തിരൂരില്‍ എംഎസ്പി ഡിറ്റാച്ച്‌മെന്റ് ക്യാംപ് തുടങ്ങണമെന്ന് പോലിസ് പ്രമേയം

മലപ്പുറം: തിരൂരില്‍ എംഎസ്പിയുടെ ഡിറ്റാച്ച്‌മെന്റ് ക്യാംപ് ആരംഭിക്കണമെന്നു കേരള പോലിസ് അസോസിയേഷന്‍ കഴിഞ്ഞ ദിവസം നടന്ന ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇതിനായി നേരത്തെ തൃശ്ശൂര്‍ ഐജിയുമായി ചര്‍ച്ച നടന്നിട്ടുണ്ട്. നിലവില്‍ 100 പേര്‍ക്ക് താമസിക്കാനുള്ള ബാരക് സംവിധാനം ഇവിടെയുണ്ട്.
ഇത് ഉപയോഗപ്പെടുത്താവുന്നതാണെന്നും പ്രമേയം നിര്‍ദേശിച്ചു. നിലവില്‍ തിരൂരും താനുരും പ്രശ്‌ന ബാധിത പ്രദേശമായതാണ് ഇത്തരമൊരു നിര്‍ദേശം അസോസിയേഷന്‍ ഭാരവാഹികള്‍ മുന്നോട്ടു വെച്ചതെന്നും  ഇതിനുള്ള പ്രപ്പോസല്‍ അയച്ചതായും അസോസിയേഷന്‍ സുചിപ്പിച്ചു.
തീരദേശ മേഖലകളില്‍ ഡ്യുട്ടി ചെയ്യുന്നവര്‍ക്കു മറ്റു സ്‌പെഷ്യല്‍ ഡ്യുട്ടി സ്ഥലങ്ങളിലും സേനാംഗങ്ങള്‍ക്ക് പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാനാവശ്യമായ സൗകര്യം ഒരുക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. ഇത്തരം സംവിധാനങ്ങള്‍ ഈ മേഖലയിലെ സേനാംഗങ്ങള്‍ക്കില്ലാത്തതിനാല്‍ കടുത്ത പ്രയാസമാണു നേരിടുന്നത്.
ജില്ലയില്‍ ഒഴിവുള്ള 23 ഡ്രൈവര്‍ തസ്തികയില്‍ നിയമനം നടത്തണമെന്നും പ്രമേയം ആവശ്യപ്പെട്ടു. സ്റ്റേഷന്‍ മാറി കേസ് അന്വേഷണത്തിനുള്ള രേഖകള്‍ ഓണ്‍ലൈന്‍ ആക്കണമെന്നും ആവശ്യമുന്നയിച്ചു. സ്റ്റേഷന്‍ മാറി അന്വേഷണം നടത്താനുള്ള വാറണ്ട്, പോലിസ് പാസ്‌പോര്‍ട്ട് തുടങ്ങിയവ ഓണ്‍ലൈന്‍ വഴിയാക്കിയാല്‍ ഇപ്പോഴുള്ള നൂലാമാലകള്‍ ഒഴിവാക്കാമെന്നും പറയുന്നു.
വാഹന പരിശോധനയില്‍ ആധുനിക സംവിധാനങ്ങള്‍ ഒരുക്കുക, ഏപ്രില്‍ 1 മുതല്‍ പങ്കാളിത്ത പെന്‍ഷന് പകരം സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ അനുവദിക്കുക, മാവോവാദി ഭീഷണി നേരിടുന്ന സ്റ്റേഷനുകളില്‍ ജോലി ചെയ്യുന്ന മുഴുവന്‍ സേനാംഗങ്ങള്‍ക്കു വെട്ടിക്കുറച്ച അനൂകൂല്യങ്ങള്‍ പുനഃസ്ഥാപിക്കുക, പ്രത്യേക അലവന്‍സ് അനുവദിക്കുക എന്നീ ആവശ്യങ്ങളും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top