തിരൂരില്‍ ഭക്ഷണത്തില്‍ വിഷംകലര്‍ത്തി വീട്ടുജോലിക്കാരി കവര്‍ച്ച നടത്തി

തിരൂര്‍: തിരൂരില്‍ ഒരു കുടുംബത്തെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി മയക്കിയ ശേഷം വീട്ടുജോലിക്കാരി ലക്ഷങ്ങളുടെ കവര്‍ച്ച നടത്തി മുങ്ങി. തൃപ്രങ്ങോട് ആലത്തിയൂര്‍ ആലിങ്ങ ല്‍ എടശ്ശേരി ഖാലിദ് അലിയുടെ വീട്ടിലാണു നാടിനെ ഞെട്ടിച്ച സംഭവം. വീട്ടുജോലിക്കാ രിയായ തമിഴ്‌നാട് സ്വദേശിനി മാരിയമ്മയ്ക്കായി പോലിസ് തിരച്ചില്‍ ആരംഭിച്ചു.
സ്വര്‍ണമടക്കം വിലപിടിപ്പുള്ള സാധനങ്ങളാണു കവര്‍ന്നത്. ദിവസങ്ങള്‍ക്കു മുമ്പു മാത്രം വീട്ടുവേലയ്‌ക്കെത്തിയതായിരുന്നു മാരിയമ്മ. ഇവര്‍ ഭക്ഷണത്തിലും ജ്യൂസിലും വിഷം കലര്‍ത്തിയാണു കവര്‍ച്ച നടത്തിയത്. ഒരു തരം പൊടിയാണു കലര്‍ത്തി നല്‍കിയത്. ഇതിന്റെ അംശങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇത് മാരക വിഷമായ മയക്കുമരുന്നാണെന്നാണു വിവരം. പുല ര്‍ച്ചെ അഞ്ചിന് ഒരു സ്ത്രീ ബാഗുമായി പോവുന്ന സിസി ടിവി ദൃശ്യം ആലുങ്ങല്‍ അങ്ങാടിയിലെ കടയില്‍ നിന്നു ലഭിച്ചിട്ടുണ്ട്. മാരിയമ്മ തനിച്ചാണു കവര്‍ച്ച നടത്തിയതെന്നാണു പ്രാഥമിക നിഗമനം. എന്നാല്‍ സംഭവത്തിനു പിന്നില്‍ വന്‍ സംഘമാണെന്നും മുന്‍കൂട്ടി ആസൂത്രണം ചെയ്ത കവര്‍ച്ചയാണെന്നും സംശയിക്കുന്നതായും പോലിസ് പറഞ്ഞു.
മാരിയമ്മ തന്ന ജ്യൂസ് കഴിച്ചതിനെ തുടര്‍ന്നാണു മയക്കം ഉണ്ടായതെന്നു ബോധം തിരിച്ചുകിട്ടിയ സഫീദ പറഞ്ഞു.
ഇന്നലെ രാവിലെ അയല്‍വീട്ടുകാര്‍ വന്നപ്പോഴാണ് മോഷണവിവരം അറിയുന്നത്. വാതിലുകള്‍ തുറന്നു കിടക്കുന്നതാണു കണ്ടത്. വീട്ടിനകത്തു ഖാലിദ് അലി, ഭാര്യ സൈനബ, കോളജ് വിദ്യാര്‍ഥിനിയായ മകള്‍ സഫീദ, മറ്റൊരു മകളുടെ കുട്ടി എന്നിവരെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. നാട്ടുകാര്‍ ഇവരെ ആദ്യം തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചു. അവിടെ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു മാറ്റുകയായിരുന്നു. കുടുംബമൊത്ത് ഗള്‍ഫിലായിരുന്ന ഖാലിദ് ഈയടുത്താണു നാട്ടില്‍ താമസമാക്കിയത്. ഖാലിദ് അലിയുടെ ഭാര്യ സൈനബ, മകള്‍ സഫീദ എന്നിവരുടെ ദേഹത്തുണ്ടായിരുന്ന ആഭരണങ്ങളെല്ലാം നഷ്ടപ്പെട്ടിട്ടുണ്ട്.
വീട്ടുജോലിക്കാരിയെ എത്തിച്ചുനല്‍കിയ സേലം സ്വദേശി പിടിയിലായി. തിരൂര്‍ പാന്‍ ബസാറില്‍ സേലം സ്വദേശി താമസിച്ചിരുന്ന മുറി പോലിസ് പരിശോധിച്ചു. ഇയാള്‍ക്കു യാതൊരു വിധ തിരിച്ചറിയല്‍ രേഖകളും ഇല്ല. തിരൂര്‍ ഡിവൈഎസ്പി ബിജു ഭാസ്‌കര്‍, എസ്‌ഐ സുമേഷ് സുധാകര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലിസും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. നാലു പേരും ചികില്‍സയിലായതിനാല്‍ ഇവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷമേ നഷ്ടപ്പെട്ട ആഭരണങ്ങളുടെയും മറ്റും കണക്കുകള്‍ അറിയാനാവുകയെന്ന് പോലിസ് പറഞ്ഞു.

RELATED STORIES

Share it
Top