തിരുവാഭരണം വിട്ടുനല്‍കില്ലെന്നത് വ്യാജ പ്രചാരണം: പന്തളം കൊട്ടാരം

പന്തളം: ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനസ്വാതന്ത്ര്യം അനുവദിച്ച സുപ്രിംകോടതി വിധി പുനപ്പരിശോധിക്കണമെന്ന് പന്തളം കൊട്ടാരം നിര്‍വാഹകസംഘം പ്രസിഡന്റ് ശശികുമാരവര്‍മ. കൊട്ടാരത്തിന്റെയും വിവിധ ഹൈന്ദവ സംഘടനകളുടെയും നേതൃത്വത്തില്‍ നടത്തുന്ന നാമജപയാത്രയെപ്പറ്റിയുള്ള ഔദ്യോഗിക പ്രഖ്യാപനത്തിന് കൊട്ടാരത്തില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഇന്ത്യയിലെ ഹൈന്ദവജനത അവരുടെ ക്ഷേത്രങ്ങളില്‍ ആചാരക്രമങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. അതു നടപ്പാക്കാനുള്ള ബാധ്യത ഹൈന്ദവര്‍ക്കാണ്. നിലവിലെ വിധി ആരെയോ തൃപ്തിപ്പെടുത്താന്‍ വേണ്ടി പുറപ്പെടുവിച്ചതാണ്. അന്യമതക്കാര്‍ക്കുപോലും ഈ വിധിയില്‍ വിഷമമുള്ളതായും അദ്ദേഹം പറഞ്ഞു.
ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാനാണു തീരുമാനമെങ്കില്‍ മകരവിളക്കിന് ചാര്‍ത്താനുള്ള തിരുവാഭരണം പന്തളം കൊട്ടാരത്തില്‍ നിന്നു വിട്ടുനല്‍കില്ലെന്ന തരത്തില്‍ കൊട്ടാരത്തിന്റെ പേരില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാജ വാര്‍ത്ത പ്രചരിക്കുന്നുണ്ട്. ഇതു കൊട്ടാരത്തെ അപകീര്‍ത്തിപ്പെടുത്തുന്നതിനും ഭക്തജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുന്നതിനുമാണെന്നും ശശികുമാരവര്‍മ പറഞ്ഞു.

RELATED STORIES

Share it
Top