തീരദേശ സര്‍വേക്ക് തുടക്കമായി

പൊന്നാനി: ജില്ലയിലെ തീരദേശ സര്‍വേയ്ക്ക് തുടക്കം. ഇതിന്റെ ഭാഗമായി കടലോരത്തെ അന്‍പത് മീറ്റര്‍ പരിധിയിലുള്ള വീടുകളുടെ കണക്കെടുക്കുന്നു. തീരദേശ പുനരധിവാസത്തിന് മുന്നോടിയായാണ് സര്‍വേ. കടലാക്രമണത്തില്‍ വീട് നഷ്ടമാവുകയും, നാശനഷ്ടങ്ങള്‍ പതിവാകുകയും ചെയ്യുന്ന സാഹചര്യത്തില്‍ കടലിന് തൊട്ടടുത്ത് താമസിക്കുന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് മുന്നോടിയായി സംസ്ഥാന സര്‍ക്കാറിന്റെ നിര്‍ദേശ പ്രകാരമാണ്  സര്‍വേക്ക് തുടക്കമായത്. കടല്‍തീരത്തുനിന്നു അന്‍പത് മീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവരുടെ പൂര്‍ണ്ണ വിവരങ്ങള്‍ ശേഖരിക്കുകയാണ് സര്‍വേയുടെ ലക്ഷ്യം. പൊന്നാനി താലൂക്കിലെ പാലപ്പെട്ടി കാപ്പിരിക്കാട് മുതല്‍ കടലുണ്ടി വരെയുള്ള മേഖലകളിലാണ് ഫിഷറീസ് വകുപ്പിന് കീഴില്‍ സര്‍വേ പുരോഗമിക്കുന്നത്. ശേഖരിച്ച വിവരങ്ങള്‍ സര്‍ക്കാറിന് കൈമാറുകയും തുടര്‍ന്ന് തീരദേശത്ത് താമസിക്കുന്നവരെ അതത് തദ്ദേശ സ്ഥാപനങ്ങള്‍ സ്ഥലം കണ്ടെത്തി, വീട് നിര്‍മിച്ചു നല്‍കി പുനരധിവസിപ്പിക്കാനാണ് തീരുമാനം. പദ്ധതി യാഥാര്‍ഥ്യമായാല്‍ കടലാക്രമണ ബാധിതരുടെ എണ്ണം ഇല്ലാതാകും. കടലില്‍ നിന്നു മീറ്ററുകള്‍ മാറി ശാസ്ത്രീയമായ രീതിയില്‍ കടലോരത്ത് ഭിത്തി നിര്‍മിക്കാനും സാധിക്കും. ജനുവരി അവസാനവാരത്തോടെ വിവരശേഖരണ കണക്കുകള്‍ സര്‍ക്കാറിന് സമര്‍പ്പിക്കും.

RELATED STORIES

Share it
Top