തീക്കൊളുത്തിക്കൊല: പ്രതിയെ ചോദ്യംചെയ്തു

പുതുക്കാട്: പുതുക്കാട് ചെങ്ങാലൂരില്‍ യുവതിയെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു കൊന്ന കേസിലെ പ്രതിയെ സ്‌റ്റേഷനില്‍ എത്തിച്ച് പോലിസ് ചോദ്യം ചെയ്തു. ദലിത് യുവതിയായ ജീതുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഭര്‍ത്താവ് കുണ്ടുകടവ് സ്വദേശി പയ്യപ്പിള്ളി ബിരാജുവിനെയാണ് പുതുക്കാട് എസ്എച്ച്ഒ എസ് പി സുധീരന്റ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്തത്. പ്രതിയെ വൈദ്യപരിശോധനയ്ക്ക് ശേഷം ഇരിങ്ങാലക്കുട കോടതിയില്‍ ഹാജരാക്കും.
കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഢാലോചന, ആസൂത്രണം എന്നിവയെക്കുറിച്ചും പ്രതിയെ സംരക്ഷിച്ചവരെ കുറിച്ചുമാണ് പോലിസ് ചോദ്യംചെയ്യുന്നത്. സംഭവത്തിനു ശേഷം ഒളിവില്‍ പോയ പ്രതിയെ മുബൈയിലെ ബന്ധുവീട്ടില്‍ നിന്നും രണ്ടുദിവസം മുമ്പാണ് പിടികൂടിയത്. ഈസ്റ്റ് ദാദര്‍ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ശനിയാഴ്ച പുലര്‍ച്ചെയാണ് പുതുക്കാട് സ്‌റ്റേഷനില്‍ എത്തിച്ചത്. പുതുക്കാട് എസ്‌ഐ ആര്‍ സുജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.
അതേസമയം, സംഭവത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ തീയണയ്ക്കാന്‍ ശ്രമിച്ചിരുന്നതായി യുവതി മജിസ്‌ട്രേറ്റിന് നല്‍കിയ മരണമൊഴിയില്‍ പറയുന്നു. മാനസികമായി ഇരുവരും ഒത്തുപോകാന്‍ സാധിക്കാത്തതിനാലാണ് വേര്‍പിരിയാന്‍ തീരുമാനിച്ചതെന്നും മരണമൊഴിയില്‍ ഉണ്ട്. പെട്രോള്‍ കൊണ്ടുവന്നത് എങ്ങിനെയാണെന്ന് തനിക്ക് അറിയില്ലെന്നും ദേഹത്ത് പെട്രോള്‍ ഒഴിച്ച ശേഷം താന്‍ ഓടുകയായിരുന്നുവെന്നും മരണമൊഴിയില്‍ പറയുന്നു.

RELATED STORIES

Share it
Top