തിരുനെട്ടൂര്‍ റെയില്‍വെ സ്‌റ്റേഷന്‍ അടച്ച് പൂട്ടി

മരട്: എറണാകുളം ആലപ്പുഴ തീരദേശ പാതയിലെ റെയില്‍വെ സ്‌റ്റേഷനായ തിരുനെട്ടൂര്‍ സ്‌റ്റേഷന്‍ അധികൃതരുടെ അനാസ്ഥ മൂലം കാടുകയറിയ നിലയിലായി. ടിക്കറ്റ് കൗണ്ടര്‍ കരാര്‍ ഏറ്റെടുക്കുവാന്‍ ആളില്ലായതോടെ സ്‌റ്റേഷന്‍ അടച്ചുപൂട്ടി. ഇവിടെ റെയില്‍വെ ടിക്കറ്റ് കൗണ്ടര്‍ ഉള്‍പ്പെടെ പ്രവര്‍ത്തിപ്പിച്ചിരുന്നത് കരാര്‍ അടിസ്ഥാനത്തില്‍ നല്‍കിയായിരുന്നു. കരാറുകാരന്‍ സാമ്പത്തിക നഷ്ടം കാരണമായി പറഞ്ഞ് നിര്‍ത്തിപ്പോയതിനാല്‍ മൂന്ന് മാസമായി സ്‌റ്റേഷന്‍ അടച്ചിട്ട നിലയിലാണ്. ആദ്യം മൂന്ന് കൊല്ലത്തോളം കൗണ്ടര്‍ പൂട്ടിക്കിടന്ന സമയത്താണ് നെട്ടൂര്‍ സ്വദേശി ജോര്‍ജ് എന്ന വ്യക്തി കരാര്‍ എടുത്ത് ഒന്നര വര്‍ഷത്തോളം നടത്തിക്കൊണ്ടുപോയത്.
പിന്നീട് ഇയാള്‍ ഒഴിഞ്ഞതിനെ തുര്‍ന്ന് പള്ളുരുത്തി സ്വദേശിനി ജെസ്സി ഏറ്റെടുത്തെങ്കിലും ലാഭകരമല്ലാത്തതിനാല്‍ നിര്‍ത്തിപ്പോവുകയായിരുന്നു. ഇപ്പോള്‍ സ്‌റ്റേഷന്‍ പൂട്ടിയതിനാല്‍ ലോക്കല്‍ ട്രെയിനുകള്‍ ഉള്‍പ്പെടെ സ്‌റ്റേഷനില്‍ നിര്‍ത്താത്ത സ്ഥിതിയിലാണ്. എട്ട് പാസഞ്ചര്‍ ട്രെയിനുകള്‍ നിര്‍ത്തിയിരുന്ന തിരുനെട്ടൂര്‍ സ്‌റ്റേഷന്‍ ഇപ്പോള്‍ ആളനക്കമില്ലാതെ കാടുകയറിയ നിലയിലായി. പ്ലാറ്റ്‌ഫോം പുതുക്കിപ്പണിതെങ്കിലും മേല്‍ക്കൂരയില്ലാത്തതിനാല്‍ വെയിലും മഴയുമേല്‍ക്കേണ്ട അവസ്ഥയിലാണ് ഇവിടെ എത്തുന്ന യാത്രക്കാര്‍ക്ക്. രാവിലെ 7 മുതല്‍ പ്രവര്‍ത്തിപ്പിക്കുന്ന ടിക്കറ്റ് കൗണ്ടറില്‍ ഒരു മാസം ആകെ ചെലവാകുന്ന ടിക്കറ്റ് തുകയുടെ പതിനഞ്ച് ശതമാനം കമ്മീഷനാണ് കരാറുകാരന്റെ ആകെ വരുമാനം. ഇത്തരത്തില്‍ ഏകദേശം രണ്ടായിരം രൂപയോളം മാത്രമാണ് ഒരു മാസം രാവിലെ മുതല്‍ വൈകീട്ട് വരെ ടിക്കറ്റ് കൗണ്ടര്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ലഭിക്കുന്നതെന്ന് മുന്‍ കരാറുകാരനായ ജോര്‍ജ് ചൂണ്ടിക്കാട്ടി.
മുനിസിപ്പാലിറ്റി ഒരു താല്‍ക്കാലിക ജീവനക്കാരനെ നിയമിച്ച് ഏറ്റെടുത്ത് നടത്തിയാല്‍ തീരാവുന്ന പ്രശ്‌നമേയുള്ളൂ എങ്കിലും മരട് നഗരസഭയുടെ ഇക്കാര്യത്തിലുള്ള അലംഭാവമാണ് ഒരു സ്‌റ്റേഷന്‍ അടച്ച് പൂട്ടുന്നതിലെത്തിച്ചതെന്ന് പൊതുപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യത്തില്‍ അടിയന്തരമായി എം എല്‍എയുടെ ഇടപെടല്‍ ഉണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

RELATED STORIES

Share it
Top