തില്ലങ്കേരി ഇല്ലംകോളനിയില്‍ അംബേദ്കര്‍ പദ്ധതി നടപ്പാക്കും

മട്ടന്നൂര്‍: തില്ലങ്കേരി ഇല്ലംകോളനിയില്‍ അംബേദ്കര്‍ സെറ്റില്‍മെന്റ് ഡവലപ്‌മെന്റ് പദ്ധതി നടപ്പാക്കും. പട്ടികവര്‍ഗ കോളനിയായ ഇല്ലം കോളനിയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് ഒരുകോടി രൂപയുടെ പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുകയെന്ന് ഇ പി ജയരാജന്‍ എംഎല്‍എ അറിയിച്ചു. ഭവനനിര്‍മാണം, ശുദ്ധജല വിതരണം, സാംസ്‌കാരിക പഠനകേന്ദ്രങ്ങള്‍ എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുക. പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കാവശ്യമായ സൗകര്യങ്ങളേര്‍പ്പെടുത്തി കോളനിയുടെ അന്തരീക്ഷത്തില്‍ സമൂലമായ മാറ്റമുണ്ടാക്കുകയാണ് ലക്ഷ്യം. ആറുവര്‍ഷം മുമ്പ് വിവിധ ഭവനപദ്ധതികളിലൂടെ നിര്‍മിച്ച വീടുകള്‍ അറ്റകുറ്റപ്പണി നടത്തി നവീകരിക്കും. കാലപ്പഴക്കം മൂലം വാസയോഗ്യമല്ലാതായ വീടുകള്‍ പൊളിച്ചുമാറ്റി പുതിയ വീട് നിര്‍മിക്കും. ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത സ്വന്തമായി ഭൂമിയുള്ള ഭവനരഹിതര്‍ക്ക് വീട് നിര്‍മിച്ചുനല്‍കും. കോളനിയിലെ പൊതുകിണര്‍ നവീകരിച്ച് എല്ലാ വീടുകളിലും വെള്ളമെത്തിക്കും. കോളനിയില്‍ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള കിണറുകളും ശുചീകരിക്കും. രണ്ട് നിലകളിലായി ആധുനിക സൗകര്യങ്ങളോടെ സാംസ്‌കാരികനിലയം പണിയും. സാംസ്‌കാരിക നിലയത്തില്‍ സാമൂഹിക പഠനമുറി സംവിധാനമൊരുക്കും. കയ്യാലകള്‍ നിര്‍മിച്ച് മണ്ണ് സംരക്ഷണ പ്രവര്‍ത്തനവും നടപ്പാക്കും. ഉരുകൂട്ടം ചേര്‍ന്ന് പദ്ധതി അംഗീകരിച്ചു. ഉടന്‍ ടെന്‍ഡര്‍ ചെയ്ത് പ്രവൃത്തി ആരംഭിക്കും

RELATED STORIES

Share it
Top