തീരക്കടലില്‍ ഫൈബര്‍ വള്ളം മറിഞ്ഞു; തൊഴിലാളികള്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു

ചാവക്കാട്: ബ്ലാങ്ങാട് തീരക്കടലില്‍ മല്‍സ്യ ബന്ധനത്തിനിടെ ഫൈബര്‍ വള്ളം മറിഞ്ഞു. തൊഴിലാളികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. രണ്ടു പേരെ തീരത്തുണ്ടായിരുന്ന ലൈഫ് ഗാര്‍ഡുമാരും മറ്റു രണ്ടു പേര്‍ സ്വയം നീന്തി രക്ഷപ്പെടുകയുമായിരുന്നു. നാട്ടിക ബീച്ച് പണിക്കവീട്ടില്‍ ഷറഫുദ്ദീന്‍ (44), വലപ്പാട് ബീച്ച് അന്തിക്കാട്ട് വീട്ടില്‍ ഹരി(28) എന്നിവരേയാണ് ബ്ലാങ്ങാട് ബീച്ചിലെ ലൈഫ് ഗാര്‍ഡുമാരായ സണ്ണി, പാലകന്‍ എന്നിവര്‍  രക്ഷപ്പെടുത്തിയത്.
വള്ളത്തിന്റെ ഉടമ നാട്ടിക കാവുങ്ങല്‍ അനില്‍, തൊഴിലാളി അന്തിക്കാട് വീട്ടില്‍ സുകേഷ് എന്നിവര്‍ നീന്തി ഇവരുടെ തന്നെ മറ്റൊരു വള്ളത്തില്‍ കയറി രക്ഷപ്പെട്ടു. ഇന്നലെ ഉച്ചക്ക് ഒന്നോടേയാണ് സംഭവം. നിന്നും മല്‍സ്യബന്ധനത്തിനായി പോയ നാലു പേര്‍ക്ക് സഞ്ചരിക്കാവുന്ന തരത്തിലുള്ള ഫൈബര്‍ വെള്ളമാണ് ബ്ലാങ്ങാട് തീരക്കടലില്‍ ശക്തമായ തിരയില്‍പ്പെട്ട് മറിഞ്ഞത്.  ഷറഫുദ്ദീനേയും ഹരിയേയും ലൈഫ് ഗാര്‍ഡുമാരായ സണ്ണിയും പാലകനും ചേര്‍ന്ന് ലൈഫ് ബോയ് ഉപയോഗിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. വിവരമറിഞ്ഞ് മുനക്കകടവ് കോസ്റ്റല്‍ എസ്‌ഐ സി ജെ പോള്‍സണ്‍, സിപിഒ സുവീഷ് എന്നിവരും സ്ഥലത്തെത്തി.

RELATED STORIES

Share it
Top