തിരുവനന്തപുരം റിങ്‌റോഡ് പദ്ധതി വേഗത്തിലാക്കും

കൊച്ചി: തിരുവനന്തപുരം റിങ്‌റോഡ് പദ്ധതി നടപ്പാക്കല്‍ വേഗത്തിലാക്കാന്‍ എറണാകുളത്ത് നടന്ന ഹൈവേ വികസന യോഗത്തില്‍ തീരുമാനം. റിങ്‌റോഡ് പദ്ധതിയുടെ സ്ഥലമേറ്റെടുക്കലിന് ചെലവ് വരുന്ന തുകയുടെ 50 ശതമാനം സംസ്ഥാന സര്‍ക്കാരും 50 ശതമാനം കേന്ദ്രസര്‍ക്കാരും ആണ് ചെലവഴിക്കുക.
പദ്ധതിയുടെ അലൈന്‍മെന്റ് തിട്ടപ്പെടുത്താനും ഉടന്‍തന്നെ പ്രദേശത്തെ രജിസ്‌ട്രേഷന്‍ നടപടികള്‍ നിര്‍ത്തിവയ്ക്കാനും കേന്ദ്രമന്ത്രി നിര്‍ദേശിച്ചു. കേന്ദ്രസര്‍ക്കാര്‍ ചെലവഴിക്കുന്ന തുകയ്ക്ക് പകരമായി പൊതുവികസനത്തിന് അനുയോജ്യമായ ഭൂമി കണ്ടെത്തുകയാണെങ്കില്‍ എന്‍എച്ച്എഐയ്ക്ക് കൈമാറാനും മന്ത്രി നിര്‍ദേശിച്ചു. കുമ്പളം ടോള്‍ പ്ലാസ മാറ്റി സ്ഥാപിക്കുന്ന കാര്യവും യോഗം ചര്‍ച്ച ചെയ്തു. നിലവിലെ ടോള്‍ പ്ലാസയ്ക്ക് അകലെയല്ലാതെ മറ്റൊരു സാധ്യത കണ്ടെത്തിയിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള പറഞ്ഞു.
സര്‍ക്കാര്‍ ഭൂമിയായ  ഈ ഭാഗത്തേയ്ക്ക് ടോള്‍ബൂത്ത് മാറ്റി സ്ഥാപിക്കുകയാണെങ്കില്‍ ആര്‍ക്കും വീട് നഷ്ടപ്പെടുകയില്ല. സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധികളെക്കൂടി ഉള്‍പ്പെടുത്തി ഈ പ്രദേശത്ത് ടോള്‍ ബൂത്ത് മാറ്റി സ്ഥാപിക്കാനുള്ള സാധ്യത പരിശോധിക്കാന്‍ മന്ത്രി നാഷനല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ പ്രതിനിധികളെ ചുമതലപ്പെടുത്തി.
ജലഗതാഗതം മെച്ചപ്പെടുത്താന്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് ചീഫ് സെക്രട്ടറി യോഗത്തില്‍ പറഞ്ഞു. ജലഗതാഗതപാത വികസിപ്പിക്കാന്‍ കേന്ദ്രസഹായം നല്‍കാമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. പൊതുമരാമത്തു മന്ത്രി ജി സുധാകരന്‍, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി എച്ച് കുര്യന്‍, കോംപീറ്റന്റ് അതോറിറ്റി ലാന്‍ഡ് അക്വിസിഷന്‍ (കാല) സ്‌പെഷ്യല്‍ ഓഫിസര്‍ ബിജു,  ജില്ലാ കലക്ടര്‍മാരായ എസ് കാര്‍ത്തികേയന്‍ (കൊല്ലം), കെ മുഹമ്മദ് വൈ സഫീറുള്ള (എറണാകുളം), എ കൗശികന്‍ (തൃശൂര്‍), അമിത് മീണ (മലപ്പുറം), യു വി ജോസ് (കോഴിക്കോട്), മിര്‍ മുഹമ്മദ് അലി (കണ്ണൂര്‍), പി സുരേഷ് ബാബു (പാലക്കാട്), നാഷനല്‍ ഹൈവേ അതോറിറ്റി ടെക്‌നിക്കല്‍ സിജിഎം അലോക് ദീപാങ്കര്‍, ടെക്‌നികല്‍ മെംബര്‍ ഡി ഒ തവാഡെ, എന്‍എച്ച്എഐ പ്രതിനിധികളായ അശ്വിന്‍ ദ്വിവേദി, വി വി ശാസ്ത്രി, പൊതുമരാമത്ത് വകുപ്പ് ചീഫ് എന്‍ജിനീയര്‍ പി ജി സുരേഷ്, പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാന്‍ പി രവീന്ദ്രന്‍, ഡെപ്യൂട്ടി ചെയര്‍മാന്‍ എ വി രമണ യോഗത്തില്‍ പങ്കെടുത്തു.

RELATED STORIES

Share it
Top