തീരത്തടുക്കാന്‍ അനുമതിയില്ല: 40 അഭയാര്‍ഥികള്‍ മെഡിറ്ററേനിയന്‍ നടുക്കടലില്‍

തുണിസ്: തീരത്തടുക്കാന്‍ അനുമതി ലഭിക്കാതായതോടെ ഗര്‍ഭിണികളടക്കം 40 അഭയാര്‍ഥികള്‍ രണ്ടാഴ്ചയോളമായി മെഡിറ്ററേനിയന്‍ കടലില്‍ കുടുങ്ങി. രണ്ടു ഗര്‍ഭിണികള്‍ കപ്പലിലുണ്ടെന്നാണ് വിവരം. മാള്‍ട്ട, ഫ്രാന്‍സ്, ഇറ്റലി, തുണീസ്യ എന്നീ രാജ്യങ്ങളാണ് കപ്പലിനു തീരത്തടുക്കാനുള്ള അനുമതി നിഷേധിച്ചിരിക്കുന്നത്. തുണീസ്യന്‍ തീരത്തുനിന്നു നാലു കിലോമീറ്റര്‍ ദൂരെയാണ് സറോസ്റ്റ് 5 എന്ന കപ്പല്‍ നങ്കൂരമിട്ടിരിക്കുന്നതെന്നു കപ്പലിന്റെ സെക്കന്‍ഡ് ഇന്‍ കമാന്‍ഡ് ഐമന്‍ ക്വുരാരി പറയുന്നു.
അഭയാര്‍ഥികളും 14 ജീവനക്കാരും കപ്പലിലുണ്ട്. മൂന്നോ നാലോ ദിവസം കഴിയുന്നതിനുള്ള ഭക്ഷണം മാത്രമാണ് ഇകൈവശമുള്ളതെന്നു ക്വുരാരി പറയുന്നു.
ആരെങ്കിലും സഹായിക്കാന്‍ എത്തണമെന്നാവശ്യപ്പെട്ട് 23കാരിയായ അലിഗ്വോ യുടെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. “സഹായമഭ്യര്‍ഥിച്ചെത്തിയ തങ്ങളെ  ഒട്ടേറെ രാജ്യങ്ങള്‍ കൈയൊഴിഞ്ഞു. ഈ യാത്ര  എളുപ്പമല്ല. നിങ്ങളുടെ സഹായം ഞങ്ങള്‍ക്കുണ്ടായേ തീരൂ’- അലിഗ്വോ പറയുന്നു. പ്ലാസ്റ്റിക് ഷീറ്റില്‍ അഭയാര്‍ഥികള്‍ കിടക്കുന്നതിന്റെദൃശ്യങ്ങളും വീഡിയോയില്‍ കാണാം.40 പേരില്‍ ഒമ്പതുപേര്‍ ബംഗ്ലാദേശില്‍ നിന്നുള്ളവരാണ്. ദക്ഷിണ കാമറൂണ്‍ നിവാസികളാണ് കപ്പലിലുള്ള ഗര്‍ഭിണികള്‍. ഒരാള്‍ അഞ്ചുമാസവും മറ്റേയാള്‍ രണ്ടുമാസവും ഗര്‍ഭിണിയാണ്.

RELATED STORIES

Share it
Top