തീരദേശത്ത് കടല്‍ക്ഷോഭം രൂക്ഷം: ആശങ്കയോടെ ജനങ്ങള്‍

കൈപ്പമംഗലം: അപ്രതീക്ഷിതമായി കടലേറ്റം രൂക്ഷമായത് തീരദേശ നിവാസികളെ ആശങ്കയിലാക്കി. കൈപ്പമംഗലത്ത് എല്ലാ മേഖലയിലും കടലേറ്റം രൂക്ഷമാണ്. കൂരിക്കുഴി കമ്പനിക്കടവ്, ചാമക്കാല, പുന്നക്കച്ചാല്‍, ആറാട്ട് കടവ്, ഭജനമഠം തുടങ്ങിയിവിടങ്ങളിലെല്ലാം ശക്തമായ കടല്‍ ക്ഷോഭമാണ് അനുഭവപ്പെടുന്നത്. കടല്‍ മിക്കയിടങ്ങളിലും ഇരുപത് മീറ്ററോളം കരയിലേക്ക് എത്തിക്കഴിഞ്ഞു. ഇന്നലെ രാവിലെ മുതല്‍ തിരമാലകള്‍ കരയിലേക്ക് കൂടുതല്‍ ശക്തിയോടെ വന്നു തുടങ്ങിയിരുന്നതായി മല്‍സ്യ തൊഴിലാളികള്‍ പറയുന്നു.
കൂരിക്കുഴി കമ്പനികടവില്‍ രണ്ട് പേര്‍ക്ക് വഞ്ചി പാഞ്ഞു കയറി പരിക്കേറ്റു. രാവിലെ മല്‍സ്യ ബന്ധനത്തിന് പോയ വഞ്ചി തീരത്തേക്ക് അടുക്കാന്‍ തുടങ്ങവേ ശക്തമായ തിരയില്‍ നിയന്ത്രണം നഷ്ടപ്പെട്ടത് കണ്ട് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ തൊഴിലാളികള്‍ക്കാണ് പരിക്കേറ്റത്. പള്ളത്ത് മോഹനന്‍, കോഴിപ്പറമ്പില്‍ പ്രഭാകരന്‍ എന്നിവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തീരത്തോട് ചേര്‍ന്ന കച്ചവട സ്ഥാപനങ്ങളിലെല്ലാം തന്നെ വെള്ളം കയറിയിട്ടുണ്ട്. വൈകിട്ടോടെ രൂക്ഷമായ കടലേറ്റത്തില്‍ പലരുടെയും വലകളും മറ്റും ഒലിച്ച് പോയതായും പറയുന്നുണ്ട്. വഞ്ചികളെല്ലാം തൊഴിലാളികളും ജനങ്ങളും കരയിലേക്ക് പരമാവധി മാറ്റിവെച്ചുവെങ്കിലും കടലേറ്റം കൂട്ടുന്നത് ഇവരെ ആശങ്കയിലാക്കുന്നുണ്ട്.

RELATED STORIES

Share it
Top