തിരുവനന്തപുരം ഉള്‍െപ്പടെ 30 നഗരങ്ങള്‍ കൂടി സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍കെ എ സലിം

ന്യൂഡല്‍ഹി/തിരുവനന്തപുരം: തിരുവനന്തപുരം ഉള്‍െപ്പടെ 30 നഗരങ്ങളെക്കൂടി കേന്ദ്രസര്‍ക്കാരിന്റെ സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ മൂന്നാംഘട്ടത്തില്‍ ഉള്‍പ്പെടുത്തി. 45 നഗരങ്ങളാണ് ഇത്തവണ സ്മാര്‍ട്ട് സിറ്റിക്കായി മല്‍സരിച്ചതെന്നും എന്നാല്‍ 30 നഗരങ്ങള്‍ മാത്രമാണ് അനുവദിക്കാന്‍ സാധിച്ചതെന്നും ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തവെ നഗരവികസനമന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. മൂന്നാംഘട്ടത്തില്‍ തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളുടെ പട്ടികയില്‍ ഒന്നാമതായാണ് തിരുവനന്തപുരം പദ്ധതിയില്‍ ഇടംപിടിച്ചത്. ഛത്തീസ്ഗഡ് തലസ്ഥാനമായ നയാ റായ്പൂരാണ് രണ്ടാംസ്ഥാനത്ത്. 1,538 കോടി രൂപയുടെ സമഗ്ര പാക്കേജാണ് തിരുവനന്തപുരത്തിനായി സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചത്. ഇതില്‍ 500 കോടി കേന്ദ്രസര്‍ക്കാരും 450 കോടി സംസ്ഥാന സര്‍ക്കാരും 50 കോടി നഗരസഭയും നല്‍കും. ബാക്കിവരുന്ന 538 കോടി പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ കണ്ടെത്തണം. നഗരങ്ങളിലെ അടിസ്ഥാന സൗകര്യ വികസനവും റോഡ്-റെയില്‍ ഗതാഗതം മികവുറ്റതാക്കലും പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നു. തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണ സംവിധാനം, മലിനജലം ഒഴുക്കിക്കളയുന്നതിനുള്ള ഭൂഗര്‍ഭ പൈപ്പ്‌ലൈന്‍ സ്ഥാപിക്കല്‍,  മെച്ചപ്പെട്ട യാത്രാസൗകര്യങ്ങള്‍ ഒരുക്കല്‍, പത്മനാഭസ്വാമി ക്ഷേത്രവും പരിസരവും പുനരുദ്ധരിക്കല്‍, വൈഫൈ സൗകര്യങ്ങള്‍ സ്ഥാപിക്കല്‍ എന്നിവയാണ് സ്മാര്‍ട്ട് സിറ്റിയുടെ പ്രധാന പദ്ധതികള്‍. നേരത്തേ കേന്ദ്രസര്‍ക്കാരിന്റെ അമൃത് നഗരം പദ്ധതിയില്‍ തിരുവനന്തപുരം ഇടംപിടിച്ചെങ്കിലും സ്മാര്‍ട്ട് സിറ്റിയായി പരിഗണിക്കണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടിരുന്നില്ല. ആദ്യ രണ്ട് റൗണ്ടുകളില്‍ തിരുവനന്തപുരത്തിന് മല്‍സരിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. കൊച്ചി മാത്രമായിരുന്നു കേരളത്തില്‍ നിന്നു മല്‍സരരംഗത്തുണ്ടായിരുന്ന ഏക നഗരം. തുടര്‍ന്ന്, സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലാണ് തലസ്ഥാന നഗരി എന്ന പരിഗണനയില്‍ തിരുവനന്തപുരത്തെ മൂന്നാംഘട്ട മല്‍സരത്തില്‍ ഉള്‍പ്പെടുത്തിയത്. തമിഴ്‌നാട്ടില്‍ നിന്ന് തിരുപ്പൂര്‍, തിരുനെല്‍വേലി, തൃശ്ശിനാപ്പള്ളി, തൂത്തുക്കുടി നഗരങ്ങളും മൂന്നാംഘട്ടത്തില്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജമ്മുകശ്മീരും പദ്ധതിയില്‍ ഇടംപിടിച്ചു. 57,393 കോടിയുടെ പദ്ധതിയാണ് ഈ 30 നഗരങ്ങളില്‍ നടപ്പാക്കുകയെന്ന് നായിഡു പറഞ്ഞു. ഇതില്‍ 46,879 കോടിയും അടിസ്ഥാന സൗകര്യങ്ങള്‍ക്കായിരിക്കും. 10,514 കോടി ഭരണനിര്‍വഹണത്തിനും സാങ്കേതികവിദ്യാ ആവശ്യങ്ങള്‍ക്കുമായി ചെലവഴിക്കും. ഇതോടെ ആകെ 90 സ്മാര്‍ട്ട് സിറ്റികള്‍ക്കായി അനുവദിക്കപ്പെട്ട തുക 1,91,155 കോടിയായി ഉയര്‍ന്നു. തമിഴ്‌നാട്ടിലെ ഈറോഡ് ഉള്‍െപ്പടെയുള്ള 20 നഗരങ്ങള്‍ ബാക്കിയുള്ള 15 അവസരങ്ങളിലേക്കായി മല്‍സരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ആദ്യഘട്ടത്തില്‍ കേരളത്തി ല്‍ നിന്ന് കൊച്ചിയുള്‍പ്പെടെ 60 നഗരങ്ങളെയാണ് തിരഞ്ഞെടുത്തത്. ബംഗളൂരു ആസ്ഥാനമായ ഐഡക്കും തിരുവനന്തപുരം ഡിഎംസിയും ചേര്‍ന്നാണ് നഗരസഭയ്ക്കുവേണ്ടി പദ്ധതി രൂപരേഖ തയ്യാറാക്കിയതെന്നു മന്ത്രി ഡോ. കെ ടി ജലീല്‍ അറിയിച്ചു.

RELATED STORIES

Share it
Top