തീരദേശ മേഖലയില്‍ നൂറുമേനി ഓറഞ്ച് വിളയിച്ച് ഇബ്രാഹീം ഹാജി

അണ്ടത്തോട്: തീരദേശത്തിന്റെ മണല്‍ തരികളിലും ഓറഞ്ച് വിളയിപ്പിക്കാന്‍ കഴിയുമെന്ന് തെളിയിപ്പിച്ചിരിക്കുകയാണ് അണ്ടത്തോട് പെരിയമ്പലം സ്വദേശിയായ അയിനിക്കല്‍ ഇബ്രാഹിം ഹാജി. തന്റെ വീടിനോട് ചേര്‍ന്നുള്ള കൃഷിയിടത്തിലാണ് നൂറ് മേനി തിളക്കത്തില്‍ നാടന്‍ ഓറഞ്ച് കൃഷി ചെയ്തിട്ടുള്ളത്.
നെല്ലിയാമ്പതി ഉള്‍പ്പടെ ഹൈറേഞ്ച് മേഖലയില്‍ കൃഷി ചെയ്യാറുള്ള ഓറഞ്ച് നാട്ടിന്‍പുറത്തും കൃഷി ചെയ്യാന്‍ അനുയോജ്യമാണെന്ന് തെളിയിപ്പിച്ചിരിക്കുകയാണ് ഹാജി. തന്റെ കൃഷിയിടത്തിലെ പത്തോളം വരുന്ന മരത്തിലാണ് മനം കുളിര്‍ക്കുന്ന ഓറഞ്ച് കായ്ച്ച് നില്‍ക്കുന്നത്. തന്റെ കൃഷിയിടത്തില്‍ മറ്റ് കൃഷി ചെയ്യുന്നതോടൊപ്പം കുറച്ച് ഓറഞ്ചിന്റെ തൈകള്‍ നട്ട് പിടിപ്പിക്കാന്‍ മുതിരുകയായിരുന്നു. മറ്റ് കൃഷി ചെയ്ത് വിജയം കൈവരിക്കുന്നത് പോലെ ഓറഞ്ച് കൃഷിയിലും വിജയം കണ്ടിരിക്കുകയാണ് ഇദ്ദേഹം. അഞ്ച് വര്‍ഷം മുമ്പാണ് തൈകള്‍ നട്ട് പിടിപ്പിച്ചത്. ജൈവവളം മാത്രം ഉപയോഗിച്ചാണ് ഓറഞ്ച് കൃഷി ചെയ്തത്. പച്ചക്കറി, വാഴ, നെല്‍ കൃഷിയിലും ഏറെ താല്പരനാണ് ഇദ്ദേഹം വീടിന് സമീപത്തെ ഏക്കറോളം വരുന്ന സ്ഥലത്ത് ഒരിഞ്ച് സ്ഥലം പോലും പാഴാക്കാതെ കൃഷി ചെയ്തിരിക്കുകയാണ് ഹാജി. കഴിഞ്ഞ വര്‍ഷം റോബസ്റ്റ് ഇനം പഴം നൂറ് മേനി വിളയിച്ചും ഹാജി ശ്രദ്ധേയനായിരുന്നു.
വീടിന് മുന്നിലായി മുന്തിരി, മുസമ്പി, റംബൂട്ടാന്‍, ചെറുനാരങ്ങ, പേരക്ക, തക്കാളി, വിവിധ ഇനങ്ങളായ മുളക്, പയര്‍ തുടങ്ങിയ കൃഷികള്‍ കൃഷിയിടത്തിലും മട്ടുപ്ലാവിലുമായി കൃഷി ചെയ്തിട്ടുണ്ട്. താന്‍ നട്ടു വളര്‍ത്തിയ ഓറഞ്ചില്‍ നിന്ന് 10, 15 കിലോയോളം ലഭിച്ചതിന്റെ സന്തോഷത്തില്‍ ഇവയെല്ലാം ബന്ധുവീടുകളിലേക്കും അയല്‍വാസികള്‍ക്കും നല്‍കി. ഇനിയും വിളവെടുക്കാനായിട്ടുണ്ട്. ഈ കൃഷികള്‍ക്ക് പുറമെ താറാവ്, പശു, കോഴി തുടങ്ങിയവയെയും വളര്‍ത്തുന്നുണ്ട്. ജൈവവളം മാത്രം ഉപയോഗിച്ചുള്ള ഹാജിയുടെ കൃഷിയിടം പുതു തലമുറക്ക് മനസ്സിലാക്കാനും മറ്റു കര്‍ഷകര്‍ക്ക് കൂടി മാതൃകയാവുകയാണ് ഇബ്രാഹീം ഹാജി.

RELATED STORIES

Share it
Top