തിരുവനന്തപുരത്ത് എന്‍ജിന്‍ പാളത്തില്‍ കുടുങ്ങി; ട്രെയിനുകള്‍ മണിക്കൂറുകളോളം വൈകി

തിരുവനന്തപുരം: തിരുവനന്തപുരം റെയില്‍വേ സ്‌റ്റേഷനില്‍ എന്‍ജിന്‍ പാളത്തില്‍ കുടുങ്ങി സിഗ്നല്‍ തകരാറിലായി. ഇതേത്തുടര്‍ന്ന് ട്രെയിനുകള്‍ മണിക്കൂറുകളോളം വൈകി. ഇന്നലെ രാവിലെ 9.45ഓടെയാണ് സംഭവം. ലോക്കോഷെഡില്‍ നിന്ന് എന്‍ജിന്‍ സ്‌റ്റേഷനിലേക്കു കൊണ്ടുവരുന്നതിനിടെ പാളത്തില്‍ കുടുങ്ങുകയായിരുന്നു. ഈ പാളത്തില്‍ സിഗ്നല്‍ തകരാറിലായതോടെ ഓട്ടോമാറ്റിക് സിഗ്നല്‍ സംവിധാനം പൂര്‍ണമായും നിശ്ചലമായി. ഇതോടെ ട്രെയിനുകള്‍ ഔട്ടറിലും മറ്റു സ്‌റ്റേഷനുകളിലും പിടിച്ചിട്ടു. കന്യാകുമാരി ഭാഗത്തുനിന്നു വരുന്ന ട്രെയിനുകള്‍ കൊല്ലം ഭാഗത്തേക്ക് പോകാനാവാതെ തിരുവനന്തപുരം സ്‌റ്റേഷനില്‍ പിടിച്ചിട്ടു. മാന്വല്‍ സിഗ്നല്‍ സംവിധാനം സ്ഥാപിച്ച് ട്രെയിന്‍ ഗതാഗതം പുനസ്ഥാപിക്കാനും ശ്രമമുണ്ടായി. ഇന്റര്‍സിറ്റി എക്‌സ്പ്രസ്, കന്യാകുമാരി എക്‌സ്പ്രസ്, മലബാര്‍ എക്‌സ്പ്രസ്, ബോംബെ എക്‌സ്പ്രസ്, ജയന്തി ജനത, വഞ്ചിനാട് എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ വൈകിയാണ് ഓടിയത്. കേരള-ന്യൂഡല്‍ഹി കേരള സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് ഒന്നര മണിക്കൂര്‍ വൈകിയാണ് പുറപ്പെട്ടത്. രാവിലെ 9.42ന് കൊച്ചുവേളിയിലെത്തിയ വഞ്ചിനാട് എക്‌സ്പ്രസ് 12 മണി വരെ കൊച്ചുവേളി സ്‌റ്റേഷനില്‍ പിടിച്ചിട്ടു. തുടര്‍ന്ന് 12.30ഓടെ മറ്റൊരു പ്ലാറ്റ്‌ഫോമിലേക്ക് ഈ ട്രെയിന്‍ എത്തിക്കുകയായിരുന്നു. ട്രാക്കില്‍ നിന്ന് എന്‍ജിന്‍ മാറ്റിയ ശേഷം മാത്രമേ ട്രെയിന്‍ ഗതാഗതം സാധാരണ നിലയിലാക്കാന്‍ സാധിക്കുകയുള്ളൂവെന്ന് റെയില്‍വേ അറിയിച്ചു. തകരാറിലായ സിഗ്നല്‍ സംവിധാനം ഉച്ചയോടെ ശരിയാക്കി. തിരുവനന്തപുരത്തെ തകരാര്‍ സംസ്ഥാനത്തെ റെയില്‍ ഗതാഗതത്തെ ഒന്നാകെ ബാധിച്ചു.

RELATED STORIES

Share it
Top