തില്ലങ്കേരി അജശ്രീ ജൈവവള യൂനിറ്റ് പുനരുജ്ജീവന പാതയില്‍

ഇരിട്ടി: സാമ്പത്തിക പ്രതിസന്ധി മൂലം പ്രവര്‍ത്തനം നിലച്ച കുടുംബശ്രീ സംരംഭമായ തില്ലങ്കേരി അജശ്രീ ജൈവവള യൂനിറ്റ് പുനരുജ്ജീവനപാതയില്‍. നാലുവര്‍ഷം മുമ്പ് ജില്ലാ പഞ്ചായത്തിന്റെ സാമ്പത്തിക സഹായത്തോടെ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിലാണ് തില്ലങ്കേരി വ്യവസായ എസ്‌റ്റേറ്റില്‍ ജൈവവള യൂനിറ്റ് ആരംഭിച്ചത്. സംസ്ഥാനത്ത് തന്നെ കുടുംബശ്രീയുടെ നേതൃത്വത്തില്‍ സ്വന്തം ബ്രാന്റില്‍ ആദ്യമായി ആരംഭിച്ച ജൈവവള യൂനിറ്റായിരുന്നു ഇത്. ആട്ടിന്‍ കാഷ്ടം പ്രത്യേക യന്ത്രത്തില്‍ പൊടിച്ചു പായ്ക്കറ്റിലാക്കി നല്‍കുന്ന വളത്തിന് ആവശ്യക്കാര്‍ ഏറെയായിരുന്നു. തുടക്കത്തില്‍ 10 പേര്‍ അംഗങ്ങളായ കുടുംബശ്രീ യൂനിറ്റായിരുന്നു പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്്.
ബാങ്കില്‍ നിന്നു വായ്പയെടുത്ത് സ്വകാര്യഫാമില്‍ നിന്നും മറ്റിടങ്ങില്‍ നിന്നും ആട്ടിന്‍ കാഷ്ട്ടം ശേഖരിച്ച് യൂനിറ്റ് പ്രവര്‍ത്തനം തുടങ്ങി. ആവശ്യത്തിന് ആട്ടിന്‍കാഷ്ടം കിട്ടാതായതോടെ സാമ്പത്തിക പ്രതിസന്ധിയിലായി യൂനിറ്റിന്റെ പ്രവര്‍ത്തനം നിലച്ചു. പിന്നീട് ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് കുടുംബശ്രീയിലെ അഞ്ച് അംഗങ്ങള്‍ വളം യൂനിറ്റിന്റെ പ്രവര്‍ത്തനം ഏറ്റെടുത്തു. ഇപ്പോള്‍ ഇവിടെ ഉണ്ടാക്കുന്ന വളം മുഴുവന്‍ പഞ്ചായത്ത് തന്നെ വിവിധ ജൈവവള വിതരണ പദ്ധതികളില്‍ ഉള്‍പ്പെടുത്തി കുടംുബശ്രീ അംഗങ്ങളില്‍ നിന്നു നേരിട്ട്് വാങ്ങി കര്‍ഷകര്‍ക്ക് സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യുകയാണ്. കിലോയ്ക്ക് 20 രൂപയാണ് വില. പഞ്ചായത്ത് നേരിട്ടു വാങ്ങാന്‍ തുടങ്ങിയതോടെ ലാഭം ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കിലും സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നു കരകയറാന്‍ കഴിഞ്ഞതായി കുടുംബശ്രീ അംഗങ്ങള്‍ പറയുന്നു.
വളം നിര്‍മാണത്തിന് ആവശ്യമായ ആട്ടിന്‍ കാഷ്ടം വേണ്ടത്ര ലഭ്യമല്ലാത്തതാണ് ഇപ്പോഴും ഇവരുടെ മുന്നിലുള്ള പ്രധാന പ്രതിസന്ധി. ജില്ലയിലെ കൊമ്മേരി ആടുവളര്‍ത്തു കേന്ദ്രത്തില്‍ നിന്നോ സംസ്ഥനത്തെ മറ്റ് ഫാമുകളില്‍ നിന്നോ ആട്ടിന്‍ കാഷ്ടം ലഭ്യമാക്കാന്‍ ത്രിതല പഞ്ചായത്ത് ഇടപെട്ട് സംവിധാനം ഉണ്ടാക്കിയാല്‍ പഞ്ചായത്തിനു പുറത്തും വളം വിതരണം ചെയ്ത് യൂനിറ്റ് ലാഭകരമാക്കാനാവും.

RELATED STORIES

Share it
Top