തിര.കമ്മീഷന് 194 നേതാക്കള്‍ നല്‍കിയത് വ്യാജ പാന്‍ വിവരങ്ങള്‍

ന്യൂഡല്‍ഹി: ബിജെപിക്ക് അനുകൂലമായി തിരഞ്ഞെടുപ്പ് ഫലങ്ങളെ സ്വാധീനിക്കുന്ന വിധം വാര്‍ത്തകള്‍ ചമയ്ക്കാനും വര്‍ഗീയ കലാപമുണ്ടാക്കുന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കാനും സന്നദ്ധരായ ചില മാധ്യമസ്ഥാപനങ്ങളെ സ്റ്റിങ് ഓപറേഷനിലൂടെ പുറംലോകത്തെത്തിച്ച കോബ്ര പോസ്റ്റ് മറ്റൊരു നിര്‍ണായക വെളിപ്പെടുത്തലുമായി രംഗത്ത്.
ആറു മുന്‍ മുഖ്യമന്ത്രിമാരുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലെ 194 രാഷ്ട്രീയ നേതാക്കള്‍ സ്വത്തും വരുമാനവും വെളിപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച സത്യവാങ്മൂലത്തിനൊപ്പം നല്‍കിയ പാന്‍കാര്‍ഡ് വിവരങ്ങള്‍ വ്യാജമാണെന്നാണ് കോബ്ര പോസ്റ്റിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയത്. 23 സംസ്ഥാനങ്ങളില്‍ 2006നും 2016നുമിടയില്‍ വിവിധ തിരഞ്ഞെടുപ്പുകളില്‍ മല്‍സരിച്ച നേതാക്കള്‍ കമ്മീഷന് സമര്‍പ്പിച്ച 2000 സത്യവാങ്മൂലം പഠനവിധേയമാക്കിയാണ് അന്വേഷണ വാര്‍ത്താ പോര്‍ട്ടലായ കോബ്ര പോസ്റ്റ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്.
വ്യാജ പാന്‍ വിവരങ്ങള്‍ സമര്‍പ്പിച്ച 194 പേരില്‍ 72 പേര്‍ കോണ്‍ഗ്രസ് നേതാക്കളും 41 പേര്‍ ബിജെപി നേതാക്കളുമാണ്. സമാജ്‌വാദി പാര്‍ട്ടി, ബിഎസ്പി, ജെഡിയു, എന്‍സിപി ഉ ള്‍പ്പെടെ ചെറുതും വലുതുമായ 29 പാര്‍ട്ടികളിലെ നേതാക്കള്‍ ഇത്തരത്തില്‍ വ്യാജ പാ ന്‍വിവരങ്ങളാണ് സമര്‍പ്പിച്ചിട്ടുള്ളത്. ഇതില്‍ ആറു മുന്‍ മുഖ്യമന്ത്രിമാരും മന്ത്രിപദവി വഹിക്കുന്ന 10 പേരും എട്ടു മുന്‍ മന്ത്രിമാരും 54 സിറ്റിങ് എംഎല്‍എമാരും 102 മുന്‍ എംഎല്‍എമാരും ഉണ്ട്. ചുരുങ്ങിയ കാലംകൊണ്ട് ഇവരുടെ വരുമാനത്തിലുണ്ടായ ഗണ്യമായ വര്‍ധനയാണ് വ്യാജ രേഖ സമര്‍പ്പിക്കുന്നതിലേക്ക് നയിച്ചതെന്ന് കരുതുന്നു.
അസം മുന്‍ മുഖ്യമന്ത്രിമാരായ തരുണ്‍ ഗൊഗോയ്, ഭുമിധര്‍ ബര്‍മന്‍, ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചി, ഹിമാചല്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിമാരായ വീര്‍ഭദ്ര സിങ്, പ്രേം കുമാര്‍ ധുമല്‍, മറ്റു പ്രമുഖ നേതാക്കളായ രാജസ്ഥാന്‍ മന്ത്രി ബിന കാക്, ബിഹാര്‍ മന്ത്രി നന്ദകിഷോര്‍ യാദവ്, മഹാരാഷ്ട്ര മന്ത്രി ദേശ്മുഖ് വിജയകുമാര്‍, ഹരിയാന മന്ത്രി കവിത ജെയ്ന്‍, ഹിമാചല്‍ മന്ത്രി കിശന്‍ കപൂര്‍ എന്നിവരാണ് പട്ടികയില്‍ ഇടംപിടിച്ച പ്രമുഖര്‍. ഉത്തര്‍പ്രദേശുകാരായ നേതാക്കളാണ് വ്യാജ പാന്‍ നല്‍കിയവരില്‍ മുന്നില്‍. ഇവിടെനിന്നുള്ള 26 നേതാക്കളാണ് തെറ്റായ വിവരങ്ങളിലൂടെ കമ്മീഷനെ കബളിപ്പിച്ചത്. മധ്യപ്രദേശില്‍ 17, ബിഹാറില്‍ 15, ഉത്തരാഖണ്ഡില്‍ 14, അസമില്‍ 13, ഹിമാചലില്‍ 12, രാജസ്ഥാന്‍ 11ഉം നേതാക്കള്‍ തെറ്റായ പാന്‍ രേഖകള്‍ നല്‍കിയതായി കണ്ടെത്തി.

RELATED STORIES

Share it
Top