തിരുവല്ല താലൂക്കിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു

തിരുവല്ല: ജലപ്രളയം രൂക്ഷമായതോടെ തിരുവല്ല താലൂക്കിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു. പ്രദേശമാകെ വെള്ളത്തിനടിയിലായതോടെ ജനത്തിന് വീടിന് പുറത്ത് ഇറങ്ങാന്‍ കഴിയുന്നില്ല. വീട്ടുസാധനങ്ങള്‍ അത്യാവശ്യത്തിന് വാങ്ങാന്‍ പോലുമാവാതെ പല കുടുംബങ്ങളും വീട്ടിനുള്ളില്‍ കഴിയുകയാണ്. പുറത്തിറങ്ങണമെങ്കില്‍ വള്ളം മാത്രമാണ് ഏക ആശ്രയം. മുന്‍ കാലങ്ങളില്‍ മിക്കവീടുകളിലും വള്ളം ഉണ്ടായിരുന്നെങ്കില്‍ ഇന്ന് അതില്ലാതായി. ജലപ്രളയം ദുരിതത്തിലാക്കിയ പാവപ്പെട്ട തൊഴിലാളി കുടുംബങ്ങളൊക്കെ ദുരിതാശ്വാസ ക്യാംപുകളില്‍ അഭയം തേടിയിട്ടുണ്ടെങ്കിലും സാമ്പത്തികമായി മുന്നിലുള്ളവരും ഈ രണ്ടു വിഭാഗങ്ങള്‍ക്കിടയിലുള്ളവരും ക്യാംപുകളിലേക്ക് പോയിട്ടില്ല. നിരണം, നെടുമ്പ്രം, പെരിങ്ങര എന്നീ പഞ്ചായത്തുകളിലെ ജനങ്ങളാണ് ഏറെ ബുദ്ധിമുട്ടുന്നത്.
ഒരു രോഗിയെ ആശുപത്രിയിലെത്തിക്കാന്‍ അഗ്‌നിശമന സേനയെ ആശ്രയിക്കേണ്ട സ്ഥിതിയാണുള്ളത്. ജലപ്രളയത്തെ തുടര്‍ന്ന് ശവസംസ്‌കാരം ഉള്‍പ്പടെയുള്ള പല ചടങ്ങുകളും മാറ്റിവച്ചു.
ഇന്നലെ മഴയ്ക്ക് ശമനം അനുഭവപ്പെട്ടതും ജലനിരപ്പ് താഴ്ന്നതും ആശ്വാസത്തിന് വകയായിട്ടുണ്ട്. കാറ്റിലും മഴയിലും വൈദ്യുതിബന്ധം തകരാറിലായതോടെ കഴിഞ്ഞ നാലുദിവസമായി പല പ്രദേശങ്ങളും ഇരുട്ടിലാണ്. വൈദ്യുതി വിതരണം പുനസ്ഥാപിക്കാന്‍ ഉദ്യോഗസ്ഥര്‍ അനാസ്ഥ കാട്ടുകയാണെന്നും പരാതിയുമുണ്ട്.

RELATED STORIES

Share it
Top