തിരൂര്‍ സ്റ്റേഡിയം വിവാദം കത്തുന്നു

തിരൂര്‍: തിരൂരില്‍ സ്റ്റേഡിയ വിവാദം കത്തുന്നു. അറ്റുകുറ്റപ്പണികള്‍ക്കായി അടച്ച സ്റ്റേഡിയത്തിന്റെ പ്രവൃത്തിയെക്കുറിച്ച് അറിയാന്‍ കത്ത് നല്‍കി ആഴ്ചകള്‍ കഴിഞ്ഞിട്ടും മറുപടി നല്‍കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചു.
ജനാധിപത്യ സംവിധാനത്തെ അട്ടിമറിക്കാന്‍ ഭരണപക്ഷത്തിന് കൂട്ട് നില്‍ക്കുന്ന മുനിസിപ്പല്‍ സെക്രട്ടറിയുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് തിരൂര്‍ നഗരസഭയിലെ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ സെക്രട്ടറിയെ ഉപരോധിച്ചത്. 15 ദിവസമായി മുനിസിപ്പല്‍ സ്റ്റേഡിയവുമായി ബന്ധപ്പെട്ട രേഖാമൂലം നല്‍കി ചോദ്യങ്ങള്‍ക്ക് ഇന്നലെ വരെ മറുപടി തരികയോ, ചോദ്യങ്ങള്‍ പരിശോധിക്കാന്‍ പോലും സെക്രട്ടറി തയ്യാറാവുകയോ ചെയ്തില്ലെന്നാണ് ആക്ഷേപം.
മറുപടിക്കായി കൗണ്‍സിലര്‍മാര്‍ ഒരുമിച്ച് സെക്രട്ടറിയുടെ അടുത്ത് ചെന്ന് അന്വേഷിച്ചപ്പോഴും മറുപടി നല്‍കാന്‍ തയ്യാറായില്ല. തുടര്‍ന്നാണു കൗണ്‍സിലര്‍മാര്‍ സെക്രട്ടറിയെ ഉപരോധിച്ചത്. ഉപരോധസമരത്തെ തുടര്‍ന്ന് ഉടന്‍ മറുപടി ന ല്‍കാന്‍ തയ്യാറായി. പ്രതിപക്ഷ കൗണ്‍സിലര്‍മാരോട് അവഹേളന സമീപനമാണു സെക്രട്ടറി സ്വീകരിക്കുന്നതെന്ന് യുഡിഎഫ് ആരോപിച്ചു. സമരം തീര്‍ത്തും അനാവശ്യമാണെന്നും സ്റ്റേഡിയത്തിലെ അറ്റുകുറ്റപ്പണികള്‍ നല്ല നിലയില്‍ പുരോഗമിക്കുന്നുവെന്നും ഉടന്‍ തുറന്നുകൊടുക്കാനാവുമെന്നും ചെയര്‍മാന്‍ പറഞ്ഞു.
സമരത്തിന് പ്രതിപക്ഷ നേതാവ് കെ പി ഹുസൈന്‍, സി എം അലി ഹാജി, കല്‍പ ബാവ, പി കെ കെ തങ്ങള്‍, പി ഐ റൈഹാനത്ത് എന്നിവര്‍ നേതൃത്വം നല്‍കി. സി മമ്മുട്ടി എംഎല്‍എ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചാണ് തിരൂരിലെ സ്റ്റേഡിയം ഇപ്പോഴുള്ള സ്ഥിതിയില്‍ വികസിപ്പിച്ചത്. അതു സംബന്ധിച്ച് യുഡിഎഫും എല്‍ഡിഎഫും പരസ്പരം കൊമ്പുകോര്‍ത്തിരുന്നു. അതിനിടയില്‍  ഭരണമാറ്റം പോരിന് ശക്തി കൂട്ടി. അന്നത്തെ മുഖ്യമന്ത്രി പങ്കെടുത്ത സ്റ്റേഡിയം ഉദ്ഘാടന ചടങ്ങില്‍ പോലും നഗരസഭാ ചെയര്‍മാനും എല്‍ഡിഎഫും പങ്കെടുത്തിരുന്നില്ല. തുടര്‍ന്നങ്ങോട് പ്രവര്‍ത്തിയില്‍ ക്രമക്കേട് കാണിച്ച് ഇടതുപക്ഷം രംഗത്ത് വരികയും സര്‍ക്കാര്‍ തലത്തില്‍ അന്വേഷണ സംഘം സ്‌റ്റേഡിയം പരിശോധിക്കുകയും ചെയ്തിരുന്നു. അതോടെ രാഷ്ട്രീയ പകപോക്കലിന് സ്റ്റേഡിയം വിധേയമാവുകയായിരുന്നു.

RELATED STORIES

Share it
Top