീരമൈത്രി പദ്ധതി കൂടുതല്‍ വിപുലമാക്കാനൊരുങ്ങി ഫിഷറീസ് വകുപ്പ്

കൊച്ചി: സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ തീരമൈത്രി ബ്രാന്‍ഡില്‍ തയ്യാറാക്കിയിട്ടുള്ള ആറ് തരം ഉണക്കമല്‍സ്യങ്ങളുടെ ലോഞ്ചിങും വിപണന ഉദ്ഘാടനവും നാളെ കൊച്ചിയില്‍ നടക്കും. ഉച്ചയ്ക്ക് 12ന് എറണാകുളം ഗവ. റസ്റ്റ്ഹൗസ് ലൈബ്രറി ഹാളില്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും.
തീരദേശ മല്‍സ്യത്തൊഴിലാളി വനിതകള്‍ക്ക് വേണ്ടി ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ജീവനോപാധി പദ്ധതിയാണ് തീരമൈത്രി. ഒമ്പതു തീരദേശ ജില്ലകളിലും കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിലുമായി കഴിഞ്ഞ 10 വര്‍ഷമായി നടന്നുവരുന്ന പദ്ധതിയില്‍ 1,200 സൂക്ഷ്മ സംരംഭങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. ഫിഷറീസ് വകുപ്പിന് കീഴിലുള്ള സൊസൈറ്റി ഫോര്‍ അസിസ്റ്റന്റ്‌സ് ടു ഫിഷര്‍വിമന്‍ (സാഫ്) മുഖേനെയാണ് പദ്ധതി നടപ്പാക്കുന്നത്. ഈ വര്‍ഷം പുതുതായി ആയിരം മല്‍സ്യത്തൊഴിലാളി വനിതകള്‍ക്ക് സൂക്ഷ്മ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ആളൊന്നിന് 75,000 രൂപ വീതം സബ്‌സിഡി നല്‍കി 11 കോടി രൂപ അടങ്കല്‍ വരുന്ന 250 സൂക്ഷ്മ സംരംഭങ്ങളാണ് സാഫ് ആരംഭിക്കുന്നതെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടറും ഫിഷറീസ് ജോയിന്റ് ഡയറക്ടറുമായ എന്‍ എസ് ശ്രീലു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
തീരമൈത്രി സംരംഭങ്ങളിലെ 145 മല്‍സ്യ സംസ്‌കരണ യൂനിറ്റുകളില്‍ ഉല്‍പാദിപ്പിക്കുന്ന ഗുണനിലവാരമുള്ള ആറ് തരം ഉണക്കമല്‍സ്യം കേരളത്തിലെമ്പാടുമുള്ള മാര്‍ക്കറ്റില്‍ ലഭ്യമാക്കുന്നതിനുള്ള ശ്രമത്തന്റെ ഭാഗമായാണ് വിപണനോദ്ഘാടനമെന്നും അവര്‍ അറിയിച്ചു. പി കെ ഉഷ, ഒ കെ ഹര്‍ഷകുമാര്‍, അനൂപ് പങ്കെടുത്തു.RELATED STORIES

Share it
Top