തിരൂരങ്ങാടിയില്‍ 23 കോടിയുടെ മൂന്ന് പദ്ധതികള്‍ നാളെ നാടിന് സമര്‍പ്പിക്കും

തിരൂരങ്ങാടി: മണ്ഡലത്തില്‍ പ്രവൃത്തി പൂര്‍ത്തിയായ 23 കോടി രൂപയുടെ മൂന്ന് പദ്ധതികള്‍ നാളെ നാടിന് സമര്‍പ്പിക്കുമെന്ന് പി കെ അബ്ദുറബ്ബ് എംഎല്‍എ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഉച്ചയ്്ക്ക് 2.30 മുതല്‍ നടക്കുന്ന പരിപാടിയില്‍ പദ്ധതിയുടെ ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ നിര്‍വഹിക്കും.
2.30ന് കാളം തിരുത്തിയില്‍ വച്ച് ചീര്‍പ്പിങ്ങല്‍ പാലവും മൂന്നിന് പരപ്പനങ്ങാടിയില്‍ പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസ്, അവുക്കാദര്‍കുട്ടി നഹ മെമ്മോറിയല്‍ കെട്ടിട സമുച്ചയവും ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ പി കെ അബ്ദുറബ്ബ് എംഎല്‍എ അധ്യക്ഷത വഹിക്കും.
ഇ ടി മുഹമ്മദ് ബഷീര്‍ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍ പങ്കെടുക്കും. ആറ് കോടി രൂപ ചെലവിലാണ് ചീര്‍പ്പിങ്ങല്‍ പാലം പണിപൂര്‍ത്തീകരിച്ചത്.
ജലവിഭവ വകുപ്പിന്റെ കൈവശമുണ്ടായിരുന്ന പരപ്പനങ്ങാടിയിലെ 91 സെന്റ് ഭൂമിയില്‍ ആറ് കോടി രൂപ ചെലവില്‍ രണ്ട് നിലകളുള്ള പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസ്, തൊട്ടടുത്ത് തന്നെ 12 കോടി രൂപ ചെലവില്‍ നിര്‍മിച്ച അഞ്ച് നിലകളുള്ള അവുക്കാദര്‍ കുട്ടി നഹ മെമ്മോറിയല്‍ കെട്ടിട സമുച്ചയവുമാണ് നാടിന് സമര്‍പ്പിക്കുന്നത്.
ഇനിയും 25 കോടിയോളം രൂപയുടെ കെട്ടിടങ്ങള്‍ പ്രവൃത്തി പുരോഗമിക്കുകയാണെന്നും അബ്ദുറബ്ബ് പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ തിരൂരങ്ങാടി നഗരസഭ വൈസ് ചെയര്‍മാന്‍ എം അബ്ദുറഹ്മാന്‍ കുട്ടി, പി എസ് എച്ച് തങ്ങള്‍, സി എച്ച് മഹ്മൂദ് ഹാജി എന്നിവരും പങ്കെടുത്തു.

RELATED STORIES

Share it
Top