തിരൂരില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തി

തിരൂര്‍: മല്‍സ്യങ്ങളില്‍ വ്യാപകമായി ഫോര്‍മാലിന്‍ പോലുള്ള രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നത് തടയാന്‍ തിരൂര്‍ മല്‍സ്യമാര്‍ക്കറ്റില്‍ ഭക്ഷ്യസുരക്ഷാവിഭാഗം പരിശോധന നടത്തി. മാര്‍ക്കറ്റില്‍നിന്ന് മല്‍സ്യസാംപിളുകള്‍ ശേഖരിച്ച് കോഴിക്കോട്ടെ സര്‍ക്കാര്‍ ലാബിലേക്ക് പരിശോധനയ്ക്കയച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു പരിശോധന. ഭക്ഷ്യസുരക്ഷാ വിഭാഗം ജില്ലാ അസിസ്റ്റന്റ് കെ സുഗുണന്‍, തിരൂര്‍, കൊണ്ടോട്ടി മേഖലകളിലെ ഭക്ഷ്യസുരക്ഷാ വിഭാഗം ഓഫിസര്‍മാരായ അബ്ദുറഷീദ്, കെ സി മുസ്തഫ എന്നിവരാണ് പരിശോധന നടത്തിയത്.
ചെമ്മീന്‍, ആവോലി, അയ്ക്കോറ തുടങ്ങിയ വില കൂടിയ മല്‍സ്യങ്ങളുടെ സാംപിളുകളാണ് ശാസ്ത്രീയ പരിശോധനയ്ക്കായി ശേഖരിച്ചത്. ഇവ വില്‍പ്പനയ്ക്ക് വച്ചവരുടെ വിശദ വിവരങ്ങളും ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മല്‍സ്യങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ ഫോര്‍മാലിന്‍, അമോണിയ പോലുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ പരിശോധനയും നടപടിയും കര്‍ശനമാക്കിയത്.
പരിശോധനാ റിപോര്‍ട്ട് 15 ദിവസത്തിനകം ലഭിക്കുമെന്നും അതിനുശേഷം തുടര്‍ നടപടിയെടുക്കുമെന്നും ഭക്ഷ്യസുരക്ഷാ വിഭാഗം ജില്ലാ അസിസ്റ്റന്റ് ഓഫിസര്‍ കെ സുഗുണന്‍ പറഞ്ഞു.

RELATED STORIES

Share it
Top