തീരദേശ മേഖലയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചുവപ്പുനാടയില്‍

ഹരിപ്പാട്: സുനാമി ദുരന്തത്തിന്റെ ബാക്കി പത്രമായ തീരദേശത്തെ ആറാട്ടുപുഴ ബസ് സ്റ്റാന്റ് മുതല്‍ തെക്കോട്ടുള്ള പ്രദേശങ്ങളിലാണ് കടല്‍ക്ഷോഭം ഭീഷണിയായി മാറുന്നത്. നെല്ലാനിക്കല്‍ എംഇഎസ് എകെജി നഗര്‍  എന്നിവിടങ്ങളിലാണ് കടലേറ്റത്തിന്റെ തീവ്രത സ്വത്തിനും ജീവനും ഭീഷണിയാകുന്നത്.  രണ്ടുപതിറ്റാണ്ട് മുമ്പ് സ്ഥാപിച്ച കടല്‍ഭിത്തികളില്‍ അധികവും തകര്‍ന്ന നിലയിലാണ്. കടല്‍ഭിത്തിയുടെ താഴ്ഭാഗത്തെ മണല്‍ കാലാന്തരത്തില്‍ ഒലിച്ചു മാറി ഭിത്തി ഇളകി ദുര്‍ബലമായ സാഹചര്യമാണ് നിലവിലുള്ളത്.
നെല്ലാനിക്കല്‍ സ്‌കൂളിനോട് ചേര്‍ന്ന ഭാഗത്ത് റോഡ് കടലേറ്റംമൂലം മുറിഞ്ഞു മാറുന്ന സ്ഥിതിയിലാണ്. ഒരു വീടാകട്ടെ ഏതു സമയവും അപകടത്തില്‍ പെടാവുന്ന അവസ്ഥയിലാണ്.  മുമ്പ്  ഈ വീടും കടലും തമ്മിലുള്ള അകലം  നാല്‍പത് മീറ്ററിന് മുകളിലായിരുന്നു. ഇപ്പോഴാകട്ടെ കരയിലധികവും കടലെടുത്തു  കഴിഞ്ഞു. ശക്തമായ തിരയാകട്ടെ  വീടിന് സമീപത്തേക്കാണ്  പതിക്കുന്നത്.  ഇതാണ് അപകട ഭീഷണിക്ക് കാരണം. 76-77 കാലഘട്ടത്തി ല്‍ നിര്‍മിച്ച  കടല്‍ഭിത്തിയാണ് ഇവിടെയുണ്ടായിരുന്നത്. പലയിടത്തും അവ തകര്‍ന്നടിഞ്ഞ  നിലയിലാണ്. 30 ലക്ഷത്തോളം  രൂപ ചിലവഴിച്ച് ടാര്‍ ചെയ്ത റോഡാകട്ടെ ഇരുന്നൂറുമീറ്ററോളം  നീളത്തില്‍ ഒന്നരയടി താഴ്ചയില്‍  പൊളിഞ്ഞു യാത്രാ യോഗ്യമല്ലാതായി.
കടല്‍ ഭിത്തിയുള്ള പ്രദേശങ്ങളില്‍ ഭിത്തിയുടെ ഉയരക്കുറവ് മൂലം മുകളിലൂടെ തിരയടിച്ചാണ്  തകര്‍ച്ച  നേരിടുന്നത്. ഓക്കി ദുരന്തത്തിനു ശേഷം  പ്രദേശത്തെ റോഡുകള്‍ കോണ്‍ക്രീറ്റുചെയ്ത് യാത്രാ യോഗ്യമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.  ഈ പ്രഖ്യാപനമാണ്  ചുവപ്പു  നാടയില്‍ കുടുങ്ങി  കിടക്കുന്നത്.   ഇതിനൊപ്പം  തൃക്കുന്നപ്പുഴ  മുത ല്‍ വലിയഴീയ്ക്കല്‍ വരെ  23 കിലോമീറ്ററോളം ദൈര്‍ഘ്യമുള്ള പ്രദേശത്ത് സ്ഥാപിച്ചിട്ടുള്ള പുലിമുട്ടുകള്‍ പ്രദേശത്തിന്റെ സംരക്ഷണത്തിന് പര്യാപ്തമല്ലെന്ന ആരോപണവും  ശക്തമാണ്. പുലിമുട്ടുകളുടെ നീളക്കുറവാണ് അതിനു കാരണമെന്നും പ്രദേശവാസികള്‍ പറയുന്നു.  കരിമണല്‍ ഖനനം ലക്ഷ്യം വെച്ച് ജനവാസമില്ലാത്ത പ്രദേശങ്ങള്‍  കമ്പനികള്‍ വാങ്ങിയിട്ടുണ്ടെന്നും  ഇവിടങ്ങളില്‍ കടല്‍ക്ഷോഭത്തെ  പ്രതിരോധിക്കാവുന്ന തരത്തില്‍ കടല്‍ഭിത്തികള്‍  നിര്‍മ്മിച്ചിട്ടുണ്ടെന്നും ആരോപണമുണ്ട്.   ചില താല്‍പര്യങ്ങള്‍ സംരക്ഷിക്കുക എന്ന ലക്ഷ്യമാണിതിനെന്നും   പ്രദേശവാസികള്‍   പറയുന്നു.
ജൂണ്‍, ജൂലൈ മാസമാകുന്നതോടെ  തീരദേശത്ത്  കടല്‍ക്ഷോഭം ശക്തമാകും.  ഇതോടൊപ്പം യാത്രാ പ്രതിസന്ധിയും  രൂക്ഷമാകും. നിലവില്‍  തൃക്കുന്നപ്പുഴ   വലിയഴിയ്ക്കല്‍  റൂട്ടില്‍  പുലിമുട്ടുകള്‍  സ്ഥാപിക്കുന്നതിന്  കോസ്റ്റല്‍ എഞ്ചിനിയറിങ്  സെക്ഷന്‍ കീഴിലുള്ള മദ്രാസ് ഐഐടിയിലെ  ഉദ്യോഗസ്ഥരെത്തി  പഠനം നടത്തി പോയിട്ടുണ്ടെങ്കിലും അതും  ചുവപ്പുനാടയില്‍ തന്നെയാണ്. തീരദേശ സംരക്ഷണത്തിനുള്ള  പ്രഖ്യാപിത പദ്ധതികള്‍  അടിയന്തിരമായി നടപ്പിലാക്കണമെന്ന  ആവശ്യം  ശക്തമാകുന്നു.

RELATED STORIES

Share it
Top