തിരൂരില്‍ ഇന്നുമുതല്‍ അനിശ്ചിതകാല ബസ് സമരം

തിരൂര്‍: ജീവനക്കാരനെ അകാരണമായി കസ്റ്റഡിയിലെടുത്തെന്ന് ആരോപിച്ച് ബസ് തൊഴിലാളികള്‍ ഇന്നലെ തിരൂര്‍ താലൂക്കില്‍ നടത്തിയ ബസ് സമരം പൂര്‍ണം.എവിടേയും ബസുകള്‍ ഓടിയില്ല. കാലിയായ ബസ് സ്റ്റാന്റില്‍ സുരക്ഷക്കായുള്ള പോലീസ് വാഹനവും കെഎസ്ആര്‍ടിസി ബസുകളും മാത്രമായിരുന്നു ഉണ്ടായിരുന്ന്. സമരം ജനങ്ങളെ ഏറെ ദുരിതത്തിലാക്കി.
കുറ്റിപ്പുറത്തു നിന്നും തിരൂരിലേക്ക് സര്‍വീസ് നടത്തിയ സ്വകാര്യ ബസ്് രാവിലെ തിരൂര്‍ ബിപി അങ്ങാടിയില്‍ വെച്ച് സമരാനുകൂലികള്‍ എറിഞ്ഞുതകര്‍ത്തു.അധികൃതരുടെ നിലപാടില്‍ പ്രതിഷേധിച്ച് ഇന്നു മുതല്‍ താലൂക്കില്‍ അനിശ്ചിതകാല ബസ് സമരം നടത്തുമെന്ന് സംഘടനാ നേതാക്കള്‍ അറിയിച്ചു. പ്രശ്‌നത്തിന് ഞായറാഴ്ചയും പരിഹാരമായില്ലെങ്കില്‍ സമരം ജില്ലയിലെ മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കാനും സമരസമിതി തീരുമാനിച്ചു.വ്യാഴാഴ്ചയാണ് സമരത്തിനാസ്പദമായ സംഭവം അരങ്ങേറിയത്. ബസിന്റെ വാതില്‍ അടക്കാത്തതിനെ ചൊല്ലി ട്രാഫിക് പോലീസുമായുണ്ടായ തര്‍ക്കം കയേറ്റത്തില്‍ കലാശിച്ചതാണ് പ്രശ്‌നത്തിന് തുടക്കം.
സ്വകാര്യ ബസുകള്‍ വാതിലടക്കാതെ സര്‍വീസ് നടത്തുന്നത് യാത്രക്കാര്‍ ചോദ്യം ചെയ്തതിതിനെ തുടര്‍ന്ന് പോലീസ് ബസ് ജീവനക്കാരനായ ഫിറോസിനെ കസ്റ്റഡിയിലെടുത്തിരുന്നു.
ഇതോടെ തിരൂര്‍ ബസ്സ്റ്റാന്റില്‍ സ്വകാര്യ ബസ്സുകള്‍ കുറുകെയിട്ട് പ്രതിഷേധിച്ച് മിന്നല്‍ പണിമുടക്ക് നടത്തി. തുടര്‍ന്നാണ് സമരം പ്രഖ്യാപിച്ചത്. സമരാനുകൂലികള്‍ ഇന്നലെ തിരൂര്‍ ബസ്സ്റ്റാന്റില്‍ പ്രതിഷേധ പ്രകടനം നടത്തി. ബസ് യാത്രക്കാരെ കയറ്റി സ്റ്റാന്റില്‍ നിന്നും പുറപ്പെടുകയായിരുന്നുവെന്നും വാതില്‍ അടക്കാതെ യാത്ര ചെയ്തിട്ടില്ലെന്നും പോലീസ് അകാരണമായാണ് ജീവനക്കാരനെ കസ്റ്റഡിയിലെടുത്തതെന്നുമാണ് സമരസമിതി നിലപാട്. എന്നാല്‍ നിയമം ലംഘിച്ച് പ്രവര്‍ത്തിച്ചതാണ് ജീവനക്കാരനെതിരെ നടപടിക്ക് കാരണമെന്നാണ് അധികൃതര്‍ പറയുന്നത്.

RELATED STORIES

Share it
Top