തിരുവാഭരണ പാതയില്‍ സ്ഥിരം വിശ്രമ സങ്കേതങ്ങള്‍ നിര്‍മിക്കും

പന്തളം: ശബരിമലയിലേക്ക് തിരുവാഭരണം വഹിച്ചുകൊണ്ടു പോകുന്ന പാതകളില്‍ സ്ഥിരം വിശ്രമസങ്കേതങ്ങള്‍ നിര്‍മിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍. തിരുവാഭരണഘോഷയാത്രയുടെ മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ പന്തളം കൊട്ടാരത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആകെ 10 വിശ്രമസങ്കേതങ്ങളാണ് ഓരോ 10 കിലോമീറ്ററിനുള്ളിലും നിര്‍മിക്കുക. ആഹാരത്തിനും വിശ്രമത്തിനുമുള്ള സൗകര്യം, പ്രാഥമികാവശ്യങ്ങള്‍ക്കുള്ള സൗകര്യം എന്നിവയെല്ലാം ഇവിടെ ഒരുക്കും. കെട്ടിടങ്ങളുടെ എസ്റ്റിമേറ്റ് തയാറാക്കാന്‍ ദേവസ്വം ബോര്‍ഡിന്റെയും ഹൈപ്പവര്‍ കമ്മിറ്റിയുടെയും എന്‍ജിനീയറിങ് വിഭാഗത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത ഒരു വര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. സീസണ്‍ കഴിഞ്ഞുള്ള വേളകളില്‍ വിശ്രമസങ്കേതങ്ങളുടെ പരിപാലനം സമീപത്തുള്ള ക്ഷേത്രങ്ങളിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ക്കായിരിക്കും. ഈ വര്‍ഷത്തെ തിരുവാഭരണ ഘോഷയാത്രയുടെ സുഗമമായ നടത്തിപ്പിന് എല്ലാവിധ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. 12ന് ഒരുമണിക്ക് പന്തളത്ത് നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര ആദ്യദിനം ഐരൂര്‍ പുതിയകാവ് ക്ഷേത്രത്തിലെത്തിച്ചേരും. പിറ്റേന്ന് ളാഹയിലായിലെത്തിച്ചേരുന്ന തിരുവാഭരണ ഘോഷയാത്ര 14 ന് വൈകിട്ട് അഞ്ചരയോടെ ശരംകുത്തിയിലെത്തിച്ചേരും. തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഘോഷയാത്രയെ സ്വീകരിച്ച് ആനയിക്കും. തിരുവാഭരണ ഘോഷയാത്രയുടെ ആദ്യാന്തം പന്തളം കൊട്ടാരത്തിലെ പ്രതിനിധികള്‍ക്ക് ആവശ്യമായ പ്രതിനിധ്യം ഉറപ്പു വരുത്തുന്നതിന് ദേവസ്വം ബോര്‍ഡ് പ്രതിജ്ഞാബദ്ധമാണ്. പാതയിലെ കാടുകള്‍ വെട്ടിത്തെളിച്ച് ആവശ്യത്തിന് വെള്ളവും വെളിച്ചവും ഒരുക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. ആവശ്യമുള്ളിടത്ത് അസ്‌കാ ലൈറ്റുകളു ക്രമീകരണവും നടത്തിയിട്ടുണ്ട്.  ഘോഷയാത്രയെ അനുഗമിക്കുന്നവര്‍ക്ക് ഭക്ഷണവും മറ്റും വിതരണം ചെയ്യുമ്പോള്‍ ഗ്രീന്‍പ്രോട്ടോകാള്‍ പാലിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു. അവലോകന യോഗത്തില്‍ ജില്ലാ കലക്ടര്‍  ആര്‍ ഗിരിജ, ബോര്‍ഡ് അംഗം കെ പി ശങ്കരദാസ്, പന്തളം കൊട്ടാരം നിര്‍വഹക സമിതി പ്രസിഡന്റ് പി ജി ശശികുമാര വര്‍മ, സെക്രട്ടറി പി എന്‍ നാരയണ വര്‍മ, രാജപ്രതിനിധി രാജരാജ വര്‍മ, വാര്‍ഡ് കൗണ്‍സിലര്‍ കെ ആര്‍ രവി പങ്കെടുത്തു.

RELATED STORIES

Share it
Top