തീരദേശ പോലിസ് സ്റ്റേഷനില്‍ അധികജോലിയെന്ന് ആക്ഷേപംഅമ്പലപ്പുഴ: തീരദേശ പോലിസ് സ്റ്റേഷനിലെ പോലീസുകാരെ അന്യായമായി ഡ്യൂട്ടിക്കിട്ടതായി ആക്ഷേപം. തോട്ടപ്പള്ളി തീരദേശ സ്റ്റേഷനിലെ പത്തോളം പോലീസുകാരെയാണ് ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവിന്‍ പ്രകാരം ആലപ്പുഴ സൗത്ത് സ്റ്റേഷനിലേക്ക്  ഡ്യൂട്ടിക്ക് നിയോഗിച്ചത്. ആഘോഷ ദിനങ്ങളില്‍ സ്റ്റേഷന്‍ പരിധി വിട്ട് അമിത ജോലിഭാരം ഏല്‍പ്പിച്ചതില്‍ പോലീസുകാര്‍ക്കിടയില്‍ അമര്‍ഷം പുകയുകയാണ്. ജില്ലയിലെ ഏക തീരദേശ പോലീസ് സ്റ്റേഷനാണ് തോട്ടപ്പള്ളിയില്‍ സ്ഥിതി ചെയ്യുന്നത്. 27 ഓളം പോലീസുകാരാണ് ഇവിടെ ജോലിക്കായുള്ളത്. കടലില്‍ മല്‍സ്യതൊഴിലാളികളുടെ സംരക്ഷണം അടക്കമുള്ള കാര്യങ്ങളാണ് സ്റ്റേഷന്റെ ചുമതലയിലുള്ളത്. കോസ്റ്റല്‍ എഡിജിപിയുടെ കീഴിലാണ് സംസ്ഥാനത്തെ എട്ട് തീരദേശ പോലീസ് സ്റ്റേഷനുകളും പ്രവര്‍ത്തിക്കുന്നത്. ഇവരുടെ ശമ്പള ബില്ലിന്റെ കാര്യത്തില്‍ മാത്രമേ ജില്ലാ പോലീസ് മേധാവിക്ക് അധികാരമുള്ളൂ എന്നാണ് പോലീസ് വൃത്തങ്ങള്‍ തന്നെ പറയുന്നത്. തീരദേശ ഡ്യൂട്ടി വിട്ട് ക്രമസമാധാന ഡ്യൂട്ടിക്കിവരെ നിയമിക്കാന്‍ ചട്ടമില്ലന്നും പറയപ്പെടുന്നു.

RELATED STORIES

Share it
Top