തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഡയാലിസിസ് യൂനിറ്റില്‍ അണുബാധ

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡയാലിസിസ് യൂനിറ്റില്‍ അണുബാധ സാന്നിധ്യം കണ്ടെത്തി. ബര്‍ക്കോള്‍ഡേറിയ ബാക്ടീരിയ ബാധയാണ് ഉണ്ടായത്. ഡയാലിസിസ് യൂനിറ്റില്‍ ആശുപത്രി അധികൃതര്‍ നടത്തുന്ന ദൈനംദിന പരിശോധനയിലാണ് അണുബാധ കണ്ടെത്തിയത്. ഉടന്‍തന്നെ യൂനിറ്റ് അണുവിമുക്തമാക്കി.
പ്രതിദിന പരിശോധനയിലാണ് ഡയാലിസിസ് യൂനിറ്റിലെ അഞ്ചു മെഷീനുകളില്‍ അണുബാധ സ്ഥിരീകരിച്ചതെന്നും ഉടനെ ഡയാലിസിസ് യൂനിറ്റ് അടച്ച് ആര്‍ഒ പ്ലാന്റ് അടക്കം അണുവിമുക്തമാക്കിയതായും ആശുപത്രി അധികൃതര്‍ അറിയിച്ചു. ഡയാലിസിസിന് ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ അണുവിമുക്തമാക്കുന്നതിലുണ്ടായ പിഴവോ വെള്ളം ശുദ്ധമല്ലാത്തതോ ആവാം ബാക്ടീരിയ ബാധയ്ക്ക് കാരണമെന്നു കരുതുന്നു.
വൃക്ക തകരാറിനെ തുടര്‍ന്ന് ശാരീരികമായി അവശരായി കഴിയുന്ന രോഗികള്‍ക്ക് രോഗപ്രതിരോധശേഷിയും നന്നെ കുറവാണ്. ബാക്ടീരിയ ബാധയുണ്ടായാല്‍ ശ്വാസകോശം, കരള്‍ തുടങ്ങിയ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലാവാനും സന്ധികളില്‍ നീര്‍ക്കെട്ടിനും കാരണമാവും. അണുബാധ കണ്ടെത്തിയ സമയത്ത് ഡയാലിസിസിനു വിധേയരായ ആറു രോഗികളുണ്ടായിരുന്നു. എന്നാല്‍, പരിശോധനയില്‍ ഇവര്‍ക്ക് കുഴപ്പമൊന്നുമില്ലെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു.

RELATED STORIES

Share it
Top